ജിദ്ദ – പശ്ചിമ യെമനിലെ അല്‍ഹുദൈദയില്‍ ഇസ്രായില്‍ നടത്തിയ വ്യോമാക്രമണം മേഖലയില്‍ സംഘര്‍ഷം വര്‍ധിപ്പിക്കുമെന്നും ഗാസ യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങളെ ദോഷകരമായി ബാധിക്കുമെന്നും സൗദി വിദേശ മന്ത്രാലയം പറഞ്ഞു.
ഇസ്രായില്‍ ആക്രമണങ്ങള്‍ക്കു പിന്നാലെ യെമനില്‍ സൈനിക സ്ഥിതിഗതികള്‍ മൂര്‍ഛിക്കുന്നതുമായി ബന്ധപ്പെട്ട സംഭവവികാസങ്ങള്‍ അതീവ ഉത്കണ്‍ഠയോടെ നിരീക്ഷിക്കുന്നതായി വിദേശ മന്ത്രാലയം പറഞ്ഞു. മുഴുവന്‍ കക്ഷികളും പരമാവധി ആത്മസംയമനം പാലിക്കുകയും യുദ്ധക്കെടുതുകളില്‍ നിന്ന് മേഖലയെയും ഇവിടുത്തെ ജനങ്ങളെയും അകറ്റിനിര്‍ത്തുകയും വേണം.
മേഖലയിലെ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കുന്നതില്‍ അന്താരാഷ്ട്ര സമൂഹവും, ഇസ്രായിലിനു മേല്‍ സ്വാധീനമുള്ള മറ്റു രാജ്യങ്ങളും തങ്ങളുടെ ഉത്തരവാദിത്തം നിറവേറ്റണം. ഗാസ യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങള്‍ സൗദി അറേബ്യ തുടരും. യെമനില്‍ സമാധാനമുണ്ടാക്കാനും കൂടുതല്‍ ദുരിതങ്ങളില്‍ നിന്ന് യെമന്‍ ജനതയെ അകറ്റിനിര്‍ത്താനും മേഖലയില്‍ സുരക്ഷയും സമാധാനവുമുണ്ടാക്കുമുള്ള ശ്രമങ്ങള്‍ക്ക് സൗദി അറേബ്യ നിരന്തര പിന്തുണ നല്‍കുമെന്നും സൗദി വിദേശ മന്ത്രാലയം പറഞ്ഞു.