ധാക്ക- ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനക്ക് വൻ തിരിച്ചടി നൽകി നയതന്ത്ര പാസ്പോർട്ട് ബംഗ്ലാദേശിലെ ഇടക്കാല സർക്കാർ റദ്ദാക്കി. ബംഗ്ലാദേശിലെ ആഭ്യന്തര കലാപത്തെ തുടർന്ന് ഈ മാസം ആദ്യം പ്രത്യേക സൈനിക ഹെലികോപ്റ്ററിൽ ഇന്ത്യയിലേക്ക് രക്ഷപ്പെട്ട ഹസീനയുടെ പാസ്പോർട്ടാണ് പുതിയ സർക്കാർ റദ്ദാക്കിയത്. ഇതോടെ ഹസീനയുടെ തുടർയാത്രകൾ അനിശ്ചിതത്തിലായി. ബംഗ്ലാദേശിൽ ഹസീനയുടെ ഭരണകാലത്ത് നടന്ന മനുഷ്യാവകാശ ലംഘനങ്ങൾ അന്വേഷിക്കണോ എന്ന് വിലയിരുത്താൻ യുഎൻ സംഘം ധാക്കയിൽ എത്തിയ അതേ ദിവസം തന്നെയാണ് ഹസീനയുടെ നയതന്ത്ര പാസ്പോർട്ടും റദ്ദാക്കിയത്.
ഹസീനയുടെയും മുൻ മന്ത്രിമാരുടെയും പാർലമെന്റ് അംഗങ്ങളുടെയും നയതന്ത്ര പാസ്പോർട്ടുകൾ സർക്കാർ റദ്ദാക്കിയതായി ആഭ്യന്തര മന്ത്രാലയമാണ് അറിയിച്ചത്. ബംഗ്ലാദേശിലെ പുതിയ സർക്കാറിന്റെ നീക്കം ഹസീന അഭയം പ്രാപിച്ച ഇന്ത്യക്കും നയതന്ത്ര പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.
മുൻ പ്രധാനമന്ത്രിയും അവരുടെ ഉപദേശകരും മുൻ കാബിനറ്റ് അംഗങ്ങളും പിരിച്ചുവിട്ട ദേശീയ അസംബ്ലിയിലെ എല്ലാ അംഗങ്ങളും അവർ വഹിച്ച സ്ഥാനങ്ങളുടെ അടിസ്ഥാനത്തിൽ നയതന്ത്ര പാസ്‌പോർട്ടിന് അർഹരായിരുന്നു. നിലവിൽ അവർ ആ സ്ഥാനം വഹിക്കാത്തതിനാൽ നയതന്ത്ര പാസ്പോർട്ട് റദ്ദാക്കുകയാണെന്ന് സർക്കാർ വ്യക്തമാക്കി. ഹസീനക്കും മറ്റുള്ളവർക്കും സാധാരണ പാസ്പോർട്ടിന് അപേക്ഷിക്കാമെന്നും എന്നാൽ സമർപ്പിക്കുന്ന രേഖകൾ ആധികാരികമായിരിക്കണമെന്നും പ്രസ്താവന വ്യക്തമാക്കുന്നു.
മേൽപ്പറഞ്ഞ ആളുകൾ സാധാരണ പാസ്‌പോർട്ടിനായി വീണ്ടും അപേക്ഷിക്കുമ്പോൾ, അവർക്ക് പാസ്പോർട്ട് അനുവദിക്കാൻ രണ്ടു സുരക്ഷ ഏജൻസികൾ ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകണം-മന്ത്രാലയം കൂട്ടിച്ചേർത്തു.