ജിദ്ദ – സൗദിയില്‍ ജോലി ചെയ്യുന്ന പ്രവാസികള്‍ നിയമാനുസൃത മാര്‍ഗങ്ങളിലൂടെ കഴിഞ്ഞ മാസം സ്വദേശങ്ങളിലേക്ക് അയച്ച പണത്തില്‍ 23 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. ഒക്‌ടോബറില്‍ 1,340 കോടി റിയാലാണ് പ്രവാസികള്‍ നിയമാനുസൃത മാര്‍ഗങ്ങളിലൂടെ സ്വദേശങ്ങളിലേക്ക് അയച്ചത്. രണ്ടര വര്‍ഷത്തിനിടെ വിദേശികളുടെ റെമിറ്റന്‍സ് ഇത്രയും ഉയരുന്നത് ആദ്യമാണ്. തുടര്‍ച്ചയായി എട്ടാം മാസമാണ് വിദേശികള്‍ അയക്കുന്ന പണത്തില്‍ വളര്‍ച്ച രേഖപ്പെടുത്തുന്നത്.
ഈ വര്‍ഷം ജനുവരി മുതല്‍ ഒക്‌ടോബര്‍ വരെയുള്ള പത്തു മാസക്കാലത്ത് സൗദിയിലെ പ്രവാസികള്‍ 11,800 കോടി റിയാല്‍ നിയമാനുസൃത മാര്‍ഗങ്ങളില്‍ സ്വദേശങ്ങളിലേക്ക് അയച്ചതായി സെന്‍ട്രല്‍ ബാങ്ക് കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ കൊല്ലം ഇതേ കാലയളവിനെ അപേക്ഷിച്ച് ഈ വര്‍ഷം വിദേശികള്‍ അയച്ച പണത്തില്‍ 11 ശതമാനം വര്‍ധന രേഖപ്പെടുത്തി.
കഴിഞ്ഞ മാസം വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് സൗദി പൗരന്മാര്‍ 630 കോടി റിയാല്‍ വിദേശങ്ങളിലേക്ക് അയച്ചു. കഴിഞ്ഞ വര്‍ഷം ഒക്‌ടോബര്‍ മാസത്തെ അപേക്ഷിച്ച് ഇക്കഴിഞ്ഞ മാസം സ്വദേശികള്‍ അയച്ച പണത്തില്‍ 14 ശതമാനം വര്‍ധന രേഖപ്പെടുത്തി.
ഈ വര്‍ഷം ആദ്യത്തെ പത്തു മാസത്തിനിടെ വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് സൗദി പൗരന്മാര്‍ 5,480 കോടി റിയാലാണ് വിദേശങ്ങളിലേക്ക് അയച്ചത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് ഈ കൊല്ലം സ്വദേശികള്‍ അയച്ച പണത്തില്‍ ഏഴു ശതമാനം വളര്‍ച്ച രേഖപ്പെടുത്തി.