ജിദ്ദ – ലോക കായിക മാമാങ്കമായ ഒളിംപിക്‌സിലെ സൗദി പങ്കാളിത്തത്തിന് 40 വര്‍ഷത്തെ പഴക്കമാണുള്ളത്. 1972 ല്‍ മ്യൂണിക്ക് ഒളിംപിക്‌സിലാണ് സൗദി ഒളിംപിക്‌സ് പ്രതിനിധി സംഘം ആദ്യമായി പങ്കെടുത്ത് ചരിത്രം കുറിച്ചത്. സൗദി അത്‌ലറ്റിക് ഫെഡറേഷനില്‍ നിന്നുള്ള ഏഴു അത്‌ലറ്റുകളെ ജര്‍മനിയിലേക്ക് അയക്കാന്‍ സൗദി ഒളിംപിക് കമ്മിറ്റിക്ക് അന്ന് കഴിഞ്ഞു. 1984 ല്‍ അമേരിക്കയിലെ ലോസ് ഏഞ്ചല്‍സില്‍ നടന്ന ഒളിംപിക്‌സിലാണ് സൗദി അറേബ്യ ആദ്യമായി ഔദ്യോഗികമായി പങ്കെടുത്തത്.
അന്നു മുതല്‍ ഇതുവരെ ഒളിംപിക്‌സില്‍ സ്ഥിരാംഗമായി സൗദി അറേബ്യ തുടരുന്നു. പിന്നീടുള്ള ഒളിംപിക്‌സുകളിലെല്ലാം സൗദി അറേബ്യയുടെ പങ്കാളിത്തം തുടര്‍ന്നെങ്കിലും പോഡിയത്തില്‍ കയറി ഒളിംപിക്‌സില്‍ വിജയത്തിന്റെ രുചി നുകരാന്‍ സൗദി കായിക താരങ്ങള്‍ക്ക് എ.ഡി 2000 വരെ കാത്തിരിക്കേണ്ടിവന്നു. 2000 ല്‍ ഓസ്‌ട്രേലിയയിലെ സിഡ്‌നിയില്‍ നടന്ന ഒളിംപിക്‌സിലാണ് സൗദി കായികതാരങ്ങള്‍ ആദ്യമായി വിജയപീഠത്തില്‍ കയറിയത്. അന്നു മുതല്‍ ഇതുവരെ സൗദി അറേബ്യക്ക് നാലു ഒളിംപിക്‌സ് മെഡലുകളാണ് ലഭിച്ചത്. സൗദി ഒളിംപിക്‌സിന്റെ ചരിത്രമെഴുതാനും ഒളിംപിക്‌സ് മെഡലുകള്‍ നേടാനും പോഡിയങ്ങളില്‍ സൗദി ദേശീയ പതാക ഉയര്‍ത്താനും ഏതാനും സൗദി കായിക താരങ്ങള്‍ക്ക് സാധിച്ചു.
ഖാലിദ് അല്‍ഈദ്:
ഖാലിദ് അല്‍ഈദ് ആണ് സൗദി അറേബ്യക്കു വേണ്ടി ആദ്യമായി ഒളിംപിക്‌സ് മെഡല്‍ സ്വന്തമാക്കി ഒളിംപ്ക്‌സ് ഗെയിംസിന്റെ ചരിത്രത്തില്‍ പോഡിയത്തില്‍ സൗദി പതാക ഉയര്‍ത്തിയത്. 2000 സിഡ്‌നി ഒളിംപിക്‌സില്‍ ഇക്വസ്ട്രിയന്‍ സ്‌പോര്‍ട്‌സില്‍ (അശ്വാഭ്യാസം) വെങ്കല മെഡലാണ് ഖാലിദ് അല്‍ഈദിന് ലഭിച്ചത്.
ഹാദി സൗആന്‍:
രണ്ടായിരാമാണ്ട് സിഡ്‌നി ഒളിംപ്ക്‌സ് അവസാനിക്കുന്നതിനു മുമ്പായി ഒരു മെഡല്‍ കൂടി സൗദി അറേബ്യ നേടി. ചരിത്രത്തില്‍ സൗദി അറേബ്യ നേടുന്ന രണ്ടാമത്തെ ഒളിംപിക്‌സ് മെഡല്‍ ആയിരുന്നു അത്. അത്‌ലറ്റിക്‌സില്‍ വെള്ളി മെഡലാണ് ഹാദി സൗആന് ലഭിച്ചത്.
കുതിരസവാരി ടീം:
ആദ്യ ഒളിംപ്ക്‌സ് നേട്ടം കൈവരിച്ച് 12 വര്‍ഷത്തിനു ശേഷം 2012 ലണ്ടന്‍ ഒളിംപിക്‌സിലാണ് മൂന്നാമത്തെ ഒളിംപ്ക്‌സ് മെഡല്‍ സൗദി അറേബ്യക്ക് ലഭിച്ചത്. റൈഡര്‍മാരായ റംസി അല്‍ദഹാമി, കമാല്‍ ബാഹംദാന്‍, അബ്ദുല്ല അല്‍ശര്‍ബത്‌ലി എന്നിവരുടെ പങ്കാളിത്തത്തോടെ അബ്ദുല്ല ബിന്‍ മിത്അബ് ബിന്‍ അബ്ദുല്ല രാജകുമാരന്‍ നയിച്ച കുതിരസവാരി ടീം വെങ്കല മെഡല്‍ നേടുകയായിരുന്നു.
താരിഖ് ഹാമിദി:
2020 ടോക്യോ ഒളിംപിക്‌സില്‍ കരാട്ടെയില്‍ രാജ്യത്തിനു വേണ്ടി വെള്ളി മെഡല്‍ നേടാന്‍ കരാട്ടെ ചാമ്പ്യന്‍ താരിഖ് ഹാമിദിക്ക് സാധിച്ചു. സൗദി അറേബ്യ നേടുന്ന നാലാമത്തെ ഒളിംപിക്‌സ് മെഡലും രണ്ടാമത്തെ വെള്ളി മെഡലുമായിരുന്നു അത്. സ്വര്‍ണ മെഡല്‍ താരിഖ് ഹാമിദിയുടെ വായില്‍ നിന്ന് തട്ടിത്തെറിപ്പിക്കുകയായിരുന്നു.
തന്റെ ഇറാനിയന്‍ എതിരാളിയായ സാജാദ് ജാന്‍സാദയോട് ഒന്നിനെതിരെ നാലു പോയിന്റുകള്‍ക്ക് മുന്നിട്ടു നിന്നിട്ടും റഫറിയുടെ തീരുമാന പ്രകാരം താരിഖ് ഹാമിദിക്ക് സ്വര്‍ണ മെഡല്‍ നിഷേധിക്കുകയായിരുന്നു. പരിക്കു മൂലം റിംഗില്‍ നിന്ന് പുറത്തേക്ക് നീക്കിയ ഇറാന്‍ താരത്തിന് പോരാട്ടം പൂര്‍ത്തിയാക്കാന്‍ സാധിച്ചിരുന്നില്ല. റഫറിമാരുടെ വീക്ഷണം അനുസരിച്ച് അക്രമാസക്തമായ കളി കാരണം സൗദി ചാമ്പ്യന് റഫറി നാലാം ഗ്രേഡ് മുന്നറിയിപ്പ് നല്‍കുകയും മത്സരത്തില്‍ നിന്ന് പുറത്താക്കുകയുമായിരുന്നു.