കോഴിക്കോട്– സ്‌കൂള്‍ സമയമാറ്റത്തില്‍ പിന്നോട്ടില്ലെങ്കില്‍ പിന്നെ ചര്‍ച്ച എന്തിനാണെന്ന് സമസ്ത മുഷാവറ അംഗം ഉമര്‍ ഫൈസി മുക്കം. സ്‌കൂള്‍ സമയത്തിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനത്തില്‍ മാറ്റമുണ്ടാകില്ലെന്നായിരുന്നു വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞത്. മുസ്ലീം സമുദായത്തെ അവഗണിച്ച് ഒരു സര്‍ക്കാരിനും മുന്നോട്ടുപോകാനാകില്ലെന്നും അവഗണിച്ചാല്‍ അതിന്റെ തിക്തഫലം അനുഭവിക്കേണ്ടിവരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
എന്നാൽ, സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വിളിച്ചാല്‍ പോകുമെന്ന് ഉമര്‍ ഫൈസി മുക്കം അറിയിച്ചു. ചര്‍ച്ച ചെയ്താല്‍ അതിന്റെതായ ഫലം ഉണ്ടാകുമെന്നും മനുഷ്യന്മാര്‍ മുഖത്തോട് മുഖം നോക്കി സംസാരിക്കുന്നത് ഗുണം ചെയ്യുമല്ലോ എന്നും അദ്ദേഹം ചോദിച്ചു. എല്ലാ ഗവണ്മെന്റുകളും അങ്ങനെയല്ലേ ചെയ്യുക?. മുസ്ലീം സമുദായത്തൈ അവഗണിച്ച് ഒരു സര്‍ക്കാരിനും മുന്നോട്ടുപോകാനാകില്ല. അവഗണിച്ചാല്‍ അതിന്റെ തിക്തഫലം അനുഭവിക്കേണ്ടി വരും. പൊതുവിദ്യാഭ്യാസത്തിന്റെ കാര്യം സമുദായ സംഘടനകള്‍ നോക്കണ്ടെന്ന് മന്ത്രി പറഞ്ഞാല്‍ ജനങ്ങളെ വിരട്ടാന്‍ മന്ത്രി നോക്കേണ്ടെന്ന് ഞങ്ങള്‍ക്കും പറയാം’ – ഉമര്‍ ഫൈസി കൂട്ടിച്ചേർത്തു.