നാഗ്പുർ- ഔറംഗസേബിന്റെ ശവകുടീരം പൊളിച്ചുമാറ്റണമെന്ന വാദം അനാവശ്യമാണെന്ന് ആർ.എസ്.എസ് നേതാവ് സുരേഷ് ‘ഭയ്യാജി’ ജോഷി. വിശ്വാസമുള്ള ആർക്കു വേണമെങ്കിലും ശവകുടീരം സന്ദർശിക്കാമെന്നും നാഗ്പൂരിലെ ഒരു പരിപാടിക്കിടെ ജോഷി മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് ഉത്തരമായി പറഞ്ഞു. ഔറംഗസേബിന്റെ ശവകുടീരവുമായി ബന്ധപ്പെട്ട് വർഗീയ സംഘർഷം സൃഷ്ടിക്കാനുള്ള ശ്രമങ്ങളെ മഹാരാഷ്ട്ര നവനിർമ്മാൺ സേന (എംഎൻഎസ്) മേധാവി രാജ് താക്കറെ ഞായറാഴ്ച വിമർശിച്ചിരുന്നു.
ചരിത്രത്തെ ജാതിയുടെയും മതത്തിന്റെയും ചട്ടക്കൂടിൽനിന്ന് കാണരുത് എന്നായിരുന്നു താക്കറെയുടെ വാക്കുകൾ. ചരിത്രപരമായ വിവരങ്ങൾക്കായി വാട്ട്‌സ്ആപ്പ് ഫോർവേഡുകളെ ആശ്രയിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ശിവാജി എന്ന ചിന്തയെ കൊല്ലാന്നാണ് മുഗൾ ഭരണാധികാരി ആഗ്രഹിച്ചത്. പക്ഷെ, അദ്ദേഹത്തിന് പരാജയപ്പെടുകയും മഹാരാഷ്ട്രയിൽ മരിക്കുകയും ചെയ്തു.
ബിജാപൂർ ജനറൽ അഫ്സൽ ഖാനെ പ്രതാപ്ഗഡ് കോട്ടയ്ക്ക് സമീപമാണ് മറവു ചെയ്തത്. ഛത്രപതി ശിവാജി മഹാരാജിന്റെ അനുമതിയില്ലാതെ അത് ചെയ്യാൻ കഴിയില്ലായിരുന്നുവെന്ന് എംഎൻഎസ് മേധാവി താക്കറെ പറഞ്ഞിരുന്നു.
രാജ് താക്കറെയുടെ അഭിപ്രായങ്ങളെക്കുറിച്ചും മുഗൾ ചക്രവർത്തിയുടെ ശവകുടീരം സംബന്ധിച്ച വിഷയത്തെക്കുറിച്ചും ചോദിച്ചപ്പോഴാണ് ഔറംഗസേബിന്റെ ശവകുടീരം എന്ന വിഷയം അനാവശ്യമായി ഉയർത്തിക്കൊണ്ടുവന്നതെന്ന് ജോഷി മറുപടി പറഞ്ഞത്. ഔറംഗസേബ് ഇവിടെയാണ് മരിച്ചത്. അതിനാൽ അദ്ദേഹത്തിന്റെ ശവകുടീരം ഇവിടെയാണ് നിർമ്മിച്ചിരിക്കുന്നത്. വിശ്വാസമുള്ളവർ അവിടെ പോകും. ഞങ്ങൾക്ക് ഛത്രപതി ശിവാജി മഹാരാജിന്റെ ആദർശം ഉണ്ട്. അദ്ദേഹം അഫ്സൽ ഖാന്റെ ശവകുടീരം നിർമ്മിച്ചു. ഇത് ഇന്ത്യയുടെ ഔദാര്യത്തിന്റെയും ഉൾക്കൊള്ളലിന്റെയും പ്രതീകമാണ്. ശവകുടീരം നിലനിൽക്കും, പോകാൻ ആഗ്രഹിക്കുന്നവർ പോകും,” മുൻ ആർ.എസ്.എസ് ജനറൽ സെക്രട്ടറി കൂട്ടിച്ചേർത്തു.