ലിസ്ബണ്‍. പ്രായത്തിന്റെ പേര് പറഞ്ഞ് തന്നെ തള്ളി മാറ്റേണ്ടെന്ന് വീണ്ടും തെളിയിക്കുകയാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ഇന്ന് പുലര്‍ച്ചെ നടന്ന യുവേഫാ നേഷന്‍സ് ലീഗ് മല്‍സരത്തില്‍ സ്‌കോട്ട്‌ലന്റിനെതിരേ വിജയഗോള്‍ നേടിയാണ് റൊണാള്‍ഡോ തന്റെ കരിയര്‍ ഗോളുകളുടെ എണ്ണം 901ആക്കിയത്. മത്സരം തുടങ്ങി ഏഴാം മിനിറ്റില്‍ ലീഡ് നേടി ഞെട്ടിച്ച സ്‌കോട്‌ലന്‍ഡിനെ, മത്സരം അവസാനിക്കാന്‍ രണ്ടു മിനിറ്റു മാത്രം ശേഷിക്കെ സമനിലയുടെ വക്കില്‍നിന്നും വിജയഗോളുമായി റൊണാള്‍ഡോ രക്ഷിക്കുകയായിരുന്നു.
നേഷന്‍സ് ലീഗിലെ രണ്ടാം മത്സരത്തിന്റെ ആദ്യ പകുതിയില്‍ ഒരു ഗോളിനു പിന്നിലായിപ്പോയ പോര്‍ച്ചുഗല്‍ രണ്ടാം പകുതിയില്‍ രണ്ടു ഗോള്‍ തിരിച്ചടിച്ചാണ് ജയം സ്വന്തമാക്കിയത്. 7ാം മിനിറ്റില്‍ സ്‌കോട് മക്‌ഡൊമിനിയുടെ ഗോളില്‍ ലീഡെടുത്ത സ്‌കോട്ലന്‍ഡിനെ, ബ്രൂണോ ഫെര്‍ണാണ്ടസ് (54ാം മിനിറ്റ്), ക്രിസ്റ്റ്യാനോ റൊണാള്‍ഡോ (88) എന്നിവരുടെ ഗോളുകളിലാണ് പോര്‍ച്ചുഗല്‍ മറികടന്നത്.
പകരക്കാരനായി കളത്തിലിറങ്ങിയ റൊണാള്‍ഡോയുടെ രണ്ടു ഗോള്‍ശ്രമങ്ങള്‍ പോസ്റ്റില്‍ത്തട്ടി തെറിച്ചെങ്കിലും, മത്സരം അവസാനിക്കുന്നതിനു തൊട്ടുമുന്‍പ് ലക്ഷ്യം കണ്ടു. സമനില ഉറപ്പിച്ചുനിന്ന സ്‌കോട്ലന്‍ഡിന്റെ ചങ്കു തകര്‍ത്ത ഗോളായിരുന്നു ഇത്. ആദ്യ മത്സരത്തില്‍ പോളണ്ടിനോടും തോറ്റ സ്‌കോട്ലന്‍ഡ്, പ്രധാന മത്സരങ്ങളില്‍ വിജയമില്ലാതെ പൂര്‍ത്തിയാക്കുന്ന എട്ടാം മത്സരമാണിത്. ഏറ്റവും ഒടുവില്‍ കളിച്ച 14 മത്സരങ്ങളില്‍ അവര്‍ക്ക് ജയിക്കാനായത് ഒരേയൊരു മത്സരത്തില്‍ മാത്രം. സ്‌കോട്‌ലന്‍ഡിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മോശം പ്രകടനമാണ് ഇത്.