റിയാദ്- പാലക്കാട് തെരഞ്ഞെടുപ്പ് ചൂടിനിടെ കോൺഗ്രസിൽ ചേർന്ന ബി.ജെ.പി മുൻ നേതാവ് സന്ദീപ് വാര്യരുടെ ഫെയ്സ്ബുക്ക് കുറിപ്പ് വീണ്ടും വൈറലായി. നേരത്തെ റിയാദിൽ ജോലി ചെയ്തിരുന്ന കാലത്തെ റമദാൻ അനുഭവമാണ് നാലു വർഷം മുമ്പ് സന്ദീപ് വാര്യർ ഫെയ്സ്ബുക്കിൽ പങ്കുവെച്ചിരുന്നത്. പുതിയ സഹചര്യത്തിൽ ഈ പോസ്റ്റ് വീണ്ടും ആരൊക്കെയോ കുത്തിപ്പൊക്കി വൈറലാക്കിയിരിക്കുകയാണ്. സുഹൃത്ത് സാബുവിനെ പറ്റിയുള്ള ഓർമ്മകളാണ് സന്ദീപ് എഴുതിയിരുന്നത്. സൗദി തലസ്ഥാനമായ റിയാദിലാണ് സന്ദീപ് വാര്യർ ജോലി ചെയ്തിരുന്നത്.
കുറിപ്പിൽനിന്ന്-
മാസപ്പിറവി സ്ഥിരീകരിച്ച വാർത്ത വായിച്ചപ്പോൾ മനസ്സിൽ ഓടിയെത്തിയത് സാബുവിന്റെ മുഖമാണ്. റിയാദിലെ പ്രവാസകാലത്ത് ജോലി ഇല്ലാതിരുന്ന ഒരു റംസാൻ മാസത്തിൽ, നിത്യേന പള്ളിയിൽ നിന്ന് ലഭിച്ചിരുന്ന ഭക്ഷണം എനിക്കായി കൊണ്ടുവന്നിരുന്ന പ്രിയ കൂട്ടുകാരൻ കൊല്ലം പരവൂർ നെല്ലേറ്റിലെ സാബു എന്ന സാബു അബ്ദുൽ റഷീദ്. പട്ടിണി കിടക്കുന്നവന് ഭക്ഷണം തരുന്നവനാണ് ദൈവം. അക്കാലത്ത് സാബു എനിക്ക് ദൈവത്തിന്റെ പ്രതിരൂപമായിരുന്നു.
ഏതാണ്ട് ഒരേ സമയത്ത് റിയാദിൽ എത്തിച്ചേർന്ന സമപ്രായക്കാരായ ഞങ്ങൾ യാദൃശ്ചികമായി കണ്ടുമുട്ടുകയായിരുന്നു. അവന് ഞാൻ കമ്പ്യൂട്ടർ പഠിപ്പിച്ചു. പകരം അവൻ എനിക്ക് ഭക്ഷണം തന്നു. ചിലപ്പോഴൊക്കെ താമസവും. ഒരിക്കൽ ഒരു ലാപ്ടോപ്പ് വിറ്റത് അവന്റെ ബോസ് ആയിരുന്ന ഹക്കീമിനെ മണിയടിച്ചായിരുന്നു. “ഹയിൽ വുറൂദ് ഏരിയയിൽ ഈ ലാപ്ടോപ്പ് വാങ്ങാൻ നിന്നെക്കാൾ യോഗ്യനായി മറ്റാരുമില്ല ” എന്ന് ഞാൻ പറഞ്ഞപ്പോൾ ഹക്കീം തലയും കുത്തി വീണു. ഹക്കീമിന്റെ ഏറ്റവും വലിയ ദൗർബല്യം സാബു എനിക്ക് നേരത്തെ പറഞ്ഞു തന്നിരുന്നല്ലോ. ആദ്യമായി ലീവിന് വന്നപ്പോൾ സാബുവിന്റെ വീട്ടിൽ ഞാൻ പോയിരുന്നു. നിറയെ മത്സ്യ വിഭവങ്ങളുമായി വലിയ സ്വീകരണമാണ് എനിക്ക് ലഭിച്ചത്.
മാസപ്പിറവി കണ്ടു എന്ന വാർത്ത വായിച്ചപ്പോൾ സാബുവിനെ വല്ലാതെ മിസ്സ് ചെയ്തു. ഇപ്പോൾ ദമാമിൽ ഉള്ള സാബുവുമായി സംസാരിച്ചു. ടിവിയിൽ കാണുമ്പോഴൊക്കെ ഇത് എന്റെ കൂട്ടുകാരൻ ആണെന്ന് പറയാറുണ്ടത്രെ സാബു. നിന്നെ എങ്ങനെ മറക്കാനാണ് സഹോദരാ.
നാളെ മുതൽ പരിശുദ്ധ റംസാൻ വ്രതം അനുഷ്ഠിക്കുന്ന എന്റെ എല്ലാ മുസ്ലിം സഹോദരങ്ങൾക്കും നന്മകൾ നേരുന്നു. നിങ്ങളുടെ പ്രാർത്ഥനകൾ ഈ ദുരന്ത കാലത്തെ അതിജീവിക്കാനുള്ള മനുഷ്യകുലത്തിന്റെ പ്രയത്നത്തിന് സഹായകമാവട്ടെ.