കൊച്ചി– ശബരിമല സ്വർണ്ണക്കൊള്ളക്കേസിലെ കള്ളപ്പണ ഇടപാടുകളുമായി ബന്ധപ്പെട്ട് വിവരങ്ങൾ ചോദിച്ചറിയുന്നതിനായി നടൻ ജയറാമിന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) സമൻസ് അയച്ചു. അടുത്ത ചൊവ്വാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിർദ്ദേശം. ശബരിമലയിലെ കട്ടിളപ്പാളി ജയറാമിന്റെ വീട്ടിലെത്തിച്ച് പൂജ നടത്തുന്ന ചിത്രങ്ങൾ നേരത്തെ പുറത്തുവന്ന സാഹചര്യത്തിൽ, ഇതുവഴി പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയ്ക്ക് ഏതെങ്കിലും തരത്തിലുള്ള സാമ്പത്തിക നേട്ടം ഉണ്ടായിട്ടുണ്ടോ എന്ന് വ്യക്തത വരുത്താനാണ് ഇഡിയുടെ നീക്കം. പിഎംഎൽഎ (PMLA) ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുന്ന ഇഡി, സാക്ഷി പട്ടികയിലുള്ള ജയറാമിന് പുറമെ കേസിൽ ഉൾപ്പെട്ട കൂടുതൽ പേർക്ക് നോട്ടീസ് അയക്കാൻ തീരുമാനിച്ചിട്ടുണ്ട്.
മുമ്പ് പ്രത്യേക അന്വേഷണ സംഘവും (SIT) ജയറാമിനെ ചെന്നൈയിലെ വീട്ടിലെത്തി ചോദ്യം ചെയ്തിരുന്നു. ശബരിമലയിൽ വച്ചാണ് ഉണ്ണികൃഷ്ണൻ പോറ്റിയുമായി ബന്ധം തുടങ്ങിയതെന്നും, പോറ്റി പലതവണ പൂജകൾക്കായി തന്റെ വീട്ടിലെത്തിയിട്ടുണ്ടെന്നും ജയറാം അന്ന് മൊഴി നൽകിയിരുന്നു. സ്മാർട്ട് ക്രിയേഷനിൽ കട്ടിളപ്പാളി പൂജിച്ചപ്പോൾ പോറ്റി വിളിച്ചതനുസരിച്ച് പങ്കെടുത്തതല്ലാതെ മറ്റ് സാമ്പത്തിക ഇടപാടുകളെക്കുറിച്ചോ തട്ടിപ്പിനെക്കുറിച്ചോ തനിക്കറിയില്ലെന്നാണ് ജയറാം വ്യക്തമാക്കിയത്.



