തിരുവനന്തപുരം- സംഘ് പരിവാർ കേന്ദ്രങ്ങളിൽനിന്ന് വ്യാപകമായ എതിർപ്പ് ഉയർന്നതിനെ തുടർന്ന് എമ്പുരാൻ സിനിമ എഡിറ്റ് ചെയ്തു. സിനിമയിൽനിന്ന് 24 ഭാഗങ്ങളാണ് എഡിറ്റ് ചെയ്തതെന്ന് ഇതുമായി ബന്ധപ്പെട്ട സെൻസർ രേഖ വ്യക്തമാക്കുന്നു. നേരത്തെ പതിനേഴ് ഭാഗങ്ങളാണ് നീക്കുമെന്ന് അറിയിച്ചിരുന്നത്.
പ്രധാന വില്ലൻ കഥാപാത്രത്തിൻ്റെ പേര് ബൽരാജ് ബജ്‌രംഗി എന്നത് “ബൽദേവ്’ എന്നാക്കി മാറ്റി. നന്ദി കാർഡിൽ നിന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പേര് ഒഴിവാക്കി. മതചിഹ്‌നങ്ങളുടെ പശ്ച്‌ചാത്തലത്തിൽ വാഹനം കടന്നു പോകുന്ന സീൻ ഒഴിവാക്കുകയും എൻ.ഐ.എയെ കുറിച്ചുള്ള പരാമർശം മ്യൂട്ട് ചെയ്തു. പ്രധാന വില്ലൻ കഥാപാത്രവും വില്ലൻ കഥാപാത്രവുമായുള്ള സംഭാഷണത്തിലും എഡിറ്റിംഗ് വരുത്തിയിട്ടുണ്ട്.
സ്ത്രീകൾക്ക് എതിരായ അക്രമ സീനുകളും ഒഴിവാക്കി. ഏകദേശം മൂന്നു മിനിറ്റ് നേരമാണ് പുതിയ പതിപ്പിൽനിന്ന് ഒഴിവാക്കിയത്. സിനിമയിൽ തനിക്ക് നന്ദി കാർഡ് വെക്കേണ്ടതില്ലെന്ന് സുരേഷ് ഗോപി അറിയിച്ചിരുന്നു. ഇതാണ് അദ്ദേഹത്തിന്റെ പേര് ഒഴിവാക്കാൻ കാരണം.