ന്യൂഡൽഹി: ലോക്‌സഭയിൽ സ്പീക്കറുടെ ചേംബറിന് തൊട്ടടുത്ത് സ്ഥാപിച്ച ചെങ്കോൽ നീക്കണമെന്ന് സമാജ് വാദി പാർട്ടി എം.പി. ചെങ്കോലിന് പകരം ഭരണഘടനയുടെ പകർപ്പ് സ്ഥാപിക്കണമെന്നാവശ്യപ്പെട്ടാണ് എം.പി സ്പീക്കർക്ക് കത്ത് നൽകിയത്. എസ്.പി നേതാവും മോഹൻലാൽഗഞ്ച് എം.പിയുമായ ആർ.കെ ചൗധരിയാണ് ഇത്തരമൊരു ആവശ്യം ഉന്നയിച്ച് സ്പീക്കർ ഓം ബിർളയ്ക്ക് കത്ത് നല്കിയത്.
രാജ്യത്ത് ജനാധിപത്യത്തിന്റെ അടയാളമാണ് ഭരണഘടന. കഴിഞ്ഞ ബി.ജെ.പി സർക്കാരിന്റെ കാലത്തായിരുന്നു സ്പീക്കറുടെ ചേംബറിനോട് ചേർന്ന് ചെങ്കോൽ സ്ഥാപിച്ചത്. അധികാരം എന്നാണ് തമിഴ് പദമായ ചെങ്കോലിന്റെ അർത്ഥം. രാജാവിന്റെ വടിയാണ് രാജദണ്ഡ്. രാജഭരണകാലത്ത് നിന്നും നാം സ്വതന്ത്രരായി. ഇന്ന്, രാജ്യത്തെ സർക്കാരിനെ തീരുമാനിക്കുന്നത് പൗരന്മാരാണ്. അവിടെ ഭരണഘടനയാണോ അംശവടിയാണോ രാജ്യത്തെ നയിക്കുന്നതെന്നും ആർ.കെ ചൗധരി ചോദിച്ചു.
ജനാധിപത്യത്തിൽ ചെങ്കോലിന്റെ പ്രസക്തി എന്താണെന്ന് പ്രതിപക്ഷ എംപിമാർ നേരത്തെ സഭയ്ക്ക് അകത്തും പുറത്തും ഉന്നയിച്ചിരുന്നു. എന്നാൽ, പ്രതിപക്ഷം ഇന്ത്യൻ സംസ്‌കാരത്തെ അവഹേളിക്കുന്നുവെന്നായിരുന്നു ബി.ജെ.പിയുടെ ആരോപണം.
എസ്.പി നേതാവ് ചൗധരിയെ പിന്തുണച്ച് കോൺഗ്രസും ആർ.ജെ.ഡിയും രംഗത്തെത്തി. ചെങ്കോൽ രാജാധികാരത്തെ സൂചിപ്പിക്കുന്നതാണെന്നും ആ യുഗം അവസാനിച്ചെന്നും കോൺഗ്രസ് എം.പി മണിക്കം ടാഗോർ പറഞ്ഞു. ചെങ്കോൽ ലോക്‌സഭയിൽനിന്നും നീക്കണമെന്ന് ആര് ആവശ്യപ്പെട്ടാലും അതിനെ സ്വാഗതം ചെയ്യുന്നുവെന്ന ആർ.ജെ.ഡി എം.പിയും ലാലു പ്രസാദ് യാദവിന്റെ മകളുമായ മിസ ഭാരതി പ്രതികരിച്ചു.
എന്നാൽ, സമാജ്‌വാദി പാർട്ടിയുടെ നീക്കം അപലപനീയമാണെന്നും അവർ ഇന്ത്യൻ സംസ്‌കാരത്തെ അവഹേളിച്ചിരിക്കുകയാണെന്നും യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആരോപിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group