ജിദ്ദ – ജറൂസലമിലെ അല്‍അഖ്‌സ മജിദില്‍ ജൂതസിനഗോഗ് നിര്‍മിക്കണമെന്ന ഇസ്രായിലി തീവ്രവലതുപക്ഷ മന്ത്രിയുടെ പ്രസ്താവനയെ രൂക്ഷമായ ഭാഷയില്‍ അപലപിച്ച് സൗദി വിദേശ മന്ത്രാലയം. ഇത്തരം പ്രകോപനപരവും തീവ്രവാദപരവുമായ പ്രസ്താവനകളെയും ലോകമെമ്പാടുമുള്ള മുസ്‌ലിംകളുടെ വികാരങ്ങളെ നിരന്തരം പ്രകോപിപ്പിക്കുന്നതിനെയും പൂര്‍ണമായും നിരാകരിക്കുന്നതായി സൗദി അറേബ്യ പറഞ്ഞു. വിശുദ്ധ അല്‍അഖ്‌സ മസ്ജിദിന്റെ ചരിത്രപരവും നിയമപരവുമായ പദവിയെ മാനിക്കണം.
ഫലസ്തീന്‍ ജനത സാക്ഷ്യം വഹിക്കുന്ന മാനുഷിക ദുരന്തത്തിന് അറുതി വരുത്തുന്നതില്‍ അന്താരാഷ്ട്ര സമൂഹം ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കണം. അന്താരാഷ്ട്ര നിയമങ്ങളും മാനദണ്ഡങ്ങളും പ്രമേയങ്ങളും തുടര്‍ച്ചയായി ലംഘിക്കുന്ന ഇസ്രായിലി നേതാക്കളോടും ഉദ്യോഗസ്ഥരോടും കണക്കുചോദിക്കാനുള്ള അന്താാഷ്ട്ര സംവിധാനങ്ങള്‍ സജീവമാക്കണമെന്നും സൗദി വിദേശ മന്ത്രാലയം ആവശ്യപ്പെട്ടു.
ഇസ്രായിലി തീവ്രവലതുപക്ഷ സുരക്ഷാ മന്ത്രി ഇറ്റാമര്‍ ബെന്‍ ഗവീര്‍ ജറൂസലമിലെ അല്‍അഖ്‌സ മസ്ജിദില്‍ ജൂതന്മാരെ പ്രാര്‍ഥിക്കാന്‍ അനുവദിക്കണമെന്ന ആവശ്യം ആവര്‍ത്തിച്ചു.
ഗാസയില്‍ പോരാട്ടം അവസാനിപ്പിക്കുന്ന കരാറിലെത്തിച്ചേരാന്‍ വെടിനിര്‍ത്തല്‍ ചര്‍ച്ചകളിലൂടെ ശ്രമിക്കുന്നതിനിടെ സംഘര്‍ഷം ആളിക്കത്തിക്കാന്‍ ശ്രമിക്കുന്നതിന് ഇറ്റാമര്‍ ബെന്‍ ഗവീര്‍ നിശിത വിമര്‍ശനം നേരിട്ടു. അല്‍അഖ്‌സ മസ്ജിദില്‍ തനിക്ക് കഴിയുമെങ്കില്‍ ഒരു സിനഗോഗ് നിര്‍മിക്കുമോയെന്ന് ഒരു അഭിമുഖത്തിനിടെ ചോദിച്ചപ്പോള്‍ അതെ, അതെ എന്ന് ബെന്‍ ഗവീര്‍ മറുപടി നല്‍കി.