മുംബൈ: ബാന്ദ്രയിലെ വീട്ടിൽ മോഷണ ശ്രമത്തിനിടെ മോഷ്ടാവിന്റെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ നടൻ സെയ്ഫ് അലി ഖാനെ ആറ് ദിവസത്തിന് ശേഷം മുംബൈയിലെ ലീലാവതി ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്തു. ബാന്ദ്രയിലെ വീട്ടിലെത്തി. കനത്ത പോലീസ് സന്നാഹം ഇവിടെ വിന്യസിച്ചിട്ടുണ്ട്. ഒരു ആഴ്ചത്തേക്ക് പൂർണ്ണ വിശ്രമം വേണമെന്നും അണുബാധ ഉണ്ടാകാതിരിക്കാൻ സന്ദർശകരെ സ്വീകരിക്കരുതെന്നും സെയ്ഫ് അലി ഖാനോട് നിർദ്ദേശിച്ചിട്ടുണ്ടെന്നാണ് വിവരം. സെയ്ഫ് അലി ഖാനെ കാണാൻ ആശുപത്രിയുടെ പരിസരങ്ങളിൽ ആരാധകർ തടിച്ചുകൂടിയിരുന്നു. ഇതോടെ പോലീസ് മേഖലയിൽ വൻ പോലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്.
മോഷ്ടാവിന്റെ ആക്രമണത്തിൽ സെയ്ഫ് അലിഖാന് ആറു തവണ കുത്തേറ്റിരുന്നു. ആക്രമണത്തിൽ നടന്റെ നട്ടെല്ലിന് പരിക്കേറ്റിരുന്നു. നട്ടെല്ലിൽനിന്ന് സ്രവം പുറത്തേക്ക് പ്രവഹിക്കുകയും ചെയ്തിരുന്നു.നിയമവിരുദ്ധമായി ഇന്ത്യയിലേക്ക് കടന്ന് ബിജോയ് ദാസ് എന്ന വ്യാജ പേരിൽ താമസിച്ചിരുന്ന ബംഗ്ലാദേശ് പൗരനായ ഷരീഫുൾ ഇസ്ലാം ഷെഹ്‌സാദാണ് സെയ്ഫ് അലി ഖാനെ അക്രമിച്ചത്.