ജിദ്ദ – രാഷ്ട്ര ചിഹ്നങ്ങളും അടയാളങ്ങളും വാണിജ്യാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത് വിലക്കുന്ന തീരുമാനം സൗദി വാണിജ്യ മന്ത്രി ഡോ. മാജിദ് അല്‍ഖസബി പ്രഖ്യാപിച്ചു. സൗദിയുടെ ഔദ്യോഗിക ചിഹ്നങ്ങൾ വാണിജ്യാവശ്യങ്ങൾക്കായി ഉപയോഗിക്കാൻ പാടില്ലെന്ന് മന്ത്രി വ്യക്തമാക്കി. സൗദി ചിഹ്നങ്ങളുടെയും അടയാളങ്ങളുടെയും ദുരുപയോഗം തടയാനാണ് ലക്ഷ്യമിടുന്നത്. ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നഗരസഭാ നിയമ ലംഘനങ്ങളുമായി ബന്ധപ്പെട്ട ശിക്ഷാ നടപടികള്‍ സ്വീകരിക്കും. ഔദ്യോഗിക ഗസറ്റില്‍ പരസ്യപ്പെടുത്തി 90 ദിവസത്തിനു ശേഷം പുതിയ തീരുമാനം പ്രാബല്യത്തില്‍വരും.
വാണിജ്യസ്ഥാപനങ്ങളുടെ പ്രസിദ്ധീകരണങ്ങളിലും ഉൽപ്പന്നങ്ങളിലും മീഡിയ റിലീസുകളിലും പ്രത്യേക ഉപഹാരങ്ങളിലും സൗദി അറേബ്യയുടെ ദേശീയപതാകയും അല്ലാഹു എന്ന വാക്കും സത്യസാക്ഷ്യവാക്യവും സൗദി അറേബ്യയുടെ എംബ്ലമായ രണ്ടു വാളുകളും ഈത്തപ്പനയും ഭരണാധികാരികളുടെയും ഉന്നതോദ്യോഗസ്ഥരുടെയും ഫോട്ടോകളും പേരുകളും ഉപയോഗിക്കുന്നത് 2022 സെപ്റ്റംബറില്‍ വാണിജ്യ മന്ത്രാലയം വിലക്കിയിരുന്നു.