ജിദ്ദ – ഭവനരഹിതരാക്കപ്പെട്ട ആയിരക്കണക്കിന് ഫലസ്തീനികള്‍ അഭയം പ്രാപിച്ച യു.എന്‍ സ്‌കൂളിനു നേരെ ഇസ്രായില്‍ നടത്തിയ ആക്രമണത്തെ സൗദി അറേബ്യ ശക്തമായ ഭാഷയില്‍ അപലപിച്ചു. ഭവനരഹിതരാക്കപ്പെട്ട ഫലസ്തീനികള്‍ അഭയം തേടിയ, മധ്യഗാസയിലെ നുസൈറാത്തില്‍ യു.എന്‍ ഏജന്‍സി ഫോര്‍ ഫലസ്തീനിയന്‍ റെഫ്യൂജീസ് നടത്തുന്ന സ്‌കൂളിനു നേരെ ഇസ്രായില്‍ നടത്തിയ വ്യോമാക്രമണത്തില്‍ 16 പേര്‍ കൊല്ലപ്പെട്ടതായി ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
സിവിലിയന്മാരെ ലക്ഷ്യമിട്ടുള്ള ഇസ്രായിലിന്റെ ആസൂത്രിത ആക്രമണത്തെ സൗദി അറേബ്യ നിരാകരിക്കുന്നതായി വിദേശ മന്ത്രാലയം ആവര്‍ത്തിച്ചു. ഉടനടി വെടിനിര്‍ത്തണമെന്നും സാധാരണക്കാര്‍ക്കും സിവിലിയന്‍, റിലീഫ് സ്ഥാപനങ്ങള്‍ക്കും ഇവയിലെ ജീവനക്കാര്‍ക്കും പ്രവര്‍ത്തകര്‍ക്കും സംരക്ഷണം നല്‍കണമെന്നും വിദേശ മന്ത്രാലയം ആവശ്യപ്പെട്ടു.
അന്താരാഷ്ട്ര മാനുഷിക നിയമങ്ങളും യു.എന്‍ പ്രമേയങ്ങളും തുടര്‍ച്ചയായി ലംഘിക്കുന്നതില്‍ ഇസ്രായിലിനോട് കണക്ക് ചോദിക്കാനുള്ള അന്താരാഷ്ട്ര സംവിധാനങ്ങള്‍ സജീവമാക്കണമെന്നും സൗദി വിദേശ മന്ത്രാലയം ആവശ്യപ്പെട്ടു.