ആധുനിക ബംഗ്ലാദേശിന്റെ ഉരുക്കുവനിതയായിരുന്നു ശൈഖ് ഹസീന. ഇന്ന് രാവിലെ പ്രതിഷേധക്കാർ കൊട്ടാരം വളയുന്നത് വരെയും അവർ ഉരുക്കുശക്തിയായി നിലകൊണ്ടു. സ്വന്തം നാട്ടുകാരുടെ രൂക്ഷമായ പ്രക്ഷോഭത്തിനൊടുവിൽ ജീവനും കൊണ്ട് ഇന്ത്യയിലേക്ക് ഓടിപ്പോകേണ്ടി വന്നെങ്കിലും ബംഗ്ലാദേശിനെ കരുത്തുറ്റ സാമ്പത്തിക ശക്തിയാക്കി മാറ്റുന്നതിൽ അവർ ഏറെക്കുറെ വിജയിച്ചിരുന്നു. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ അടുത്ത കൂട്ടുകാരിൽ ഒരാളായാണ് ശൈഖ് ഹസീന അറിയപ്പെടുന്നത്. ഇന്ത്യയുടെ മണ്ണാണ് തനിക്കിപ്പോൾ ഏറ്റവും നന്നായി അഭയം നൽകുന്നതെന്ന തിരിച്ചറിവിലാകണം ധാക്കയിലെ കൊട്ടാരത്തിൽനിന്നുള്ള സൈനിക ഹെലികോപ്റ്റർ ഇന്ത്യയിലേക്ക് പറന്നത്.
അധികാരത്തിലിരുന്ന സമയം രാജ്യത്തെ സാമ്പത്തികമായി മുന്നോട്ടുനയിക്കുന്നതിൽ പ്രാവീണ്യം തെളിയിച്ച ശൈഖ് ഹസീന തന്റെ രാഷ്ട്രീയ എതിരാളികളെ കൂട്ടത്തോടെ അറസ്റ്റ് ചെയ്ത് കടുത്ത ഏകാധിപത്യ പ്രവണത കാണിക്കുകയും ചെയ്തു. സർക്കാർ ജോലികളിൽ സംവരണം ഏർപ്പെടുത്താനുള്ള തീരുമാനം എടുത്തത് യൂണിവേഴ്സിറ്റികളിൽനിന്ന് വിദ്യാർഥികളുടെ കടുത്ത പ്രക്ഷോഭത്തിന് തുടക്കം കുറിച്ചു. ഇതോടെ പതിനഞ്ചു വർഷമായി തുടരുന്ന ശൈഖ് ഹസീനയുടെ ഭരണത്തിന് മരണമണി മുഴങ്ങുകയായിരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ബംഗ്ലാദേശ് സ്വദേശികൾ ഹസീനക്കെതിരെ അവർ ജീവിക്കുന്ന നാട്ടിൽ വരെ തെരുവിലിറങ്ങുന്ന അവസ്ഥയുണ്ടായി.
പ്രതിഷേധക്കാർക്കെതിരെ ധാക്കയിലും ബംഗ്ലാദേശിന്റെ മറ്റു ഭാഗങ്ങളിലും പോലീസും സർക്കാർ അനുകൂല വിദ്യാർത്ഥി സംഘടനകളും കനത്ത ആക്രമണമാണ് കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയത്. രാജ്യാന്തര തലത്തിൽ ഇതിനെതിരെ ശക്തമായ പ്രതിഷേധം അരങ്ങേറി. 76-കാരിയായ ശൈഖ് ഹസീന കഴിഞ്ഞ ജനുവരിയിലാണ് അഞ്ചാമതും പ്രധാനമന്ത്രിയായി വിജയിച്ചത്. സ്വതന്ത്രവും നീതിയുക്തവുമല്ലെന്ന് ആരോപിച്ച് പ്രതിപക്ഷം വോട്ടെടുപ്പ് ബഹിഷ്‌കരിച്ചിരുന്നു. തീവ്രവാദികൾ എന്നായിരുന്നു തെരഞ്ഞെടുപ്പ് ബഹിഷ്കരിച്ച പ്രതിപക്ഷത്തെ ഹസീന കുറ്റപ്പെടുത്തിയത്. പ്രതിപക്ഷ പ്രവർത്തകരുടെ കൊലപാതകം ഉൾപ്പെടെയുള്ള അവകാശ ലംഘനങ്ങളുടെ പരമ്പരക്ക് ഹസീന നേതൃത്വം നൽകി എന്നാണ് വിമർശകർ ആരോപിക്കുന്നത്.
