ജിദ്ദ – എജ്യുക്കേഷനല്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സേവനം ക്രമീകരിക്കുകയും വ്യവസ്ഥാപിതമാക്കുകയും ചെയ്യുന്ന നിയമാവലി സ്വകാര്യ സ്‌കൂളുകളും ഇന്റര്‍നാഷണല്‍ സ്‌കൂളുകളും പാലിക്കുന്നില്ലെന്ന് ശ്രദ്ധയില്‍ പെട്ടതായി സൗദി ട്രാന്‍സ്‌പോര്‍ട്ട് ജനറല്‍ അതോറിറ്റി പറഞ്ഞു. മുഴുവന്‍ സ്വകാര്യ, ഇന്റര്‍നാഷണല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും എത്രയും വേഗം എജ്യുക്കേഷനല്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സേവനം നല്‍കാന്‍ ആവശ്യമായ ലൈസന്‍സ് നേടുകയും ബന്ധപ്പെട്ട എല്ലാ വ്യവസ്ഥകളും പാലിക്കുകയും വേണം.
പുതിയ നിയമാവലി പ്രകാരം എജ്യുക്കേഷനല്‍ ട്രാന്‍സ്‌പോര്‍ട്ടേഷന് ഉപയോഗിക്കുന്ന ബസുകളുടെയും വാനുകളുടെയും രജിസ്‌ട്രേഷന്‍ തരം പബ്ലിക് ട്രാന്‍സ്‌പോര്‍ട്ടേഷന്‍, പബ്ലിക് ബസ് എന്നിവയില്‍ ഏതെങ്കിലും ഒന്ന് ആയിരിക്കണം. ഗവണ്‍മെന്റ് സ്‌കൂളുകളില്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സേവനം നല്‍കാന്‍ പ്രത്യേകം ലൈസന്‍സ് നേടിയ സ്ഥാപനങ്ങള്‍ ഉപയോഗിക്കുന്ന വാഹനങ്ങള്‍ക്ക് ഈ വ്യവസ്ഥ ബാധകമല്ല.
പബ്ലിക് ട്രാന്‍സ്‌പോര്‍ട്ടേഷന്‍, പബ്ലിക് ബസ് രജിസ്‌ട്രേഷനുകളില്‍ പെട്ട ബസുകള്‍ എജ്യുക്കേഷനല്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സേവനത്തിന് ഉപയോഗിക്കുന്നതിന് രജിസ്റ്റര്‍ ചെയ്യാനും വെഹിക്കിള്‍ രജിസ്‌ട്രേഷന്‍ പുതുക്കാനും ഉടമസ്ഥാവകാശം മാറ്റാനും രജിസ്‌ട്രേഷന്‍ തരം മാറ്റാനും നമ്പര്‍ പ്ലേറ്റ് മാറ്റാനും ട്രാന്‍സ്‌പോര്‍ട്ട് ജനറല്‍ അതോറിറ്റി അനുമതി നേടല്‍ നിര്‍ബന്ധമാണെന്ന് നിയമാവലി വ്യക്തമാക്കുന്നു.
എജ്യുക്കേഷനല്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സേവനത്തിന് ഉപയോഗിക്കുന്ന ബസുകള്‍ക്ക് പത്തു വര്‍ഷത്തിലും കാറുകള്‍ക്ക് അഞ്ചു വര്‍ഷത്തിലും കൂടുതല്‍ പഴക്കമുണ്ടാകാന്‍ പാടില്ല. എജ്യുക്കേഷനല്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സേവനത്തിന് ഉപയോഗിക്കുന്ന ബസുകളും വാഹനങ്ങളും അംഗീകൃത മോട്ടോര്‍ വെഹിക്കിള്‍ പീരിയോഡിക്കല്‍ ഇന്‍സ്‌പെക്ഷന്‍ സെന്റര്‍ വഴി കൃത്യമായി സാങ്കേതിക പരിശോധനക്ക് വിധേയമാക്കണമെന്നും കാലാവധിയുള്ള ഇന്‍ഷുറന്‍സ് കവറേജ് ഉണ്ടായിരിക്കണമെന്നും വ്യവസ്ഥകളുണ്ട്.
സേവനത്തിന് ഉപയോഗിക്കുന്നതിനു മുമ്പായി ബസുകള്‍ക്കും വാഹനങ്ങള്‍ക്കും ഓപ്പറേഷന്‍ കാര്‍ഡ് നേടല്‍ നിര്‍ബന്ധമാണ്. ലൈസന്‍സ് കാലാവധി, വാഹനത്തിന്റെ പ്രവര്‍ത്തന കാലാവധി, വെഹിക്കിള്‍ രജിസ്‌ട്രേഷന്‍ കാലാവധി, ഓടിക്കാന്‍ അംഗീകാരമുള്ള ഡ്രൈവറുടെ ഡ്രൈവിംഗ് ലൈസന്‍സ് എന്നിവയുടെ കാലാവധിയില്‍ കവിയാത്ത നിലക്ക് പരമാവധി ഒരു വര്‍ഷ കാലാവധിയുള്ള ഓപ്പറേഷന്‍ കാര്‍ഡ് ആണ് അനുവദിക്കുക. നഴ്‌സറികള്‍, കിന്റര്‍ഗാര്‍ട്ടനുകള്‍, സ്‌കൂളുകള്‍, കോളേജുകള്‍, ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍, തഹ്ഫീദുല്‍ ഖുര്‍ആന്‍ സ്‌കൂളുകള്‍, യൂനിവേഴ്‌സിറ്റികള്‍ എന്നിവ അടക്കം മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും എജ്യുക്കേഷനല്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ നിയമാവലി ബാധകമാണ്. എജ്യുക്കേഷനല്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സേവനം നല്‍കാനുള്ള ബസുകളുടെ മിനിമം എണ്ണ വ്യവസ്ഥയില്‍ നിന്ന് സ്വകാര്യ സ്‌കൂളുകളെ ട്രാന്‍സ്‌പോര്‍ട്ട് ജനറല്‍ അതോറിറ്റി നേരത്തെ ഒഴിവാക്കിയിരുന്നു.