അൽഹസ്സ:മകന്റെയും അനന്തിരവന്റെയും ഒപ്പം റോഡരികിലൂടെ നടന്നു പോകുകയായിരുന്ന തമിഴ്നാട് സ്വദേശി വാഹനമിടിച്ച് മരിച്ചു. തമിഴ്നാട് തിരുച്ചിറപ്പള്ളി സ്വദേശിയായ ഗണപതി(56) യാണ് അൽഹസ്സ സനയ്യ റോഡിൽ വാഹനാപകടത്തിൽ മരിച്ചത്. ഗണപതിയെ വേഗത്തിൽ പാഞ്ഞു വന്ന കാർ ഇടിച്ചു തെറുപ്പിക്കുകയായിരുന്നു. മകൻ വിജയ്ബാബു നിസ്സാര പരുക്കുകളോടെ അത്ഭുതകരമായി രക്ഷപെട്ടു.
നവയുഗം സാംസ്ക്കാരികവേദി അൽഹസ സനയ്യ യൂണിറ്റ് അംഗമാണ് ഗണപതി. ഗണപതിയുടെ മകൻ വിളിച്ചു പറഞ്ഞതനുസരിച്ചു അപകടവിവരം അറിഞ്ഞ ഉടനെ നവയുഗം അൽഹസ്സ മേഖല നേതാക്കളായ ഉണ്ണി രാജന്റെയും, ഉണ്ണി മാധവത്തിന്റെയും നേതൃത്വത്തിൽ നവയുഗം നേതാക്കൾ സ്ഥലത്തെത്തുകയും, പോലീസിനെ വിവരമറിയിക്കുകയും ചെയ്തു. സൗദി പോലീസ് സ്ഥലത്തെത്തി വാഹനമോടിച്ച ഈജിപ്ഷ്യൻ പയ്യനെ അറസ്റ്റ് ചെയ്തു.
കഴിഞ്ഞ 26 വർഷമായി അൽഹസ്സയിൽ പ്രവാസിയാണ് ഗണപതി. സ്വന്തമായി കാർപെന്റർ ജോലികൾ ചെയ്തുവരികയായിരുന്നു. നവയുഗം സനയ്യ യൂണിറ്റിന്റെ പ്രവർത്തനങ്ങളിൽ സജീവമായിരുന്ന ഗണപതി, എല്ലാവരാലും ബഹുമാനിയ്ക്കപ്പെട്ട വ്യക്തിത്വമായിരുന്നു.
ശാന്തിയാണ് ഗണപതിയുടെ ഭാര്യ. മൃതദേഹം ഉടൻ നാട്ടിലെത്തിക്കും. നിയമനടപടികൾ നവയുഗത്തിന്റെ നേതൃത്വത്തിൽ പൂർത്തിയായി വരുന്നു. ഗണപതിയുടെ നിര്യാണത്തിൽ നവയുഗം സാംസ്ക്കാരികവേദി അഗാധമായ ദുഃഖം രേഖപ്പെടുത്തി.