ട്രിപ്പോളി – മുന്‍ ലിബിയന്‍ നേതാവ് കേണല്‍ മുഅമ്മര്‍ അല്‍ഖദ്ദാഫിയുടെ പുത്രന്‍ സൈഫുല്‍ഇസ്‌ലാം അല്‍ഖദ്ദാഫി കൊല്ലപ്പെട്ടു. തെക്കുപടിഞ്ഞാറന്‍ ലിബിയയിലെ സിന്ദാന്‍ മേഖലയില്‍ നടന്ന ഏറ്റുമുട്ടലില്‍ സൈഫുല്‍ഇസ്‌ലാം കൊല്ലപ്പെട്ടതായി സൈഫുല്‍ഇസ്‌ലാമിന്റെ രാഷ്ട്രീയ സംഘം തലവനും ലിബിയന്‍ രാഷ്ട്രീയ ചര്‍ച്ചയില്‍ മുന്‍ ഭരണകൂടത്തിന്റെ ഏറ്റവും പ്രമുഖ പ്രതിനിധികളില്‍ ഒരാളുമായ അബ്ദുല്ല ഉസ്മാന്‍ അറിയിച്ചു. സിന്ദാനില്‍ നടന്ന വെടിവെപ്പില്‍ സൈഫുല്‍ഇസ്‌ലാമിന്റെ മരണം അബ്ദുല്ലഉസ്മാന്‍ സ്ഥിരീകരിച്ചതായി അല്‍മസാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.
സൈഫുല്‍ഇസ്‌ലാമിന്റെ പിതൃസഹോദരനായ ഹമീദി അല്‍ഖദ്ദാഫിയും അദ്ദേഹത്തിന്റെ മരണം സ്ഥിരീകരിച്ചു. സൈഫുല്‍ഇസ്‌ലാമിന്റെ അഭിഭാഷകന്‍ ഖാലിദ് അല്‍സൈദിയും തന്റെ കക്ഷിയുടെ മരണവാര്‍ത്ത സ്ഥിരീകരിച്ചു. ട്രിപ്പോളി ആസ്ഥാനമായുള്ള ദേശീയ യൂണിറ്റി സര്‍ക്കാരിന്റെ പ്രതിരോധ മന്ത്രാലയത്തിനു കീഴിലെ 444-ാമത് കോംബാറ്റ് ബ്രിഗേഡ്, സൈഫുല്‍ഇസ്‌ലാം ഖദ്ദാഫിയുടെ മരണത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് പറഞ്ഞു. സൈഫുല്‍ഇസ്‌ലാം അല്‍ഖദ്ദാഫിയെ പിന്തുടരാന്‍ ഔദ്യോഗിക നിര്‍ദേശങ്ങളൊന്നും പുറപ്പെടുവിച്ചിട്ടില്ലെന്നും ഈ വിഷയം തങ്ങളുടെ സുരക്ഷാ, സൈനിക ഉത്തരവാദിത്തങ്ങള്‍ക്ക് പുറത്താണെന്നും 444-ാമത് കോംബാറ്റ് ബ്രിഗേഡ് പ്രസ്താവനയില്‍ പറഞ്ഞു. സൈഫുല്‍ഇസ്‌ലാമിന്റെ കൊലപാതകത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി ലിബിയന്‍ അറ്റോര്‍ണി ജനറല്‍ അറിയിച്ചു. സൈഫുല്‍ഇസ്‌ലാം അല്‍ഖദ്ദാഫിയെ മുഖംമൂടിധാരികളായ നാല് പേര്‍ ചേര്‍ന്ന് തന്റെ വീടിന്റെ പൂന്തോട്ടത്തില്‍ വെച്ച് വെടിവെച്ച് കൊലപ്പെടുത്തിയതായി മാധ്യമ റിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തി.
കേണല്‍ മുഅമ്മര്‍ അല്‍ഖദ്ദാഫിയുടെ കുടുംബം താമസിച്ചിരുന്ന ട്രിപ്പോളിയിലെ ബാബ് അല്‍അസീസിയയില്‍ 1972 ജൂണ്‍ 25 നാണ് സൈഫുല്‍ഇസ്‌ലാം ജനിച്ചത്. കേണല്‍ മുഅമ്മര്‍ അല്‍ഖദ്ദാഫിയുടെയും രണ്ടാമത്തെ ഭാര്യ സഫിയ ഫര്‍കാഷിന്റെയും മൂത്ത മകനാണ്. സൈഫുല്‍ഇസ്‌ലാമിന് ഒരു സഹോദരി അടക്കം ആറ് സഹോദരങ്ങളുണ്ട്.
