ജിദ്ദ – ഹാനികരമായ ചിക്കന്‍ സ്റ്റോക്കിനെതിരെ (ചിക്കന്‍ ക്യൂബ്) സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി മുന്നറിയിപ്പ് നല്‍കി. മറഗറ്റി ട്രേഡ്മാര്‍ക്കില്‍ ഈജിപ്തില്‍ നിര്‍മിച്ച്, 480 ഗ്രാം തൂക്കമുള്ള പേക്കറ്റുകളാക്കി, 2026 നവംബര്‍ ഒന്നു വരെ കാലാവധിയുള്ള, പ്രാദേശിക വിപണിയില്‍ വിതരണം ചെയ്യുന്ന ചിക്കന്‍ സ്റ്റോക്കിനെതിരെയാണ് മുന്നറിയിപ്പ്.
ഭക്ഷ്യവസ്തുക്കളില്‍ ഉപയോഗിക്കുന്നതിന് വിലക്കുള്ള കൃത്രിമ നിറങ്ങളായ സുഡാന്‍-4, സുഡാന്‍-1, ഡിമെത്തി-1 യെല്ലോ എന്നീ കളറുകള്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്. ഈ നിരോധിത കളറുകള്‍ ഉപയോക്താക്കളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിച്ചേക്കും.
തങ്ങളുടെ പക്കലുള്ള ഈ ഉല്‍പന്നം ഉടനടി ഒഴിവാക്കണമെന്നും ഇത് ഉപയോഗിക്കരുതെന്നും സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി ഉപയോക്താക്കളോട് ആവശ്യപ്പെട്ടു. ഹാനികരമായ ഉല്‍പന്നം പ്രാദേശിക വിപണിയില്‍ നിന്ന് പിന്‍വലിക്കാന്‍ ആവശ്യമായ മുഴുവന്‍ നടപടികളും സ്വീകരിച്ചിട്ടുണ്ട്. ഉല്‍പന്നം ഇറക്കുമതി ചെയ്ത കമ്പനിക്കെതിരെ നിയമാനുസൃത നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. സൗദിയില്‍ ഭക്ഷ്യനിയമം ലംഘിക്കുന്നവര്‍ക്ക് പത്തു വര്‍ഷം വരെ തടവും ഒരു കോടി റിയാല്‍ വരെ പിഴയും ശിക്ഷ ലഭിക്കുമെന്ന് സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി പറഞ്ഞു.