ജിദ്ദ – മരുഭൂമികളിൽ ഇടയജോലി ചെയ്യുന്നവരെ സ്പോൺസർമാർ ക്രൂരമായ പീഡനത്തിന് ഇരയാക്കാറുണ്ട് എന്ന പ്രചാരണം കാലങ്ങളായി ഉയർന്നുവരാറുള്ളതാണ്. ബ്ലസി സംവിധാനം ചെയ്ത മലയാള സിനിമ ആടുജീവിതം സംബന്ധിച്ച് അറബ് മാധ്യമങ്ങളിൽ ഈയിടെയായി വലിയ തോതിൽ ചർച്ചയും നടക്കുന്നുണ്ട്. ഇതിനിടെയാണ് കൗതുകകരമായ ഒരു വാർത്ത സൗദിയിൽനിന്ന് പുറത്തുവന്നിരിക്കുന്നത്.
മരുഭൂമിയില്‍ തനിക്കു കീഴില്‍ ജോലി ചെയ്യുന്ന തൊഴിലാളിക്ക് വിലകൂടിയ ഐഫോണ്‍-15 ആണ് സൗദി പൗരന് സമ്മാനിച്ചത്. ഐഫോണ്‍-15 കൈമാറി തൊഴിലുടമ തന്നെ കളിപ്പിക്കുകയാണെന്നാണ് തൊഴിലാളി ആദ്യം ധരിച്ചത്. സമ്മാനമായി താന്‍ നല്‍കുകയാണെന്ന് സൗദി പൗരന് പറഞ്ഞെങ്കിലും തൊഴിലാളിക്ക് വിശ്വസിക്കാനായില്ല.
പലതവണ ചോദിച്ചാണ് ഫോണ്‍ തനിക്കുള്ള സമ്മാനമാണെന്ന് തൊഴിലാളി ഉറപ്പുവരുത്തിയത്. ഇതോടെ തൊഴിലാളിക്കുണ്ടായ സന്തോഷം വിവരണാതീതമായിരുന്നു. തൊഴിലാളിയുടെ പ്രതികരണത്തില്‍ സൗദി പൗരനും ആഹ്ലാദം പ്രകടിപ്പിച്ചു. ഇതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ സൗദി പൗരന് ചിത്രീകരിച്ച് സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവിട്ടു.