ജിദ്ദ – ഓപ്പറേഷന്‍സ്, മെയിന്റനന്‍സ് മേഖലാ സൗദിവല്‍ക്കരണവുമായി ബന്ധപ്പെട്ട കരാര്‍ ഡോക്യുമെന്റേഷന്‍ സേവനത്തിന്റെ മൂന്നാം ഘട്ടത്തിന് തുടക്കമായതായി മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. മാനവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിനു കീഴിലെ ഖിവാ പ്ലാറ്റ്‌ഫോം വഴിയാണ് കരാര്‍ ഡോക്യുമെന്റേഷന്‍ നടപ്പാക്കുന്നത്.
സര്‍ക്കാര്‍ വകുപ്പുകളുമായോ സര്‍ക്കാറിന് 51 ശതമാനത്തില്‍ കുറയാത്ത ഓഹരി പങ്കാളിത്തമുള്ള കമ്പനികളുമായോ ഓപ്പറേഷന്‍സ്, മെയിന്റനന്‍സ്, നഗരശുചീകരണം, റോഡ് മെയിന്റനന്‍സ്, കാറ്ററിംഗ്, ഐ.ടി ഓപ്പറേഷന്‍സ്-മെയിന്റനന്‍സ് കരാറുകള്‍ ഒപ്പുവെച്ച മുഴുവന്‍ കമ്പനികള്‍ക്കും കരാര്‍ ഡോക്യുമെന്റേഷന്‍ ബാധകമാണ്. ഇത്തരം കരാറുകളുമായി ബന്ധപ്പെട്ട മുഴുവന്‍ വിവരങ്ങളും ഖിവാ പ്ലാറ്റ്‌ഫോം വഴി കമ്പനികള്‍ സമര്‍പ്പിക്കല്‍ നിര്‍ബന്ധമാണ്.
സര്‍ക്കാര്‍ വകുപ്പുകളിലെയും പൊതുമേഖലാ സ്ഥാപനങ്ങളിലെയും ഓപ്പറേഷന്‍സ്, മെയിന്റനന്‍സ് കരാറുകളില്‍ നിശ്ചിത അനുപാതം സൗദിവല്‍ക്കരണം പാലിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്താനും തൊഴില്‍ വിപണിയില്‍ സ്വദേശികള്‍ക്കുള്ള അവസരങ്ങള്‍ വര്‍ധിപ്പിക്കാനുമുള്ള മന്ത്രാലയ ശ്രമങ്ങള്‍ക്ക് പിന്തുണ നല്‍കാനുമാണ് ഈ തീരുമാനത്തിലൂടെ ലക്ഷ്യമിടുന്നത്.
സര്‍ക്കാര്‍ വകുപ്പുകളിലെയും പൊതുമേഖലാ സ്ഥാപനങ്ങളിലെയും ഓപ്പറേഷന്‍സ്, മെയിന്റനന്‍സ് മേഖലാ സൗദിവല്‍ക്കരണവുമായി ബന്ധപ്പെട്ട കരാര്‍ ഡോക്യുമെന്റേഷന്‍ നടപ്പാക്കാനുള്ള തീരുമാനം 2023 ജൂലൈയില്‍ ആണ് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം പ്രഖ്യാപിച്ചത്. പദ്ധതിയുടെ ആദ്യ ഘട്ടം കഴിഞ്ഞ വര്‍ഷം ഡിസംബര്‍ ഒന്നു മുതല്‍ നടപ്പാക്കി തുടങ്ങി.
മൂവായിരവും അതില്‍ കൂടുതലും ജീവനക്കാരുള്ള വന്‍കിട കമ്പനികള്‍ക്കാണ് ആദ്യ ഘട്ടത്തില്‍ പദ്ധതി നിര്‍ബന്ധമാക്കിയത്. കഴിഞ്ഞ ജൂണ്‍ ഒന്നു മുതല്‍ നിലവില്‍വന്ന രണ്ടാം ഘട്ടത്തില്‍ 500 മുതല്‍ 2,999 വരെ ജീവനക്കാരുള്ള വലിയ കമ്പനികള്‍ക്ക് പദ്ധതി നിര്‍ബന്ധമാക്കി. തൊഴില്‍ വിപണി പരിഷ്‌കരിക്കാനും തൊഴില്‍ വിപണിയുടെ കാര്യക്ഷമത ഉയര്‍ത്താനും ലക്ഷ്യമിട്ട് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം നടപ്പാക്കുന്ന ഒരുകൂട്ടം തീരുമാനങ്ങളുടെ ഭാഗമായാണ് ഓപ്പറേഷന്‍സ്, മെയിന്റനന്‍സ് മേഖലാ സൗദിവല്‍ക്കരണവുമായി ബന്ധപ്പെട്ട കരാര്‍ ഡോക്യുമെന്റേഷന്‍ നിര്‍ബന്ധമാക്കുന്നത്.