കോവിഡ് മഹാമാരിക്ക് ശേഷമുള്ള ഏറ്റവും വലിയ പ്രതിദിന നഷ്ടം, ഓഹരി വിപണിയില്‍ അര ട്രില്യണ്‍ റിയാലിന്റെ നഷ്ടം
ജിദ്ദ – അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ലോക രാജ്യങ്ങള്‍ക്കു മേല്‍ ബാധകമാക്കിയ പകരച്ചുങ്കത്തിന്റെ ആഘാതത്തില്‍ ലോക ഷെയര്‍ മാര്‍ക്കറ്റുകൾക്ക് സമാനമായി ഗള്‍ഫ് ഓഹരി വിപണികളും കൂപ്പുകുത്തി. സൗദി സ്റ്റോക്ക് എക്‌സ്‌ചേഞ്ച് സൂചിക ഇന്ന് കൂട്ടായ നഷ്ടത്തോടെ 805 പോയിന്റ് ഇടിഞ്ഞ് 11,077-ലാണ് ക്ലോസ് ചെയ്തത്. ഓഹരി വിപണി 6.8 ശതമാനം ഇടിഞ്ഞു. 2023 നവംബറിന് ശേഷമുള്ള ഏറ്റവും താഴ്ന്ന ക്ലോസിംഗ് ആണിത്. വിപണി മൂല്യത്തില്‍ അര ട്രില്യണിലേറെ റിയാലിന്റെ നഷ്ടമുണ്ടായി. 2008 ന് ശേഷമുള്ള ഏറ്റവും വലിയ പോയിന്റ് നഷ്ടമാണ് സൂചികയില്‍ ഉണ്ടായത്. ഏകദേശം 8.4 ബില്യണ്‍ റിയാലിന്റെ ഓഹരിയിടപാടുകളാണ് ഇന്ന് വിപണിയില്‍ നടന്നത്. പോയിന്റ് അടിസ്ഥാനത്തില്‍ 2008 ന് ശേഷവും ശതമാന കണക്കില്‍ 2020 മാര്‍ച്ചിന് ശേഷവുമുള്ള ഏറ്റവും വലിയ നഷ്ടം.
കഴിഞ്ഞയാഴ്ച അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ച കസ്റ്റംസ് താരിഫുകളോടുള്ള രാജ്യങ്ങളുടെ പ്രതികരണങ്ങളെ തുടര്‍ന്ന് ആഗോള വിപണിയില്‍ എണ്ണവിലയിലും ഷെയര്‍ മാര്‍ക്കറ്റുകളിലും ഉണ്ടായ ഇടിവിനെ തുടര്‍ന്നാണ് സൗദി ഓഹരി വിപണിയും കൂപ്പുകുത്തിയത്. സൗദി അറാംകോ, അല്‍റാജ്ഹി ബാങ്ക്, അല്‍അഹ്ലി ബാങ്ക് എന്നിവയുടെ ഓഹരികള്‍ ഉള്‍പ്പെടെ വ്യാപാരം നടന്ന ഓഹരികളില്‍ അഞ്ചു ശതമാനം മുതല്‍ ഏഴു ശതമാനം വരെ ഇടിവ് രേഖപ്പെടുത്തി.
ബി.എസ്.എഫ്, സൊല്യൂഷന്‍സ്, അഖാരിയ, റെഡ് സീ, സാസ്‌കോ, സിനോമി റീട്ടെയില്‍, എം.ബി.സി ഗ്രൂപ്പ്, റിസോഴ്സസ്, അറേബ്യന്‍ സീ, സൗദി പൈപ്പ്സ് എന്നിവയുള്‍പ്പെടെ നിരവധി ഓഹരികള്‍ ഏറ്റവും വലിയ ഇടിവ് രേഖപ്പെടുത്തി. അക്വാപവര്‍, അല്‍റിയാദ് ബാങ്ക്, മആദിന്‍, അല്‍ഇന്‍മാ ബാങ്ക്, അല്‍അവ്വല്‍ ബാങ്ക്, ഇത്തിഹാദ് ഇത്തിസലാത്ത്, സുലൈമാന്‍ അല്‍ഹബീബ് എന്നിവയുടെ ഓഹരികള്‍ അഞ്ചു ശതമാനം മുതല്‍ ഒമ്പതു ശതമാനം വരെ ഇടിഞ്ഞു.
വിപണി മൂല്യത്തിന്റെ 340 ബില്യണ്‍ റിയാലിലധികം നഷ്ടം നേരിട്ട സൗദി അറാംകോയാണ് നഷ്ടത്തില്‍ മുന്‍പന്തിയില്‍. വ്യാപാരം ആരംഭിച്ച ശേഷം കടുത്ത വില്‍പന സമ്മര്‍ദം അനുഭവിച്ച വിപണിയിലെ ഇടിവിന്റെ ഏറ്റവും വലിയ ഭാഗം അറാംകൊയുടെ വിഹിതമാണ്. ഷെയര്‍ മാര്‍ക്കറ്റില്‍ ലിസ്റ്റ് ചെയ്ത ഒരു കമ്പനിയുടെ ഓഹരികളുടെ മൂല്യം വര്‍ധിച്ചപ്പോള്‍ 252 കമ്പനികളുടെ മൂല്യം കുറഞ്ഞു.
സൗദി പാരലല്‍ സ്റ്റോക്ക് സൂചിക (നുമുവ്) ഇന്ന് 1,992.71 പോയിന്റ് ഇടിഞ്ഞ് 28,648.22 പോയിന്റില്‍ ക്ലോസ് ചെയ്തു. മറ്റു ഗള്‍ഫ് രാജ്യങ്ങളിലെ വിപണികളിലേക്കും ഇടിവ് വ്യാപിച്ചു. കുവൈത്ത് സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന്റെ പ്രീമിയര്‍ സൂചിക 5.7 ശതമാനം ഇടിഞ്ഞു.
ഇത് ഒരു വര്‍ഷത്തിനിടയിലെ ഏറ്റവും മോശം ദൈനംദിന പ്രകടനങ്ങളിലൊന്നായി അടയാളപ്പെടുത്തി. ഖത്തര്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന്റെ പൊതു സൂചികയും 4.25 ശതമാനം ഇടിഞ്ഞു. മസ്‌കത്ത് സ്റ്റോക്ക് എക്‌സ്‌ചേഞ്ച് 2.6 ശതമാനം ഇടിവ് രേഖപ്പെടുത്തി. ബഹ്‌റൈന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് ഒരു ശതമാനം ഇടിഞ്ഞു. വ്യാപാര യുദ്ധത്തിന്റെ അനന്തരഫലങ്ങളെ കുറിച്ചും വരും കാലയളവില്‍ വിപണികള്‍ കടുത്ത അസ്ഥിരതയുടെ തരംഗത്തിലേക്ക് കടക്കുമെന്നുമുള്ള ആശങ്ക കാരണം മേഖലയിലെ സാമ്പത്തിക വൃത്തങ്ങളില്‍ നിലനില്‍ക്കുന്ന ആഴത്തിലുള്ള ഉത്കണ്ഠയാണ് ഈ കൂട്ടായ നഷ്ടങ്ങള്‍ പ്രതിഫലിപ്പിക്കുന്നത്.