വാഷിംഗ്ടൺ: യുഎസ് ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിൽ ‘നിയമവിരുദ്ധമായി’ താമസിക്കുന്ന ഇന്ത്യൻ പൗരന്മാരുടെ “നിയമപരമായ തിരിച്ചുവരവിന്” ഇന്ത്യ വാതിലുകൾ തുറന്നിരിക്കുന്നുവെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ വ്യക്തമാക്കി. നിയമപരമായി ഇവിടെ നിൽക്കാൻ യോഗ്യതയില്ലാത്ത ഇന്ത്യയുടെ പൗരന്മാരിൽ ആരെങ്കിലും ഉണ്ടെങ്കിൽ, അവർ ഇന്ത്യൻ പൗരന്മാരാണെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ടെങ്കിൽ, അവരുടെ ഇന്ത്യയിലേക്കുള്ള നിയമാനുസൃതമായ തിരിച്ചുവരവിന് ഞങ്ങൾ എല്ലായ്പ്പോഴും വാതിലുകൾ തുറന്നിട്ടിരിക്കുന്നുവെന്ന് വാഷിംഗ്ടൺ ഡി.സിയിൽ നടന്ന പത്രസമ്മേളനത്തിൽ ജയശങ്കർ പറഞ്ഞു.ഈ വിഷയത്തിൽ ഇന്ത്യയുടെ നിലപാട് “സ്ഥിരവും” “തത്ത്വപരവുമാണ്” എന്ന് അദ്ദേഹം സ്ഥിരീകരിച്ചു, ഇക്കാര്യം യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയെ അറിയിക്കുകയും ചെയ്തു.
ഇന്ത്യക്കും അമേരിക്കക്കും ഇടയിലുള്ള ‘നിയമപരമായ കുടിയേറ്റത്തെ വളരെയധികം പിന്തുണയ്ക്കുന്നുണ്ടെന്നും ഇന്ത്യൻ കഴിവുകൾക്കും പ്രതിഭകൾക്കും ആഗോള തലത്തിൽ മികച്ച അവസരം ലഭിക്കണമെന്ന് ആഗ്രഹിക്കുന്നുവെന്നും ജയശങ്കർ ഊന്നിപ്പറഞ്ഞു. നിയമവിരുദ്ധ കുടിയേറ്റത്തെ ഇന്ത്യ ശക്തമായി എതിർക്കുന്നുവെന്നും അത് നല്ലതല്ലെന്നും വ്യക്തമാക്കിയ ജയശങ്കർ അനധികൃത കുടിയേറ്റം നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് കാരണമാകുമെന്നും പറഞ്ഞു.
“ഒരു ഗവൺമെന്റ് എന്ന നിലയിൽ, നിയമപരമായ കുടിയേറ്റത്തെ ഞങ്ങൾ വളരെയധികം പിന്തുണയ്ക്കുന്നു. കാരണം ഞങ്ങൾ ഒരു ആഗോള ജോലിസ്ഥലത്ത് വിശ്വസിക്കുന്നു. ഇന്ത്യൻ പ്രതിഭകൾക്കും ഇന്ത്യൻ കഴിവുകൾക്കും ആഗോള തലത്തിൽ പരമാവധി അവസരം ലഭിക്കണമെന്ന് ആഗ്രഹിക്കുന്നു, അതേസമയം, നിയമവിരുദ്ധ കുടിയേറ്റത്തെ ഞങ്ങൾ ശക്തമായി എതിർക്കുന്നു. ഇത്തരം കുടിയേറ്റം അഭികാമ്യമല്ല. ഇത് തീർച്ചയായും നല്ലതല്ലെന്നും അദ്ദേഹം പറഞ്ഞു.
യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായുള്ള കൂടിക്കാഴ്ചയിൽ, യുഎസ് വിസ ലഭിക്കുന്നതിനുള്ള നീണ്ട കാത്തിരിപ്പ് കാലയളവ് ചൂണ്ടിക്കാട്ടിയ ജയശങ്കർ ഇത് മികച്ച ബന്ധത്തിന് തടസം സൃഷ്ടിക്കുന്നതായും വ്യക്തമാക്കി.
യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സത്യപ്രതിജ്ഞ ചടങ്ങിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് വിദേശകാര്യ മന്ത്രി ജയശങ്കർ പങ്കെടുത്തു. ട്രംപിനുള്ള മോഡിയുടെ കത്തും അദ്ദേഹം കൈമാറി.