ജിദ്ദ – സൗദിയിലെ രണ്ടാമത്തെ ദേശീയ വിമാന കമ്പനിയായ റിയാദ് എയര്‍ ഇന്നു മുതല്‍ പരീക്ഷണ സര്‍വീസുകള്‍ ആരംഭിക്കും. ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ വ്യവസ്ഥകള്‍ പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായി എയര്‍ ഓപ്പറേറ്റര്‍ സര്‍ട്ടിഫിക്കറ്റ് നേടാനാണ് കമ്പനി പരീക്ഷണ സര്‍വീസുകള്‍ നടത്തുന്നത്. റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ജിദ്ദ കിംഗ് അബ്ദുല്‍ അസീസ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലേക്കും തിരിച്ചുമാണ് ആദ്യ പരീക്ഷണ സര്‍വീസുകള്‍ നടത്തുക. ഈ സര്‍വീസുകളില്‍ യാത്രക്കാരുണ്ടാകില്ല.
അടുത്ത വര്‍ഷം ഔദ്യോഗിക സര്‍വീസുകള്‍ ആരംഭിക്കുന്നതിനുള്ള തയാറെടുപ്പിന്റെ ഭാഗമായ പരീക്ഷണ സര്‍വീസുകള്‍ മാസങ്ങള്‍ നീണ്ടുനില്‍ക്കും. ഇക്കാലത്ത് റിയാദില്‍ നിന്ന് സൗദിയിലെ വിവിധ നഗരങ്ങളിലേക്കും വിദേശ നഗങ്ങളിലേക്കും സര്‍വീസുകള്‍ നടത്തും.
റിയാദ് എയര്‍പോര്‍ട്ട് കേന്ദ്രീകരിച്ചാണ് പുതിയ വിമാന കമ്പനി സര്‍വീസുകള്‍ നടത്തുക. ഇതോടെ സൗദിയയുടെ പ്രവര്‍ത്തന കേന്ദ്രം റിയാദില്‍ നിന്ന് ജിദ്ദയിലേക്കു തന്നെ ക്രമാനുഗതമായി മാറ്റും. നേരത്തെ ജിദ്ദ എയര്‍പോര്‍ട്ട് കേന്ദ്രീകരിച്ചാണ് സൗദിയ സര്‍വീസ് നടത്തിയിരുന്നത്. സമീപ കാലത്താണ് സൗദിയ പ്രവര്‍ത്തന കേന്ദ്രം റിയാദിലേക്ക് മാറ്റിയത്.
വിഷന്‍ 2030 ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ ശ്രമിച്ച് ദേശീയ വ്യോമയാന തന്ത്രത്തിന്റെ ഭാഗമായാണ് പുതിയ വിമാന കമ്പനി സ്ഥാപിച്ചിരിക്കുന്നത്. 2030 ഓടെ സൗദിയില്‍ പ്രതിവര്‍ഷ വിമാന യാത്രക്കാരുടെ എണ്ണം 30 കോടിയായും വിനോദസഞ്ചാരികളുടെ എണ്ണം 15 കോടിയായും സൗദിയില്‍ നിന്ന് നേരിട്ട് വിമാന സര്‍വീസുകളുള്ള വിദേശ നഗരങ്ങളുടെ എണ്ണം 250 ആയും ഉയര്‍ത്താന്‍ ലക്ഷ്യമിടുന്നു.
സൗദിയില്‍ പുതിയ എയര്‍ കാര്‍ഗോ കമ്പനി സ്ഥാപിക്കാനും നീക്കമുണ്ട്. പുതിയ കമ്പനിക്കു വേണ്ടി കാര്‍ഗോ വിമാനങ്ങള്‍ വാങ്ങാന്‍ ബോയിംഗ്, എയര്‍ബസ് കമ്പനികളുമായി സൗദി പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ചര്‍ച്ചകള്‍ നടത്തിവരികയാണ്. സൗദി അറേബ്യയെ വാണിജ്യ മത്സരത്തിനുള്ള ഒരു ലോജിസ്റ്റിക് കേന്ദ്രമാക്കി മാറ്റാനുള്ള ശ്രമത്തിന്റെ ഭാഗമായാണിത്.
സൗദി വിമാന കമ്പനികള്‍ക്കും പുതുതായി സ്ഥാപിച്ച റിയാദ് എയറിനും വേണ്ടി പുതിയ കമ്പനി എയര്‍ കാര്‍ഗോ സേവനം നല്‍കും. ബോയിംഗ് 777, എയര്‍ബസ് 350-എ എന്നീ ഇനങ്ങളില്‍ പെട്ട കാര്‍ഗോ വിമാനങ്ങള്‍ വാങ്ങാനാണ് വിമാന കമ്പനികളുമായി പി.ഐ.എഫ് ചര്‍ച്ചകള്‍ നടത്തുന്നത്. ചര്‍ച്ചകള്‍ പ്രാരംഭ ഘട്ടത്തിലാണ്. ഇതുവരെ അന്തിമ തീരുമാനങ്ങളൊന്നും എടുത്തിട്ടില്ലെന്ന് അഭിജ്ഞ വൃത്തങ്ങള്‍ പറഞ്ഞു.
പ്രവര്‍ത്തനം വിപുലീകരിക്കാനും ശക്തിപ്പെടുത്താനും സൗദിയയും വിവിധ പദ്ധതികള്‍ നടപ്പാക്കിവരികയാണ്. സൗദിയക്കും സൗദിയക്കു കീഴിലെ ബജറ്റ് വിമാന കമ്പനിയായ ഫ്‌ളൈ അദീല്‍ കമ്പനിക്കും വേണ്ടി 105 വിമാനങ്ങള്‍ വാങ്ങാന്‍ അടുത്തിടെ എയര്‍ബസ് കമ്പനിയുമായി സൗദിയ ഗ്രൂപ്പ് കരാര്‍ ഒപ്പുവെച്ചിരുന്നു. സൗദി അറേബ്യയുടെ വ്യോമയാന ചരിത്രത്തില്‍ എയര്‍ബസ് കമ്പനിയുമായി ഒപ്പുവെക്കുന്ന ഏറ്റവും വലിയ വിമാന ഇടപാടാണിത്. പുതിയ ഇടപാട് പ്രകാരമുള്ള ആദ്യ വിമാനം 2026 ആദ്യ പാദത്തില്‍ സൗദിയക്ക് ലഭിക്കും. 88 വിമാനങ്ങള്‍ അഞ്ചു കൊല്ലത്തിനുള്ളില്‍ കമ്പനിക്ക് ലഭിക്കും. എയര്‍ബസ് കമ്പനിയുടെ ഏറ്റവും പുതിയ വിമാനമായ എ.എ.എ വിമാനം അഞ്ചു വര്‍ഷത്തിനുള്ളില്‍ കമ്പനിക്ക് ലഭിക്കും. കഴിഞ്ഞ വര്‍ഷം വിമാന യാത്രക്കാരുടെ എണ്ണം 11.1 കോടിയിലെത്തി സൗദി അറേബ്യ പുതിയ റെക്കോര്‍ഡ് സ്ഥാപിച്ചിരുന്നു.