2011 ജൂണില്‍ സൈഫുല്‍ഇസ്‌ലാമിനെതിരെ അന്താരാഷ്ട്ര ക്രിമിനല്‍ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. 2011 ഓഗസ്റ്റില്‍ ട്രിപ്പോളി പോരാട്ടത്തിനിടെ അദ്ദേഹത്തെ പിടികൂടിയതായി നാഷണല്‍ ട്രാന്‍സിഷണല്‍ കൗണ്‍സില്‍ അറിയിച്ചു. എന്നാല്‍ അറസ്റ്റ് നിഷേധിച്ച് ഏതാനും മണിക്കൂറുകള്‍ക്ക് ശേഷം അദ്ദേഹം ടെലിവിഷന്‍ ചാനലുകളില്‍ പ്രത്യക്ഷപ്പെട്ടു. 2011 നവംബര്‍ 19 ന് ഉബാരി നഗരത്തിനടുത്തുള്ള (സബയില്‍ നിന്ന് 200 കിലോമീറ്റര്‍ പടിഞ്ഞാറ്) മരുഭൂമിയില്‍ വെച്ച് അദ്ദേഹത്തെയും കൂട്ടാളികളെയും അറസ്റ്റ് ചെയ്തു. 2017 ജൂണില്‍ ലിബിയന്‍ അബൂബക്കര്‍ അല്‍സിദ്ദീഖ് ബ്രിഗേഡ് സിന്ദാന്‍ നഗരത്തില്‍ നിന്ന് സൈഫുല്‍ഇസ്‌ലാമിനെ വിട്ടയക്കുകയും അദ്ദേഹം നഗരം വിട്ടുപോകുന്നതായി പ്രഖ്യാപിക്കുകയും ചെയ്തു.
സൈഫുല്‍ഇസ്‌ലാം തന്റെ കുപ്രസിദ്ധ പിതാവിന്റെ അനന്തരാവകാശി എന്ന നിലയില്‍ നിന്ന്, വര്‍ഷങ്ങളോളം തടങ്കലില്‍ കഴിയുകയും വിദൂര പര്‍വത ഗ്രാമത്തില്‍ ഒളിവില്‍ കഴിയുകയും ചെയ്ത വ്യക്തിയായി മാറി. പിന്നീട് പ്രസിഡന്റ് സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചു. ഈ നീക്കം രാജ്യത്ത് തെരഞ്ഞെടുപ്പ് നടത്താനുള്ള ശ്രമങ്ങളെ തടസ്സപ്പെടുത്തി. സൈഫുല്‍ഇസ്‌ലാം ഒരിക്കലും ഔദ്യോഗിക പദവി വഹിച്ചിരുന്നില്ലെങ്കിലും, 40 വര്‍ഷത്തിലേറെ ലിബിയ ഭരിച്ച പിതാവ് മുഅമ്മര്‍ അല്‍ഖദ്ദാഫി കഴിഞ്ഞാല്‍ എണ്ണ സമ്പന്നമായ വടക്കേ ആഫ്രിക്കന്‍ രാജ്യത്ത് ഏറ്റവും ശക്തനായ വ്യക്തിയായി അദ്ദേഹം ഒരുകാലത്ത് കണക്കാക്കപ്പെട്ടിരുന്നു. രാജ്യത്തിന്റെ നയങ്ങള്‍ രൂപപ്പെടുത്തുന്നതിലും സെന്‍സിറ്റീവ്, നിര്‍ണായക നയതന്ത്ര ദൗത്യങ്ങള്‍ക്ക് മധ്യസ്ഥത വഹിക്കുന്നതിലും സൈഫുല്‍ഇസ്‌ലാം പ്രധാന പങ്ക് വഹിച്ചു.
