ജിദ്ദ – ഗാര്‍ഹിക തൊഴിലാളികളുടെ ശമ്പളം ഡിജിറ്റല്‍ വാലറ്റുകള്‍ വഴി വിതരണം ചെയ്യല്‍ നിര്‍ബന്ധമാക്കുന്ന വേതന സുരക്ഷാ പദ്ധതി അഞ്ചു ഘട്ടങ്ങളായാണ് നടപ്പാക്കുകയെന്ന് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു.
പുതിയ വിസകളില്‍ എത്തുന്ന തൊഴിലാളികള്‍ക്ക് ഇന്നു മുതല്‍ പദ്ധതി നിര്‍ബന്ധമാക്കി. നാലും അതില്‍ കൂടുതലും ഗാര്‍ഹിക തൊഴിലാളികളുള്ള തൊഴിലുടമകള്‍ക്കു കീഴിലെ തൊഴിലാളികള്‍ക്ക് അടുത്ത വര്‍ഷം ജനുവരി ഒന്നു മുതലും മൂന്നും അതില്‍ കൂടുതലും ഗാര്‍ഹിക തൊഴിലാളികളുള്ള തൊഴിലുടമകള്‍ക്കു കീഴിലെ തൊഴിലാളികള്‍ക്ക് അടുത്ത വര്‍ഷം ജൂലൈ ഒന്നു മുതലും രണ്ടും അതില്‍ കൂടുതലും ഗാര്‍ഹിക തൊഴിലാളികളുള്ള തൊഴിലുടമകള്‍ക്കു കീഴിലെ തൊഴിലാളികള്‍ക്ക് 2025 ഒക്‌ടോബര്‍ ഒന്നു മുതലും ഡിജിറ്റല്‍ വാലറ്റുകള്‍ വഴി വേതനം വിതരണം ചെയ്യല്‍ നിര്‍ബന്ധമാണ്.
2026 ജനുവരി ഒന്നു മുതല്‍ സൗദിയിലുള്ള മുഴുവന്‍ ഗാര്‍ഹിക തൊഴിലാളികളും ഡിജിറ്റല്‍ വാലറ്റുകള്‍ വഴി വേതനം വിതരണം ചെയ്യല്‍ നിര്‍ബന്ധമാണെന്നും മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കി. തൊഴിലാളികളുടെയും തൊഴിലുടമകളുടെയും അവകാശങ്ങള്‍ സംരക്ഷിക്കാനും ശമ്പളം നല്‍കല്‍ പ്രക്രിയയുടെ സുതാര്യത ഉറപ്പുവരുത്താനും ശമ്പള വിതരണം എളുപ്പമാക്കാനുമാണ് വേതന വിതരണം ഡിജിറ്റല്‍ വാലറ്റുകളിലൂടെ പരിമിതപ്പെടുത്തുന്നതിലൂടെ ലക്ഷ്യമിടുന്നതെന്ന് മന്ത്രാലയം പറഞ്ഞു.
പുതിയ തൊഴില്‍ വിസകളില്‍ രാജ്യത്തെുന്ന ഗാര്‍ഹിക തൊഴിലാളികള്‍ക്കാണ് ഇന്ന് മുതല്‍ വേതന സുരക്ഷാ സേവനം നിര്‍ബന്ധമാക്കിയത്. ഗാര്‍ഹിക തൊഴിലാളികള്‍ക്ക് വേതനം വിതരണം ചെയ്യുന്നത് സ്ഥിരീകരിക്കുന്നതിലൂടെ ഈ സേവനം തൊഴിലുടമകള്‍ക്ക് നിരവധി നേട്ടങ്ങള്‍ നല്‍കുന്നു. തൊഴില്‍ കരാര്‍ കാലാവധി അവസാനിക്കുമ്പോഴും സ്വദേശത്തേക്ക് മടങ്ങുമ്പോഴും ഗാര്‍ഹിക തൊഴിലാളിയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കല്‍ വേതന സുരക്ഷാ സേവനം തൊഴിലുടമക്ക് എളുപ്പമാക്കും.
തൊഴിലാളിയും തൊഴിലുടമയും തമ്മില്‍ തര്‍ക്കങ്ങള്‍ ഉടലെടുക്കുമ്പോള്‍ ഇരുവരുടെയും അവകാശങ്ങള്‍ സംരക്ഷിക്കാനും പദ്ധതി സഹായിക്കുമെന്ന് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം പറഞ്ഞു.
നിലവില്‍ രാജ്യത്തുള്ള ഗാര്‍ഹിക തൊഴിലാളികള്‍ക്ക്, ഓരോ തൊഴിലുടമയുടെയും അടുത്തുള്ള തൊഴിലാളികളുടെ എണ്ണത്തിനനുസരിച്ച് ഘട്ടംഘട്ടമായി വേതന സുരക്ഷാ സേവനം നിര്‍ബന്ധമാക്കുമെന്നും മന്ത്രാലയം പറഞ്ഞു. അഞ്ചും അതില്‍ കൂടുതലും ഗാര്‍ഹിക തൊഴിലാളികളുള്ള തൊഴിലുടമകള്‍ക്കു കീഴിലെ വീട്ടുജോലിക്കാര്‍ക്കാണ് ആദ്യ ഘട്ടത്തില്‍ വേതന സുരക്ഷാ സേവനം നിര്‍ബന്ധമാക്കുകയെന്ന് റിപ്പോര്‍ട്ടുണ്ട്. ഇത്തരക്കാര്‍ക്ക് അടുത്ത വര്‍ഷാദ്യം മുതല്‍ സേവനം നിര്‍ബന്ധമാക്കുമെന്നാണ് വിവരം.