മക്ക- സമസ്ത ഇസ്ലാമിക് സെന്റർ (എസ്.ഐ.സി) നേതാവും വിഖായ ചെയർമാനും എസ്.ഐ.സി മക്ക സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റും ജർവൽ ഏരിയ കെ.എം.സി.സി വൈസ് പ്രസിഡന്റുമായ സയ്യിദ് ഷംസുദ്ദീൻ എന്ന മാനു തങ്ങൾ (36) അന്തരിച്ചു. മലപ്പുറം ജില്ലയിലെ അരീക്കോട് സ്വദേശിയാണ്. മക്കയിൽ പ്രവാസിയായ മാനു തങ്ങൾ ദൽഹിയിലേക്കുള്ള യാത്രയിൽ പനി ബാധിച്ച് ചികിത്സയിലായിരുന്നു.
രോഗം മൂർച്ഛിച്ചതോടെ കോഴിക്കോട് ഇഖ്റഅ് ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ ചികിത്സയിലിരിക്കെയാണ് മരിച്ചത്. സൗദിയിലെ എസ്.ഐ.സിയുടെയും സന്നദ്ധ സംഘമായ വിഖായയുടെയും സജീവ പ്രവർത്തകനുമായിരുന്നു. മക്കയിൽ ബിസിനസ് ചെയ്തുവരികയായിരുന്നു. മയ്യിത്ത് ഇന്ന് വൈകിട്ട് മൂന്നരക്ക് അരീക്കോട് മുണ്ടമ്പ്ര വലിയ ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ നടക്കും. മുഫ് ലിഹയാണ് ഭാര്യ. മക്കൾ- നഫീസ നദ, ഹാശിം.
ഹജ് വേളയിൽ വിഖായ സന്നദ്ധ സേവന സംഘത്തെ മുന്നിൽനിന്ന് നയിച്ചത് മാനു തങ്ങളായിരുന്നു. ഹജിനെത്തുന്ന നിരവധി പേർക്ക് വിഖായ സേവനങ്ങൾ ഇടതടവില്ലാതെ ലഭ്യമാക്കുന്നതിൽ അദ്ദേഹം മുന്നിൽനിന്ന് പ്രവർത്തിച്ചു.
മാനുതങ്ങളുടെ വിയോഗത്തിൽ എസ്.ഐ.സി അനുശോചനം രേഖപ്പെടുത്തി. മാനു തങ്ങൾക്ക് വേണ്ടി പ്രത്യേകം മയ്യിത്ത് നമസ്കരിക്കാൻ എസ്.ഐ.സി പ്രസിഡന്റ് ഉബൈദുല്ല തങ്ങൾ ഐദറൂസി, ചെയർമാൻ സെയ്ത് ഹാജി മുന്നിയൂർ, ജനറൽ സെക്രട്ടറി മുഹമ്മദ് റാഫി ഹുദവി ട്രഷറർ ഇബ്രാഹീം എന്നിവർ അഭ്യർത്ഥിച്ചു.