ന്യൂദൽഹി: ഇന്ത്യയിലുടനീളം ഇരുന്നൂറിലേറെ വിമാനങ്ങളിൽ കയറി നിരവധി യാത്രക്കാരിൽനിന്ന് കോടികണക്കിന് രൂപയുടെ ആഭരണങ്ങളും വിലയേറിയ വസ്തുക്കളും മോഷ്ടിച്ചയാളെ പോലീസ് പിടികൂടി. ദൽഹി നിവാസിയായ രാജേഷ് കപൂർ എന്നയാളാണ് പിടിയിലായത്. ആയിരകണക്കിന് കിലോമീറ്റർ ആകാശ യാത്ര ചെയ്താണ് ഇയാൾ മോഷണം നടത്തിയത്.
കഴിഞ്ഞ മാസം ഹൈദരാബാദിൽ നിന്ന് ദൽഹിയിലേക്ക് യാത്ര ചെയ്ത ഒരു സ്ത്രീ തൻ്റെ ഹാൻഡ്ബാഗിൽ നിന്ന് ഏഴ് ലക്ഷം രൂപ വിലമതിക്കുന്ന ആഭരണങ്ങൾ മോഷ്ടിച്ചതായി പരാതി നൽകിയതോടെ പോലീസ് നടത്തിയ അന്വേഷണമാണ് ഇയാളെ കുടുക്കിയത്. തൻ്റെ ക്യാബിൻ ബാഗിൽ നിന്ന് 20 ലക്ഷം രൂപയുടെ വിലപിടിപ്പുള്ള സാധനങ്ങൾ മോഷണം പോയതായി യുഎസിൽ നിന്നുള്ള ഒരു യാത്രക്കാരനും പോലീസിൽ പരാതി നൽകിയിരുന്നു.
വിമാനത്താവളങ്ങളിൽനിന്ന് മണിക്കൂറുകളോളം ദൈർഘ്യമുള്ള ദൃശ്യങ്ങൾ പരിശോധിച്ച പോലീസ് രാജേഷ് കപൂർ എന്നയാളെ അറസ്റ്റ് ചെയ്തു.
ദൽഹി, ഹൈദരാബാദ്, അമൃത്സർ വിമാനത്താവളങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച ശേഷം ദൽഹിയിലെ പഹാർഗഞ്ചിൽ നിന്നാണ് രാജേഷ് കപൂറിനെ അറസ്റ്റ് ചെയ്തത്. രാജ്യത്തെ ഏറ്റവും സുരക്ഷിതമായ എയർപോർട്ടുകളിൽ ഒരു വർഷത്തോളം കുറ്റകൃത്യം നടത്തി പിടിയിലാകാതെ എങ്ങിനെയാണ് ഇയാൾ രക്ഷപ്പെട്ടത് എന്ന കാര്യം പോലീസിനെയും അത്ഭുതപ്പെടുത്തി.
കണക്ടിംഗ് ഫ്ലൈറ്റുകൾ എടുത്ത യാത്രക്കാരെയാണ് ഇയാൾ ലക്ഷ്യമിട്ടതെന്ന് ദൽഹി പോലീസ് ഡെപ്യൂട്ടി കമ്മീഷണർ ഉഷാ രംഗ്‌രാണി പറഞ്ഞു. പ്രായമായവരേയും സ്ത്രീകളെയുമാണ് ഇയാൾ ഉന്നംവെച്ചത്. വിമാനത്താവളത്തിൽ വെച്ച് യാത്രക്കാരെ നിരീക്ഷിച്ചാണ് തുടക്കം. ബാഗിനുള്ളിലെ വിലപിടിപ്പുള്ള വസ്തുക്കളെ കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ ലഭിക്കുന്നതിന് യാത്രക്കാരെ പിന്തുടരുകയോ ലഗേജ് ഡിക്ലറേഷൻ സ്ലിപ്പിലെ വിവരങ്ങൾ തന്ത്രപൂർവ്വം വായിക്കുകയോ ചെയ്യും. ബോർഡിംഗ് ഗേറ്റിൽ വച്ചാണ് ലക്ഷ്യമിട്ട യാത്രക്കാരുമായി ഇയാൾ കൂടുതൽ ഇടപഴകുന്നത്.
ലക്ഷ്യമിട്ട യാത്രക്കാരൻ്റെ അരികിൽ ഇരിക്കാൻ സീറ്റ് മാറിയിരിക്കാൻ ഇയാൾ വിമാനജീവനക്കാരോട് അപേക്ഷിക്കും. തൻ്റെ സീറ്റ് മാറ്റാൻ ഒരു കാരണം പറയുകയും ചെയ്യും. ഓവർഹെഡ് സെക്ഷനിൽ (മുകളിൽ ലഗേജ് വെക്കുന്ന സ്ഥലം) ബാഗുകൾ ക്രമീകരിക്കുന്നതായി നടിക്കുകയും മറ്റുള്ളവരുടെ ബാഗിൽനിന്ന് ആഭരണങ്ങളും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും മോഷ്ടിക്കുകയും ചെയ്യും.
വിമാനക്കമ്പനികളിൽ നിന്ന് പ്രതിയുടെ ഫോൺ നമ്പർ ലഭിച്ചെങ്കിലും ബുക്കിംഗ് സമയത്ത് ഒരു വ്യാജ നമ്പർ നൽകി അവരെ കബളിപ്പിക്കുകയായിരുന്നു. തെളിവുകളൊന്നും ഇയാൾ അവശേഷിപ്പിച്ചിരുന്നില്ല.
ന്യൂദൽഹി റെയിൽവേ സ്റ്റേഷന് സമീപമുള്ള ദൽഹി പഹർഗഞ്ചിലെ ഗസ്റ്റ് ഹൗസായ ‘റിക്കി ഡീലക്സ്’ രാജേഷിൻ്റെ ഉടമസ്ഥതയിലാണ്. ഗസ്റ്റ് ഹൗസിൻ്റെ മൂന്നാം നിലയിലാണ് ഇയാൾ താമസിച്ചിരുന്നത്, മറ്റ് നിലകൾ ഉപഭോക്താക്കൾക്കുള്ളതായിരുന്നു. ഇയാൾക്ക് മണി എക്‌സ്‌ചേഞ്ച് ബിസിനസും ദൽഹിയിൽ മൊബൈൽ റിപ്പയർ ഷോപ്പും ഉണ്ടായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
ദൽഹി, ചെന്നൈ, ഹൈദരാബാദ്, ചണ്ഡീഗഡ്, ബാംഗ്ലൂർ, മുംബൈ, അമൃത്സർ തുടങ്ങിയ വിമാനത്താവളങ്ങളിൽ നിന്ന് സർവീസ് നടത്തുന്ന സ്ത്രീകളുടെ ബാഗുകളിൽ നിന്ന് വിലപിടിപ്പുള്ള സാധനങ്ങൾ ഇയാൾ മോഷ്ടിച്ചു. പഹർഗഞ്ചിലെ ഇയാളുടെ വീട്ടിൽ നിന്ന് വൻതോതിൽ സ്വർണവും വെള്ളിയും കണ്ടെടുത്തു; പലതവണ മോഷ്ടിച്ച ആഭരണങ്ങൾ കരോൾ ബാഗിലെ ശരദ് ജെയിൻ എന്ന ജ്വല്ലറിക്ക് വിറ്റതായും മോഷ്ടാവ് വെളിപ്പെടുത്തി.