ജിദ്ദ – 2030 ഓടെ സൗദി അറേബ്യ പ്രകൃതി വാതക ഉല്‍പാദനം 63 ശതമാനം തോതില്‍ ഉയര്‍ത്തുമെന്ന് ഊര്‍ജ മന്ത്രി അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ പറഞ്ഞു. 2030 ല്‍ പ്രതിദിനം 21.3 ബില്യണ്‍ ഘനയടിയായി ഗ്യാസ് ഉല്‍പാദനം ഉയര്‍ത്തും. അല്‍ജാഫൂറ ഫീല്‍ഡില്‍ നിന്ന് വന്‍തോതില്‍ ഗ്യാസ് ഉല്‍പാദിപ്പിക്കാന്‍ സാധിക്കുമെന്നും ദഹ്‌റാനില്‍ സൗദി അറാംകൊ ആസ്ഥാനത്ത് അല്‍ജാഫൂറ ഗ്യാസ് ഫീല്‍ഡ് പദ്ധതി രണ്ടാം ഘട്ട വികസനത്തിനും സൗദിയിലെ മെയിന്‍ ഗ്യാസ് പൈപ്പ്‌ലൈന്‍ ശൃംഖല വികസന പദ്ധതിയുടെ മൂന്നാം ഘട്ടം നടപ്പാക്കാനും കരാറുകള്‍ ഒപ്പുവെക്കുന്ന ചടങ്ങില്‍ ഊര്‍ജ മന്ത്രി പറഞ്ഞു.
സൗദി അറേബ്യ നിലവില്‍ പ്രതിദിനം 13.5 ബില്യണ്‍ ഘനയടി ഗ്യാസ് ആണ് ഉല്‍പാദിപ്പിക്കുന്നത്. മൂന്നാം ഘട്ട വികസനത്തിലൂടെ ഗ്യാസ് പൈപ്പ്‌ലൈന്‍ ശൃംഖലയിലേക്ക് പ്രതിദിനം 3.15 ബില്യണ്‍ ഗ്യാസ് കൂട്ടിച്ചേര്‍ക്കും.
അല്‍ജാഫൂറ ഗ്യാസ് ഫീല്‍ഡ് വികസനവും ഗ്യാസ് പൈപ്പ്‌ലൈന്‍ ശൃംഖലാ വികസനവും രാജ്യത്തിന്റെ മൊത്തം ആഭ്യന്തരോല്‍പാദനത്തിലേക്ക് പ്രതിവര്‍ഷം 20 ബില്യണ്‍ റിയാല്‍ സംഭാവന ചെയ്യും. അല്‍ജാഫൂറ ഗ്യാസ് ഫീല്‍ഡ് പ്രതിദിനം 20 ലക്ഷം ഘനയടി ഗ്യാസ് നല്‍കും. സൗദി അറാംകൊയുടെ ഓഹരികള്‍ വാങ്ങുന്നതില്‍ പങ്കാളിത്തം വഹിക്കാത്തവര്‍ പിന്നീട് ഖേദിക്കേണ്ടിവരുമെന്നും ഊര്‍ജ മന്ത്രി പറഞ്ഞു. അല്‍ജാഫൂറ ഫീല്‍ഡില്‍ 229 ട്രില്യണ്‍ ഘനയടി ഗ്യാസ് ശേഖരമുണ്ടെന്നാണ് കണക്കാക്കുന്നത്. ഇവിടെ 75 ബില്യണ്‍ ബാരല്‍ കണ്ടന്‍സേറ്റുകളുള്ളതായും കണക്കാക്കുന്നു.