ബംഗ്ലാദേശിനെ സ്വാതന്ത്ര്യത്തിലേക്ക് നയിച്ച വിപ്ലവകാരിയുടെ മകൾ കൂടിയായ ഹസീന പിൻക്കാലത്ത് ഏകാധിപതിയായി മാറിയത് ഏവരെയും ഞെട്ടിച്ചു. അതേസമയം, രാജ്യത്തെ സാമ്പത്തികമായി മുന്നോട്ടു നയിക്കുന്നതിൽ അവർ സുപ്രധാന പങ്കുവഹിക്കുകയും ചെയ്തു. യുഎസ് രാഷ്ട്രതന്ത്രജ്ഞൻ ഹെൻറി കിസിംഗർ ഒരിക്കൽ ബംഗ്ലാദേശിലെ വീണ്ടെടുക്കാനാകാത്ത “ബാസ്കറ്റ് കേസ്” എന്ന് എഴുതിത്തള്ളിയിരുന്നു. ആ ബംഗ്ലാദേശിനെയാണ് ഹസീന ഉയർത്തിക്കൊണ്ടുവന്നത്.
1975 ലെ പട്ടാള അട്ടിമറിയിലാണ് ഹസീനയുടെ പിതാവും പ്രധാനമന്ത്രിയുമായ ഷെയ്ഖ് മുജീബുർ റഹ്മാനും അമ്മയും മൂന്ന് സഹോദരന്മാരും കൊല്ലപ്പെടുന്നത്. ഈ സമയത്ത് ഹസീനക്ക് 27 വയസ്സായിരുന്നു. ആറു വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് തൻ്റെ പിതാവിൻ്റെ അവാമി ലീഗ് പാർട്ടിയുടെ കടിഞ്ഞാൺ ഏറ്റെടുക്കുന്നതിനായി ഹസീന ബംഗ്ലാദേശിേലേക്ക് തിരിച്ചെത്തി.
ഒരു പതിറ്റാണ്ട് നീണ്ട പോരാട്ടത്തിനാണ് തിരിച്ചെത്തിയ ഹസീന തുടക്കമിട്ടത്. ഈ പോരാട്ടം ഹസീനയെ നീണ്ട കാലം വീട്ടുതടങ്കലിലാക്കി. 1990-ൽ സൈനിക സ്വേച്ഛാധിപതി ഹുസൈൻ മുഹമ്മദ് ഇർഷാദിനെ പുറത്താക്കാൻ ഖാലിദ സിയയുടെ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടിയുമായി (ബിഎൻപി) ഹസീന സഖ്യം ചേർന്നു. എന്നാൽ താമസിയാതെ സഖ്യം പിരിഞ്ഞു. 1996ൽ ഹസീന ആദ്യമായി പ്രധാനമന്ത്രിപദം വഹിച്ചെങ്കിലും അഞ്ച് വർഷത്തിന് ശേഷം സിയയോട് പരാജയപ്പെട്ടു. 2008-ൽ ശൈഖ് ഹസീന വൻ ഭൂരിപക്ഷത്തിൽ അധികാരത്തിലെത്തി. ഒരുകാലത്ത് തനിക്കൊപ്പം നിന്ന ഖാലിദ സിയയെ തടവിലാക്കാൻ ഹസീനക്ക് മടിയുണ്ടായില്ല. ആരോഗ്യനില മോശമായ ഖാലിദ സിയയെ അഴിമതി കേസിൽ 17 വർഷത്തെ തടവിന് ശിക്ഷിച്ചു. 2018-ലാണ് ഖാലിദ സിയക്ക് തടവുവിധിച്ചത്. ഖാലിദ സിയയുടെ പാർട്ടിയുടെ നിരവധി നേതാക്കളും ഇപ്പോൾ വിവിധ കേസുകളിൽ ജയിലിലാണ്.
