ടെക്സസ്– ടെക്സസിനടുത്ത് സ്പ്രിംഗിൽ ഏഴ് വയസ്സുകാരനെ വാഷിംഗ് മെഷീനിൽ മരിച്ച നിലയിൽ കണ്ടെത്തി. കേസിൽ വളർത്തച്ഛന് 50 വർഷം തടവ് വിധിച്ചു.
45-കാരനായ ജെർമെയ്ൻ തോമസിനാണ് ഹാരിസ് കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോർണി ഓഫീസ് ശിക്ഷ വിധിച്ചത്.
2022-ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. അർദ്ധരാത്രിയോടെ ജെർമെയ്ൻ തന്നെയാണ് തന്റെ വളർത്തുമകനായ ട്രോയ് കോഹ്‌ലറിനെ കാണാനില്ലെന്ന് പോലീസിനെ അറിയിച്ചത്.
വീട്ടിൽ തിരിച്ചെത്തിയപ്പോൾ മുൻവാതിൽ തുറന്നു കിടക്കുകയായിരുന്നെന്നും ട്രോയിയെ കാണാനില്ലെന്നും ജെർമെയ്ൻ പോലീസിനോട് പറഞ്ഞു. തുടർന്ന് നടത്തിയ പരിശോധനയിൽ ഗാരേജിലെ വാഷിംഗ് മെഷീനിൽ നിന്ന് ട്രോയിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ട്രോയിയുടെ ശരീരത്തിൽ നിരവധി പരിക്കുകളുണ്ടായിരുന്നതായി കണ്ടെത്തി. തുടർന്ന് കുട്ടിയെ കൊലപ്പെടുത്തിയതാണെന്ന് ഫോറൻസിക് സ്ഥിരീകരിച്ചു.
മരിക്കുന്നതിന് മുൻപ് വളർത്തമ്മയായ ടിഫാനി തോമസിന്റെ കുക്കീസ് കഴിച്ചതിന് ഓവനിൽ കയറ്റുമെന്ന് കുട്ടിയെ ഇയാൾ ഭീഷണിപ്പെടുത്തിയിരുന്നു. കൂടാതെ, തന്റെ ഡോനട്ട് കഴിച്ചതിനും ജെർമെയ്ൻ അസ്വസ്ഥനായിരുന്നെന്ന് മെസ്സേജുകളിൽ നിന്ന് വ്യക്തമായതായി പ്രോസിക്യൂട്ടർമാർ അറിയിച്ചു. ട്രോയിയുടെ മരണത്തിൽ വളർത്തമ്മയായ ടിഫാനി തോമസിനും പങ്കുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ടിഫാനിയുടെ ശിക്ഷ സെപ്റ്റംബർ 10-ന് വിധിക്കും.