ലിബിയ കൂട്ട നശീകരണ ആയുധങ്ങള്‍ ഉപേക്ഷിക്കുന്നതിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ക്കും അദ്ദേഹം നേതൃത്വം നല്‍കി. 1988-ല്‍ സ്‌കോട്ട്‌ലന്‍ഡിലെ ലോക്കര്‍ബിയില്‍ പാന്‍ ആം 103-ാം നമ്പര്‍ ഫ്‌ലൈറ്റ് സ്‌ഫോടനത്തത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്ന കാര്യത്തിലും ചര്‍ച്ച നടത്തിയത് സൈഫുല്‍ഇസ്‌ലാം ആയിരുന്നു. ലിബിയയുടെ പരിഹാസ പദവി ഇല്ലാതാക്കാന്‍ ശ്രമിച്ച്, സൈഫുല്‍ഇസ്‌ലാം പാശ്ചാത്യ രാജ്യങ്ങളുമായി ഇടപഴകി, സ്വയം ഒരു പരിഷ്‌കര്‍ത്താവ് ആയി അവതരിപ്പിക്കുകയും ഭരണഘടനക്കും മനുഷ്യാവകാശങ്ങളോടുള്ള ബഹുമാനത്തിനും വേണ്ടി വാദിക്കുകയും ചെയ്തു.
ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സില്‍ നിന്ന് വിദ്യാഭ്യാസം നേടിയ സൈഫുല്‍ഇസ്‌ലാമിന് ഇംഗ്ലീഷ് നന്നായി അറിയാമായിരുന്നു. ഒരുകാലത്ത് പല സര്‍ക്കാരുകളും ലിബിയയിലെ ഏറ്റവും സ്വീകാര്യവും പാശ്ചാത്യ അംഗീകാരമുള്ളതുമായ വ്യക്തിയായി അദ്ദേഹത്തെ വീക്ഷിച്ചു.
2011 -ല്‍ ഖദ്ദാഫിയുടെ ഭരണത്തിനെതിരെ പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടപ്പോള്‍, സൈഫുല്‍ഇസ്‌ലാം ഉടന്‍ തന്നെ വിമതര്‍ക്കെതിരായ ക്രൂരമായ അടിച്ചമര്‍ത്തലിന്റെ ശില്‍പികളില്‍ ഒരാളായി മാറി. അവരെ അദ്ദേഹം എലികള്‍ എന്ന് വിളിച്ചു. ഞങ്ങള്‍ ഇവിടെ ലിബിയയില്‍ പോരാടുകയാണ്, ഞങ്ങള്‍ ഇവിടെ ലിബിയയില്‍ മരിക്കും – വിപ്ലവ സമയത്ത് റോയിട്ടേഴ്സിനോട് സംസാരിച്ച അദ്ദേഹം പറഞ്ഞു. രക്തപ്പുഴകള്‍ ഒഴുകുമെന്നും അവസാന പുരുഷനും സ്ത്രീയും അവസാന വെടിയുണ്ടയും തീരുന്നതുവരെ സര്‍ക്കാര്‍ പോരാടുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
തലസ്ഥാനമായ ട്രിപ്പോളിയുടെ നിയന്ത്രണം പ്രതിപക്ഷം പിടിച്ചെടുത്തതോടെ സൈഫുല്‍ഇസ്‌ലാം ബെദൂയിന്‍ ആയി വേഷംമാറി അയല്‍രാജ്യമായ നൈജറിലേക്ക് പലായനം ചെയ്യാന്‍ ശ്രമിച്ചു. അബൂബക്കര്‍ അല്‍സിദ്ദീഖ് ബ്രിഗേഡ് എന്ന സായുധ സംഘം സൈഫുല്‍ഇസ്‌ലാമിനെ മരുഭൂ വഴിയില്‍ വെച്ച് പിടികൂടി രാജ്യത്തിന്റെ പടിഞ്ഞാറുള്ള സിന്ദാന്‍ നഗരത്തിലേക്ക് വിമാനമാര്‍ഗം കൊണ്ടുപോയി. പ്രതിപക്ഷം അദ്ദേഹത്തിന്റെ പിതാവിനെ വേട്ടയാടി വെടിവെച്ച് കൊലപ്പെടുത്തി ഏകദേശം ഒരു മാസത്തിനുശേഷമായിരുന്നു ഇത്.