1971 ൽ പാകിസ്ഥാനിൽ നിന്ന് സ്വാതന്ത്ര്യം നേടിയപ്പോൾ ലോകത്തിലെ ഏറ്റവും ദരിദ്ര രാജ്യങ്ങളിലൊന്നായിരുന്നു ബംഗ്ലാദേശ്. 2009 മുതൽ രാജ്യം ഓരോ വർഷവും ശരാശരി ആറ് ശതമാനത്തിലധികം വളർച്ച കൈവരിച്ചു. ഇത് ശൈഖ് ഹസീനയുടെ മികവായാണ് വിലയിരുത്തുന്നത്. രാജ്യത്തെ 170 ദശലക്ഷം ജനങ്ങളിൽ 95 ശതമാനത്തിലധികം ആളുകൾക്കും ഇപ്പോൾ വൈദ്യുതി ലഭ്യതയുണ്ട്. പ്രതിശീർഷ വരുമാനം 2021 ൽ ഇന്ത്യയെ മറികടക്കുകയും ചെയ്തു. അയൽരാജ്യമായ മ്യാൻമറിൽ 2017-ലെ സൈനിക അടിച്ചമർത്തലിൽ പലായനം ചെയ്ത ലക്ഷക്കണക്കിന് റോഹിങ്ക്യൻ അഭയാർത്ഥികൾക്ക് ബംഗ്ലാദേശിൻ്റെ വാതിലുകൾ തുറന്ന് നൽകിയതിന് അന്താരാഷ്ട്ര അംഗീകാരവും ഹസീനയ്ക്ക് ലഭിച്ചു. 2016-ൽ പാശ്ചാത്യ പ്രവാസികൾക്കിടയിൽ പ്രചാരമുള്ള ധാക്ക കഫേയിൽ അഞ്ച് സ്വദേശീയ തീവ്രവാദികൾ അതിക്രമിച്ച് കയറി 22 പേരെ കൊലപ്പെടുത്തിയതിന് ശേഷം തീവ്രവാദികൾക്കെതിരെ നടത്തിയ അടിച്ചമർത്തലിന് അവർ പ്രശംസിക്കപ്പെട്ടു.
എന്നാൽ വിയോജിപ്പുകളോടുള്ള ശൈഖ് ഹസീനയുടെ അസഹിഷ്ണുത സ്വന്തം നാട്ടിലും ലോക രാജ്യങ്ങളിലും ആശങ്കക്ക് കാരണമായി. രാജ്യത്തെ ക്രൂരമായ 1971-ലെ വിമോചനയുദ്ധത്തിൽ മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങൾക്ക് ശിക്ഷിക്കപ്പെട്ട അഞ്ച് ഉന്നത ഇസ്ലാമിക നേതാക്കളെയും ഒരു മുതിർന്ന പ്രതിപക്ഷ നേതാവിനെയും കഴിഞ്ഞ വർഷം വധശിക്ഷക്ക് വിധേയമാക്കി.
ആ പോരാട്ടത്തിൻ്റെ മുറിവുണക്കുന്നതിനുപകരം കൂടുതൽ അസ്വസ്ഥതയുണ്ടാക്കുകയായിരുന്നു അവർ ചെയ്തത്. വിയോജിപ്പുകളെ നിശ്ശബ്ദരാക്കാനുള്ള രാഷ്ട്രീയ പ്രേരിത വ്യായാമമാണിതെന്ന് പറഞ്ഞ് പ്രതിപക്ഷം രംഗത്തെത്തി.
വ്യാപകമായ മനുഷ്യാവകാശ ലംഘനങ്ങൾ ആരോപിച്ച് 2021-ൽ ബംഗ്ലാദേശിൻ്റെ സുരക്ഷാ സേനയുടെ ഒരു വിഭാഗത്തിനും ഏഴ് ഉന്നത ഉദ്യോഗസ്ഥർക്കും അമേരിക്ക ഉപരോധം ഏർപ്പെടുത്തി. എന്നാൽ പ്രതിഷേധങ്ങളെ അടിച്ചമർത്തുന്നത്, തൻ്റെ രാജ്യത്തിന് വേണ്ടിയാണെന്നായിരുന്നു ഹസീനയുടെ വാദം.
അതേസമയം, ലോക ചരിത്രത്തിലെ എല്ലാ കാലത്തേതുമെന്ന പോലെ ഏകാധിപത്യം ഒടുവിൽ ജനകീയ പോരാട്ടങ്ങൾക്ക് മുന്നിൽ അടർന്നുവീഴുന്ന കാഴ്ച്ചക്കാണ് ധാക്കയും സാക്ഷ്യം വഹിക്കുന്നത്. ജനകീയ പ്രക്ഷോഭങ്ങൾക്കൊടുവിൽ പ്രധാനമന്ത്രിക്ക് തന്നെ കയ്യിൽ കിട്ടിയതുമായി രാജ്യം വിട്ടോടേണ്ടി വന്നു.