ന്യൂദൽഹി- ബംഗ്ലദേശ് പ്രധാനമന്ത്രി സ്ഥാനത്ത്നിന്ന് രാജിവെച്ച ഷെയ്ഖ് ഹസീന ഇന്ത്യയിൽനിന്ന് ലണ്ടനിലേക്ക് പോകും. ഇന്ന് രാത്രി ഇന്ത്യയിൽ തങ്ങിയ ശേഷമായിരിക്കും ഷെയ്ഖ് ഹസീന ലണ്ടനിലേക്ക് പോകുക. അതേസമയം, ഷെയ്ഖ് ഹസീന രാജ്യം വിട്ടതോടെ മുൻ പ്രധാനമന്ത്രിയും പ്രതിപക്ഷ പാർട്ടിയുടെ നേതാവുമായ ബീഗം ഖാലിദ സിയയെ മോചിപ്പിക്കാൻ പ്രസിഡന്റ്മുഹമ്മദ് ഷിഹാബുദ്ദീൻ ഉത്തരവിട്ടു. ഷഹാബുദ്ദീൻ്റെ നേതൃത്വത്തിലുള്ള യോഗം ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി (ബിഎൻപി) ചെയർപേഴ്‌സൺ ബീഗം ഖാലിദ സിയയെ ഉടൻ മോചിപ്പിക്കാൻ ഏകകണ്ഠമായി തീരുമാനിച്ചതായി പ്രസിഡൻ്റിൻ്റെ പ്രസ് ടീം പ്രസ്താവനയിൽ പറഞ്ഞു.
കരസേനാ മേധാവി ജനറൽ വഖാറുസമാൻ, നാവിക, വ്യോമസേനാ മേധാവികൾ, ബിഎൻപി, ജമാഅത്തെ ഇസ്‌ലാമി തുടങ്ങിയ പ്രതിപക്ഷ പാർട്ടികളുടെ ഉന്നത നേതാക്കളും യോഗത്തിൽ പങ്കെടുത്തു. വിദ്യാർത്ഥി സമരത്തിനിടെ അറസ്റ്റിലായ മുഴുവൻ ആളുകളെയും മോചിപ്പിക്കാനും യോഗം തീരുമാനിച്ചതായി പ്രസ്താവനയിൽ പറയുന്നു.
ഹസീന രാജിവെച്ചതായും സൈന്യം ഒരു താൽക്കാലിക സർക്കാർ രൂപീകരിക്കുമെന്നും നേരത്തെ സൈനിക മേധാവി അറിയിച്ചിരുന്നു. 2018 ൽ അഴിമതിക്ക് 17 വർഷത്തെ തടവിന് ശിക്ഷിക്കപ്പെട്ടതിന് ശേഷം ആരോഗ്യനില മോശമായതിനാൽ ഖാലിദ സിയ ആശുപത്രിയിൽ കഴിഞ്ഞുവരികയാണ്.
അതേസമയം, ലണ്ടനിൽ രാഷ്ട്രീയ അഭയം തേടാനാണ് തീരുമാനമെന്ന് ഹസീനയുമായി അടുത്ത വൃത്തങ്ങൾ സൂചിപ്പിച്ചു. ഇന്ത്യയിൽ തങ്ങുന്നത് ഇന്ത്യയും ബംഗ്ലദേശും തമ്മിലുള്ള ബന്ധത്തിന് വരെ വിഘാതമായേക്കുമെന്ന വാദം ഉയർന്നിരുന്നു. സഹചര്യങ്ങൾ ഇന്ത്യ സസൂക്ഷ്മം നിരീക്ഷിച്ചുവരികയാണ്.
അതേസമയം, ബംഗ്ലാദേശിലേക്കുളള തീവണ്ടി സർവീസുകൾ ഇന്ത്യ നിർത്തിവെച്ചു. ബംഗ്ലാദേശിലേക്ക് പോകരുതെന്ന് ഇന്ത്യൻ പൗരൻമാർക്ക് നിർദ്ദേശമുണ്ട്. ഇൻഡിഗോ, എയർ ഇന്ത്യ വിമാനങ്ങൾ ബംഗ്ലാദേശിലേക്കും തിരിച്ചുമുള്ള സർവീസുകൾ റദ്ദാക്കി.
ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ ഷെയ്ഖ് ഹസീനയുമായി കൂടിക്കാഴ്ച നടത്തി. വിദേശകാര്യമന്ത്രി എസ്. ജയശങ്കറും പ്രധാനമന്ത്രി മോഡിയും തമ്മിൽ വിഷയം ചർച്ച ചെയ്തു. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും എസ്.ജയശങ്കറും ഇക്കാര്യത്തിൽ ചർച്ച നടത്തി. ബംഗ്ലാദശിനെ പ്രകോപ്പിക്കരുതെന്നും സമാധാനം പുലർത്തണമെന്നും ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ആവശ്യപ്പെട്ടു.
എന്താണ് രാഷ്ട്രീയ അഭയം?
തങ്ങളുടെ മാതൃരാജ്യത്ത് പീഡനം ഭയക്കുന്ന ആളുകളെ സംരക്ഷിക്കുന്നതിനുള്ള രാജ്യങ്ങളുടെ സംരക്ഷണമാണ് രാഷ്ട്രീയ അഭയം. യുകെ ഗവൺമെൻ്റ് നിയമം അനുസരിച്ച്, അഭയാർത്ഥിയായി രാജ്യത്ത് തുടരണമെങ്കിൽ വ്യക്തികൾ അഭയത്തിനായി അപേക്ഷിക്കണം. രാജ്യത്തുനിന്ന് പലായനം ചെയ്‌തവരും അപകടസാധ്യത കാരണം തിരികെ പോകാൻ കഴിയാത്തവരുമായവർക്കും അപേക്ഷിക്കാൻ അർഹതയുണ്ട്. അഭയം നൽകിക്കഴിഞ്ഞാൽ, വ്യക്തി സ്വന്തം രാജ്യത്തേക്ക് നാടുകടത്തപ്പെടുന്നതിൽ നിന്ന് സുരക്ഷിതനായിരിക്കും. കഴിഞ്ഞ വർഷം 112,000 രാഷ്ട്രീയ അഭയത്തിനുള്ള അപേക്ഷകളാണ് യു.കെ ഗവൺമെന്റിന് ലഭിച്ചത്.
ഹസീന ഇന്ത്യയിൽ
ബംഗ്ലാദേശിൽനിന്ന് പ്രധാനമന്ത്രി പദം രാജിവെച്ച ഷെയ്ഖ് ഹസീന ദൽഹിയിൽ നിന്ന് 30 കിലോമീറ്റർ അകലെയുള്ള ഹിൻഡൺ എയർഫോഴ്സ് ബേസിലാണ് എത്തിയത്. ഇവിടെ വെച്ച് ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് (എൻഎസ്എ) അജിത് ഡോവലുമായി ഹസീന കൂടിക്കാഴ്ച നടത്തി. ഇന്ത്യൻ വ്യോമാതിർത്തിയിലൂടെ സഞ്ചരിക്കാനുള്ള അനുമതി ഹസീനയുടെ യാത്രാപഥം ഒരുക്കിയ ബംഗ്ലാദേശ് അധികൃതർ നേരത്തെ നേടിയിരുന്നു.
യു.കെ പൗരത്വമുള്ള സഹോദരിക്കൊപ്പമാണ് ഹസീന യു.കെയിലേക്ക് പോകുന്നത്. മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ഖാലിദ സിയയുടെ മകൻ താരിഖ് റഹ്മാൻ ഉൾപ്പെടെയുള്ള രാഷ്ട്രീയ നേതാക്കൾ നിലവിൽ ലണ്ടനിൽ രാഷ്ട്രീയ അഭയം തേടിയിട്ടുണ്ട്. 2018-ൽ ഹസീനയുടെ ഗവൺമെൻ്റ് ഖാലിദ സിയയെ തടവിലാക്കിയ ശേഷം പ്രതിപക്ഷ നേതാവ് സ്ഥാനം സിയയുടെ മകൻ താരീഖ് റഹ്മാനാണ്. താരീഖ് റഹ്മാൻ ലണ്ടനിൽ ഇരുന്നാണ് പാർട്ടിയെ നയിക്കുന്നത്. ഹസീന തുടർച്ചയായി നാലാം തവണയും അധികാരത്തിൽ തിരിച്ചെത്തിയ ജനുവരിയിലെ തിരഞ്ഞെടുപ്പ് ബിഎൻപി ബഹിഷ്‌കരിച്ചിരുന്നു.