ലഖ്‌നൗ: സണ്‍റൈസേഴ്‌സിന് നഷ്ടപ്പെടാനൊന്നുമുണ്ടായിരുന്നില്ല. ബംഗളൂരുവിനാണെങ്കില്‍ പ്ലേഓഫില്‍ ആദ്യ രണ്ട് സ്ഥാനം ഉറപ്പിക്കാന്‍ ഇന്ന് വിജയം അനിവാര്യവുമായിരുന്നു. എന്നാല്‍, പോകുന്ന പോക്കില്‍ റോയല്‍ ചലഞ്ചേഴ്‌സിന് ഒരു പണികൊടുത്ത് പോകുകയായിരുന്നു പാറ്റ് കമ്മിന്‍സും സംഘവും ചെയ്തത്. ലഖ്‌നൗ ഏകന സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 42 റണ്‍സിനാണ് ഹൈദരാബാദ് ബംഗളൂരുവിനെ തോല്‍പ്പിച്ചത്. ആദ്യ മത്സരത്തിലെ സെഞ്ച്വറിയില്‍ തുടങ്ങി അവസാന മത്സരത്തില്‍ സെഞ്ച്വറിയോളം പോന്ന ഇന്നിങ്‌സില്‍ അവസാനിപ്പിച്ച ഇഷന്‍ കിഷന്‍(94*) ആണ് കളിയിലെ താരം. സണ്‍റൈസേഴ്‌സ് ഉയര്‍ത്തിയ 231 എന്ന കൂറ്റന്‍ ടോട്ടല്‍ പിന്തുടര്‍ന്നിറങ്ങിയ റോയല്‍ ചലഞ്ചേഴ്‌സിന്റെ പോരാട്ടം 189 റണ്‍സില്‍ അവസാനിക്കുകയായിരുന്നു.
ടോസ് ലഭിച്ചിട്ടും ബൗളിങ് തിരഞ്ഞെടുത്ത ബംഗളൂരുവിന്റെ താല്‍ക്കാലിക നായകന്‍ ജിതേഷ് ശര്‍മയുടെ തീരുമാനം പാളുന്നതാണ് മൈതാനത്ത് കണ്ടത്. സണ്‍റൈസേഴ്‌സ് ഓപണര്‍മാരായ അഭിഷേക് ശര്‍മയും(17 പന്തില്‍ 34) ട്രാവിസ് ഹെഡും(10 പന്തില്‍ 17) സ്വതസിദ്ധമായ ശൈലിയില്‍ വെടിക്കെട്ട് ബാറ്റിങ്ങുമായി കളം നിറഞ്ഞു. പവര്‍പ്ലേയില്‍ തന്നെ രണ്ടുപേരും കൂടാരം കയറിയെങ്കിലും ആദ്യ ആറ് ഓവര്‍ പിന്നിടുമ്പോള്‍ രണ്ടിന് 71 ആയിരുന്നു ഹൈദരാബാദ് സ്‌കോര്‍. നാലാം വിക്കറ്റില്‍ ഹെണ്‍റിച്ച് ക്ലാസന്റെയും(13 പന്തില്‍ 24), അഞ്ചാം വിക്കറ്റില്‍ അനികേത് വര്‍മയുടെയും(ഒന്‍പത് പന്തില്‍ 26) ചെറിയ സംഭാവനകള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ ഇഷന്‍ കിഷന്റെ ഒറ്റയാള്‍ പോരാട്ടമായിരുന്നു ഇന്നു കണ്ടത്. കിഷന്‍ തന്നെയാണ് ടീമിനെ 231 എന്ന മികച്ച ടോട്ടലിലെത്തിച്ചത്. 48 പന്ത് നേരിട്ട് ഏഴ് ബൗണ്ടറിയും അഞ്ച് സിക്‌സറും സഹിതമാണ് താരം 94 റണ്‍സെടുത്തത്.
