റിയാദ്- ആയിരകണക്കിന് ആരാധകരുടെ ആർപ്പുവിളികളിലും ആരവങ്ങളിലും മുങ്ങി സൗദി റോഷൻ ലീഗ് കിരീടമണിഞ്ഞ് അൽ ഹിലാൽ. റിയാദിലെ കിംഗ്ഡം അരീന തിങ്ങിനിറഞ്ഞ ആരാധകർ ടീമിന്റെ ചരിത്രനേട്ടത്തിന് സാക്ഷിയായി. 2023-2024 വർഷത്തെ ജേതാക്കളായ ഹിലാലിന് സൗദി കായിക മന്ത്രിയാമ് കിരീടം സമ്മാനിച്ചത്. മുപ്പത്തിയൊന്നാം റൗണ്ടിൽ അൽ ഹസാമിനെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് അൽ ഹിലാൽ കിരീടം നേടിയത്.
അൽ വഹ്ദയ്‌ക്കെതിരെ ഒരു മത്സരം ശേഷിക്കേ 33 റൗണ്ടുകളിൽ നിന്ന് 93 പോയിൻ്റുമായി അൽ ഹിലാൽ മുന്നിലെത്തിയിരുന്നു. ഈ സീസണിൽ ഇതുവരെ തോൽക്കാതെ 30 വിജയങ്ങളും 3 സമനിലകളും ഹിലാൽ സ്വന്തമാക്കി.
ഫുട്ബോൾ ചരിത്രത്തിൽ ഏറ്റവും കൂടുതൽ തുടർച്ചായ വിജയങ്ങൾ സ്വന്തമാക്കിയതിനുള്ള ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്സ് അൽ ഹിലാലിന് സമ്മാനിച്ചു. നിലവിലെ സീസണിലെ എല്ലാ ടൂർണമെൻ്റുകളിലും തുടർച്ചയായി 34 വിജയങ്ങൾ നേടിയാണ് നീലപ്പട ചരിത്രനേട്ടം സ്വന്തമാക്കിയത്. ഇതിന് മുമ്പ് 27 തുടർവിജയങ്ങൾ നേടിയത് വെൽഷ് സെയിൻ്റ്സ് ടീമാണ്. പത്തൊൻപത് തവണയാണ് അൽ ഹിലാൽ സൗദി ലീഗ് കിരീടം നേടിയത്.