ജിദ്ദ – ഈ വര്‍ഷം ആദ്യത്തെ എട്ടു മാസത്തിനിടെ ഇന്ത്യയില്‍ നിന്ന് സൗദി അറേബ്യ 13 ലക്ഷം സ്മാര്‍ട്ട് ഫോണുകള്‍ ഇറക്കുമതി ചെയ്തതായി ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. ഇക്കാലയളവില്‍ 138.4 കോടി റിയാല്‍ വില വരുന്ന സ്മാര്‍ട്ട് ഫോണുകളാണ് ഇന്ത്യയില്‍നിന്ന് സൗദിയിലേക്ക് ഇറക്കുമതി ചെയ്തത്. സൗദിയിലേക്കുള്ള സ്മാര്‍ട്ട് ഫോണ്‍ ഇറക്കുമതിയില്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. എട്ടു മാസത്തിനിടെ സൗദിയിലേക്ക് ഇറക്കുമതി ചെയ്ത സ്മാര്‍ട്ട് ഫോണുകളില്‍ എട്ടു ശതമാനം ഇന്ത്യയില്‍ നിന്നായിരുന്നു.
സ്മാര്‍ട്ട് ഫോണുകളും ടാബ്‌ലെറ്റുകളും നിര്‍മിക്കുന്ന ആഗോള സാങ്കേതിക കമ്പനികളുടെ ശ്രദ്ധാകേന്ദ്രമായി ഇന്ത്യ മാറിയിട്ടുണ്ട്. 2025 ഓടെ വലിയൊരു ശതമാനം ഉപകരണങ്ങളും ഇന്ത്യയില്‍ നിര്‍മിക്കുമെന്ന് വിദഗ്ധര്‍ പ്രതീക്ഷിക്കുന്നു.
എട്ടു മാസത്തിനിടെ ലോകത്തെ 44 രാജ്യങ്ങളില്‍ നിന്ന് 1,700 കോടി റിയാല്‍ വില വരുന്ന 1.43 കോടി സ്മാര്‍ട്ട് ഫോണുകള്‍ സൗദിയിലേക്ക് ഇറക്കുമതി ചെയ്തു. രാജ്യത്തേക്കുള്ള സ്മാര്‍ട്ട് ഫോണ്‍ ഇറക്കുമതിയില്‍ ഒന്നാം സ്ഥാനത്ത് ചൈനയാണ്. ചൈനയില്‍ നിന്ന് 1,264 കോടി റിയാല്‍ വിലയുള്ള ഒരു കോടിയിലേറെ സ്മാര്‍ട്ട് ഫോണുകള്‍ ഇറക്കുമതി ചെയ്തു. ഇക്കാലയളവില്‍ സൗദിയിലേക്കുള്ള സ്മാര്‍ട്ട് ഫോണ്‍ ഇറക്കുമതിയില്‍ 75 ശതമാനത്തോളം ചൈനയില്‍ നിന്നായിരുന്നു. രണ്ടാം സ്ഥാനത്തുള്ള വിയറ്റ്‌നാമില്‍ നിന്ന് 280 കോടി റിയാല്‍ വിലയുള്ള 29 ലക്ഷം സ്മാര്‍ട്ട് ഫോണുകള്‍ ഇറക്കുമതി ചെയ്തു.
സൗദിയിലേക്കുള്ള സ്മാര്‍ട്ട് ഫോണ്‍ ഇറക്കുമതിയുടെ 17 ശതമാനം വിയറ്റ്‌നാമിന്റെ വിഹിതമാണ്. വന്‍കിട കമ്പനികള്‍ വിയറ്റ്‌നാമില്‍ മൊബൈല്‍ ഫോണുകള്‍ നിര്‍മിക്കാന്‍ തുടങ്ങിയിട്ടുണ്ട്. അമേരിക്കയും ചൈനയും തമ്മിലുള്ള രാഷ്ട്രീയ, സാമ്പത്തിക ബന്ധങ്ങളില്‍ ഭാവിയിലുണ്ടായേക്കാവുന്ന പിരിമുറുക്കങ്ങള്‍ കാരണമായ പ്രത്യാഘാതങ്ങള്‍ ഒഴിവാക്കാന്‍ ശ്രമിച്ച് ലോകത്തെ വന്‍കിട സാങ്കേതിക കമ്പനികള്‍ സ്മാര്‍ട്ട് ഫോണുകള്‍ അടക്കം തങ്ങളുടെ ഉല്‍പന്നങ്ങള്‍ നിര്‍മിക്കാന്‍ ചൈനക്കു പകരം അനുയോജ്യമായ ബദല്‍ രാജ്യങ്ങള്‍ കണ്ടെത്താന്‍ നീക്കങ്ങള്‍ നടത്തുന്നുണ്ട്.
നാലാം സ്ഥാനത്തുള്ള അമേരിക്കയില്‍ നിന്ന് 21,400 ഉം അഞ്ചാം സ്ഥാനത്തുള്ള യു.എ.ഇയില്‍ നിന്ന് 2,000 ഉം സ്മാര്‍ട്ട് മൊബൈല്‍ ഫോണുകള്‍ അഞ്ചു മാസത്തിനിടെ ഇറക്കുമതി ചെയ്തു. അമേരിക്കയില്‍ നിന്ന് 1.2 കോടി റിയാലിന്റെയും യു.എ.ഇയില്‍ നിന്ന് 40 ലക്ഷം റിയാലിന്റെയും ഫോണുകളാണ് ഇറക്കുമതി ചെയ്തത്. ഇക്കാലയളവില്‍ സൗദിയിലേക്കുള്ള മൊബൈല്‍ ഫോണ്‍ ഇറക്കുമതിയുടെ 0.07 ശതമാനം അമേരിക്കയില്‍ നിന്നും 0.02 ശതമാനം യു.എ.ഇയില്‍ നിന്നുമായിരുന്നു. മറ്റു രാജ്യങ്ങളില്‍ നിന്നുള്ള മൊബൈല്‍ ഫോണ്‍ ഇറക്കുമതി തീര്‍ത്തും നാമമാത്രമായിരുന്നു.