മറുപടി ബാറ്റിങ്ങില്‍ വിരാട് കോഹ്ലിയും ഫില്‍ സാള്‍ട്ടും ചേര്‍ന്ന് മികച്ച തുടക്കം നല്‍കിയിട്ടും ബംഗളൂരുവിന് അതു മുതലെടുക്കാനായില്ല. പവര്‍പ്ലേയില്‍ ടീം ഒരു വിക്കറ്റും നഷ്ടമില്ലാതെ 72 റണ്‍സ് അടിച്ചുകൂട്ടുകയും ചെയ്തു. എന്നാല്‍, തകര്‍പ്പന്‍ ഫോമില്‍ കളിച്ച കോഹ്ലിയെ പോയിന്റില്‍ അഭിഷേക് ശര്‍മയുടെ കൈകളിലെത്തിച്ച് ഹര്‍ഷ് ദുബേ ടീമിന് ബ്രേക്ത്രൂ സമ്മാനിച്ചു. 25 പന്തില്‍ ഏഴ് ബൗണ്ടറിയും ഒരു സിക്‌സറും ഉള്‍പ്പെടെ 43 റണ്‍സെടുത്താണ് കോഹ്ലി മടങ്ങിയത്. പിന്നാലെ മായങ്ക് അഗര്‍വാളും പുറത്തായി. 12-ാം ഓവറില്‍ പന്തെടുത്ത ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് അപകടകാരിയായ ഫില്‍ സാള്‍ട്ടിനെ കൂടി പുറത്താക്കിയതോടെ ബംഗളൂരു പ്രതിരോധത്തിലായി. 32 പന്തില്‍ അഞ്ച് സിക്‌സറും നാല് ബൗണ്ടറിയും അടിച്ചുപറത്തി 62 റണ്‍സെടുത്താണു താരം മടങ്ങിയത്.
പാര്‍ട്ട്‌ടൈം നായകന്‍ ജിതേഷ് ശര്‍മയും പരിക്കിന്റെ പിടിയിലുള്ള സ്ഥിരം നായകന്‍ രജത് പട്ടിദാറും ടീമിനെ കരകയറ്റാന്‍ ശ്രമിച്ചെങ്കിലും അതിന് അധികം ആയുസുണ്ടായിരുന്നില്ല. നാലാം വിക്കറ്റില്‍ 26 പന്തില്‍ 44 റണ്‍സ് സ്‌കോര്‍ബോര്‍ഡില്‍ കൂട്ടിച്ചേര്‍ത്ത സഖ്യത്തെ ഇഷാന്‍ മലിംഗ ഒരു കിടിലന്‍ റണ്ണൗട്ടിലൂടെ പുറത്താക്കി. ഇതേ ഓവറില്‍ റൊമാരിയോ ഷെഫേര്‍ഡും ഗോള്‍ഡന്‍ ഡക്കായി മടങ്ങി. പിന്നീട് വന്ന ക്രുണാല്‍ പാണ്ഡ്യയും വെടിക്കെട്ട് ഫിനിഷര്‍ ടിം ഡേവിഡും ഹൈദരാബാദിന്റെ തന്ത്രപരമായ ബൗളിങ് നീക്കത്തിനു മുന്നില്‍ നിരായുധരായി കീഴടങ്ങുകയായിരുന്നു.
നാല് ഓവറില്‍ 28 റണ്‍സ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റെടുത്ത പാറ്റ് കമ്മിന്‍സ് തന്നെയാണ് ഹൈദരാബാദ് ബൗളിങ്ങില്‍ തിളങ്ങിയത്. രണ്ട് വിക്കറ്റ് വീഴ്ത്തി ഇഷാന്‍ മലിംഗയും മികച്ച പ്രകടനം പുറത്തെടുത്തു. ജയദേവ് ഉനദ്കട്ട്, ഹര്‍ഷല്‍ പട്ടേല്‍, ഹര്‍ഷ് ദുബേ, നിതീഷ് കുമാര്‍ റെഡ്ഡി ഉള്‍പ്പെടെ ഹൈദരാബാദ് നിരയില്‍ ഇന്ന് പന്തെടുത്തവരെ വിക്കറ്റ് നേടിയ അപൂര്‍വ കാഴ്ചയ്ക്കും ലഖ്‌നൗ സാക്ഷിയായി.