ന്യൂഡൽഹി: പശ്ചിമ ബംഗാൾ ഗവർണറും മലയാളിയുമായ ഡോ. സി.വി ആനന്ദബോസിനെതിരെ ലൈംഗികാരോപണം ഉന്നയിച്ച രാജ്ഭവൻ കരാർ ജീവനക്കാരി പരാതിയുമായി സുപ്രീം കോടതിയിൽ. കേസ് അന്വേഷിക്കാൻ പോലീസിന് നിർദേശം നൽകണമെന്നാവശ്യപ്പെട്ടാണ് ഇവർ സുപ്രീം കോടതിയെ സമീപിച്ചത്.
ഭരണഘടനയിലെ ആർട്ടിക്കിൾ 361 പ്രകാരം ഗവർണർക്ക് നൽകിയിട്ടുള്ള പ്രതിരോധം തനിക്ക് നീതി നിഷേധിക്കാൻ ഇടയാക്കുന്നതായി പരാതിക്കാരി കുറ്റപ്പെടുത്തി. ഭരണഘടനയുടെ 361-ാം അനുച്ഛേദമനുസരിച്ച് ഗവർണറുടെ ഭരണകാലത്ത് കോടതിയിൽ ക്രിമിനൽ നടപടികൾ സ്വീകരിക്കാൻ സാധിക്കില്ല.
ഗവർണർക്ക് നൽകിയിരിക്കുന്ന പ്രത്യേക പ്രതിരോധശേഷി വിനിയോഗിക്കാൻ കഴിയുന്ന പരിധിയും മാർഗനിർദ്ദേശങ്ങളും യോഗ്യതകളും രൂപപ്പെടുത്തണമെന്ന് ഹർജിക്കാരി സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടു. കൂടാതെ, തനിക്ക് സുരക്ഷ നൽകുന്നതിന് ഡയറക്ടർ ജനറൽ ഓഫ് പോലീസ് മുഖേന സംസ്ഥാനത്തിന് നിർദേശം നൽകണമെന്നും അവർ ആവശ്യപ്പെട്ടു.
വ്യക്തിവിവരങ്ങൾ പുറത്തുവിട്ട ഗവർണറെ കുറ്റപ്പെടുത്തിയ പരാതിക്കാരി, ഇതുമൂലം തനിക്കും കുടുംബത്തിനും സൽപ്പേരിനും അന്തസ്സിനും കളങ്കമുണ്ടായെന്നും തനിക്കുണ്ടായ മാനനഷ്ടത്തിൽ നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ടു. ആരോപണത്തെ അടിസ്ഥാനരഹിതമെന്ന് വിശേഷിപ്പിച്ച ഗവർണർ, അഴിമതി തുറന്നുകാട്ടാനും അക്രമം തടയാനുമുള്ള തന്റെ ശ്രമങ്ങളെ തകർക്കാനുള്ള ശ്രമമാണ് ലൈംഗികാരോപണത്തിന് പിന്നിലെന്ന് പ്രതികരിച്ചു.
ഈ വർഷം മെയിലാണ് ഗവർണർ പീഡിപ്പിച്ചുവെന്ന് കാട്ടി രാജ്ഭവൻ ജീവനക്കാരി കൊൽക്കത്ത പോലീസിൽ രേഖാമൂലം പരാതി നൽകിയത്. ജോലിസമയത്തത്ത് ഏപ്രിൽ 24നും മെയ് രണ്ടിനും ലൈംഗികമായി പീഡിപ്പിക്കാനായി മികച്ച ജോലി വാഗ്ദാനം ചെയ്തതായും പരാതിയിൽ ആരോപിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group