മുണ്ടക്കൈ- വയനാട് ഉരുള്‍പൊട്ടലുണ്ടായ പടവെട്ടിക്കുന്ന് വെള്ളാർമലയുടെ ഭാഗത്തുനിന്ന് നാലുപേരെ ജീവനോടെ രക്ഷപ്പെടുത്തിയതായി കരസേന വക്താവ് ഔദ്യോഗികമായി സ്ഥിരീകരിച്ചു. രണ്ട് പുരുഷന്മാരേയും സ്ത്രീകളേയുമാണ് രക്ഷപ്പെടുത്തിയത്. പെണ്‍കുട്ടിയുടെ കാലിന് പരുക്കേറ്റിട്ടുണ്ട്. കാഞ്ഞിരക്കത്തോട്ടത്ത് ജോണി, ജോമോള്‍, എബ്രഹാം, ക്രിസ്റ്റി എന്നിവരെയാണ് കണ്ടെത്തിയിരിക്കുന്നത്.
മേപ്പാടി പഞ്ചായത്തിലെ പുഞ്ചിരിമട്ടത്ത് ഉരുള്‍പൊട്ടി മണ്ണില്‍ പുതഞ്ഞ മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങളില്‍ കാണാതായവര്‍ക്കായുള്ള തെരച്ചില്‍ പുരോഗമിക്കുകയാണ്. ഉരുള്‍വെള്ളം ഒഴുകിയ പ്രദേശത്തെ ആറ് മേഖലയായി തിരിച്ചാണ് തെരച്ചില്‍. വിവിധ സൈനിക വിഭാഗങ്ങളും പോലീസ്, വനം ഉദ്യോഗസ്ഥരും
സന്നദ്ധ പ്രവര്‍ത്തകരും നാട്ടുകാരും ഉള്‍പ്പെടെ 1,400 ഓളം പേരാണ് 40 സംഘങ്ങളായി തിരിഞ്ഞ് തെരച്ചില്‍ നടത്തുന്നത്. തദ്ദേശീയരായ മൂന്ന് പേരടങ്ങുന്നതാണ് ഓരോ സംഘവും. ഓരോ സംഘത്തിലും സ്ഥലപരിചയമുള്ള വനം ഓരോ വനം ജീവനക്കാരനും ഉള്‍പ്പെടും.
അട്ടമല-ആറന്മല, മുണ്ടക്കൈ, പുഞ്ചിരിമട്ടം, വെള്ളാര്‍മല വില്ലേജ് റോഡ്, വെള്ളാര്‍മല ജിവിഎച്ച്എസ്എസ്, വെള്ളാര്‍മല, പുഴയടിവാരം എന്നിങ്ങനെയാണ് ഉരുള്‍വെള്ളം ഒഴുകിയ പ്രദേശത്തെ മേഖലകളായി തിരിച്ചത്.
തെരച്ചലിനു നിയോഗിച്ച സംഘങ്ങള്‍ ചൂരല്‍മലയില്‍ 190 അടി നീളത്തില്‍ കരസേനയുടെ മദ്രാസ് എന്‍ജിനിയറിംഗ് ഗ്രൂപ്പ് നിര്‍മിച്ച പാലം കടന്ന് രാവിലെ തന്നെ മുണ്ടക്കൈ ഉള്‍പ്പെടെ ഭാഗങ്ങളില്‍ എത്തി. ഉരുള്‍വെള്ളം പരന്നൊഴുകിയ പ്രദേശത്ത് കല്ലും മണ്ണും മരക്കഷണങ്ങളും നീക്കിയും മണ്ണില്‍ പുതഞ്ഞ നിലയില്‍ കാണുന്ന വീടുകള്‍ യന്ത്രസഹായത്തോടെ പൊളിച്ചുമാണ് പരിശോധന തുടരുന്നത്. ഐ ബോഡ് പരിശോധനയും ഇന്നുണ്ടാകും.
ദുരന്തമേഖലയില്‍നിന്നു ചാലിയാറില്നിന്നുമായി 291 മൃതദേഹങ്ങളാണ് ഇതിനകം ലഭിച്ചത്. 206 പേരെ കണ്ടെത്താനുണ്ട്. മുണ്ടക്കൈയിലും ചൂരല്‍മലയിലും അവശിഷ്ടങ്ങള്‍ക്കടിയില്‍ ആരും ജീവനോടെയില്ലെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ വിലയിരുത്തല്‍. കാണാതായതില്‍ 29 കുട്ടികള്‍ ഉള്‍പ്പെടും.
189 മരണമാണ് ഇതിനകം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ാലിയാറില് കണ്ടെത്തിയതില്‍ 58 മൃതദേഹവും 95 ശരീരഭാഗവും ഇന്നലെ മേപ്പാടിയില്‍ എത്തിച്ചു. പോസ്റ്റുമോര്‍ട്ടം കഴിഞ്ഞതില്‍ 105 മൃതദേഹം ബന്ധുക്കക്ക് വിട്ടുകൊടുത്തു. അവകാശികളില്ലാത്ത മൃതദേഹങ്ങള്‍ സര്‍ക്കാര്‍ സംസ്കരിക്കും. ഇതിനു പ്രോട്ടോക്കോള്‍ തയാറാക്കിയിട്ടുണ്ട്. മുണ്ടക്കൈ, ചൂരല്‍മല ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ആരംഭിച്ച ഒന്‍പത് ദുരിതാശ്വാസ ക്യാമ്പുകളില്‍ 578 കുടുംബങ്ങളിലെ 2,328 പേര് കഴിയുന്നുണ്ട്. വീടുകള്‍ ഉള്‍പ്പെടെ 348 കെട്ടിടങ്ങളെ ഉരുള്‍പൊട്ടല്‍ ബാധിച്ചു.
വയനാട് ദുരന്തം: ഭർത്താവിന് പിന്നാലെ ഭാര്യയും യാത്രയായി
തലശേരി: മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടലിൽ മരിച്ച തലശേരി സ്വദേശിയായ എസ്റ്റേറ്റ് ഉടമക്ക് പിന്നാലെ ഭാര്യയും യാത്രയായി. പി.കെ. പാർഥന്റെ ഭാര്യ നന്ദ (68) ആണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് തലശ്ശേരി ചേറ്റംകുന്നിലെ കരുണസരോജം വസതിയിൽ കൊണ്ടുവന്ന് ചിറക്കര കണ്ടിക്കൽ നിദ്രാതീരം ശ്മശാനത്തിൽ സംസ്കരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മുണ്ടക്കൈ ജുമാമസ്ജിദ് പരിസരത്തുനിന്ന് നന്ദയുടെ മൃതദേഹവും കണ്ടെത്തിയത്.
കൈയിൽ അണിഞ്ഞ ഭർത്താവിന്റെ പേരുള്ള വിവാഹമോതിരത്തിൽ നിന്നാണ് നന്ദയുടെ മൃതദേഹം ബന്ധുക്കൾ തിരിച്ചറിഞ്ഞത്. സ്ഥിരീകരണത്തിനുശേഷം രാത്രി വൈകിയാണ് വിവരം പുറത്തുവിട്ടത്. വർഷങ്ങളായി പാർഥൻ ഭാര്യ നന്ദക്കൊപ്പം മുണ്ടക്കൈയിലാണ് താമസം.