ജിദ്ദ – ഈ വര്‍ഷം ആദ്യത്തെ ഒമ്പതു മാസക്കാലത്ത് സൗദി ബാങ്കുകള്‍ക്ക് റെക്കോര്‍ഡ് ലാഭം. ബാങ്കുകളുടെ ലാഭം 12.6 ശതമാനം തോതില്‍ വര്‍ധിച്ച് 6,560 കോടി റിയാലായി. വായ്പാ നിരക്കുകള്‍ 20 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന തോതിലേക്ക് വര്‍ധിച്ചതാണ് റെക്കോര്‍ഡ് ലാഭം കൈവരിക്കാന്‍ ബാങ്കുകളെ സഹായിച്ചത്. പണപ്പെരുപ്പം നിയന്ത്രിക്കാന്‍ ശ്രമിച്ച് അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് സമീപ കാലത്ത് ആവര്‍ത്തിച്ച് പലിശ നിരക്കുകള്‍ ഉയര്‍ത്തിയിരുന്നു. സൗദി റിയാലിനെയും അമേരിക്കന്‍ ഡോളറിനെയും സ്ഥിരവിനിമയ നിരക്കില്‍ ബന്ധിപ്പിച്ചതിനാല്‍ അമേരിക്കന്‍ ഫെഡറല്‍ റിസര്‍വിനെ പിന്തുടര്‍ന്ന് സൗദി സെന്‍ട്രല്‍ ബാങ്കും വായ്പാ നിരക്കുകള്‍ ഉയര്‍ത്തുകയായിരുന്നു.
ലഭ്യമായ കണക്കുകള്‍ പ്രകാരം ഈ വര്‍ഷം ആദ്യത്തെ ഒമ്പതു മാസക്കാലത്ത് സൗദി ബാങ്കുകള്‍ കൈവരിച്ച ലാഭം സര്‍വകാല റെക്കോര്‍ഡ് ആണ്. മുന്‍ മാസങ്ങളെ അപേക്ഷിച്ച് സെപ്റ്റംബറില്‍ ബാങ്കുകളുടെ ലാഭത്തില്‍ രേഖപ്പെടുത്തിയ വളര്‍ച്ചക്ക് വേഗം കുറഞ്ഞു. സെപ്റ്റംബറില്‍ ലാഭം 9.4 ശതമാനം തോതിലാണ് വര്‍ധിച്ചത്. സെപ്റ്റംബറില്‍ ബാങ്കുകള്‍ 782 കോടി റിയാല്‍ ലാഭം നേടി. എങ്കിലും ചരിത്രത്തില്‍ സൗദി ബാങ്കുകള്‍ കൈവരിക്കുന്ന ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ ലാഭമാണിത്. ജൂലൈയില്‍ ബാങ്കുകള്‍ 783 കോടി റിയാല്‍ ലാഭം നേടിയിരുന്നു. ഇതാണ് സര്‍വകാല റെക്കോര്‍ഡ്. കഴിഞ്ഞ കൊല്ലം ബാങ്കുകളുടെ ലാഭം 11.7 ശതമാനം തോതില്‍ വര്‍ധിച്ച് 7,740 കോടി റിയാലായിരുന്നു.
1993 മുതല്‍ ഇതുവരെയുള്ള കാലത്ത് ഏഴു മാസങ്ങളില്‍ മാത്രമാണ് സൗദി ബാങ്കുകള്‍ നഷ്ടം രേഖപ്പെടുത്തിയത്. ഇക്കഴിഞ്ഞ മൂന്നാം പാദത്തില്‍ ബാങ്കുകളുടെ ലാഭം 13.49 ശതമാനം തോതില്‍ വര്‍ധിച്ചു. മൂന്നാം പാദത്തില്‍ ബാങ്കുകള്‍ 2,052 കോടി റിയാല്‍ ലാഭം നേടി. കഴിഞ്ഞ വര്‍ഷം മൂന്നാം പാദത്തില്‍ ഇത് 1,808 കോടി റിയാലായിരുന്നു. മൂന്നാം പാദത്തില്‍ ഏറ്റവും കൂടുതല്‍ ലാഭം നേടിയത് സൗദി നാഷണല്‍ ബാങ്ക് ആണ്. എസ്.എന്‍.ബി 537 കോടി റിയാല്‍ ലാഭം നേടി. നാഷണല്‍ ബാങ്ക് ലാഭം 7.1 ശതമാനം തോതില്‍ വര്‍ധിച്ചു. രണ്ടാം സ്ഥാനത്തുള്ള അല്‍റാജ്ഹി ബാങ്ക് ലാഭം 22.8 ശതമാനം തോതില്‍ വര്‍ധിച്ച് 510 കോടി റിയാലായി. മൂന്നാം സ്ഥാനത്തുള്ള അല്‍റിയാദ് ബാങ്ക് 265 കോടി റിയാല്‍ ലാഭം രേഖപ്പെടുത്തി. മൂന്നാം പാദത്തില്‍ ലാഭത്തില്‍ ഏറ്റവും വലിയ വളര്‍ച്ച കൈവരിച്ചത് റിയാദ് ബാങ്ക് ആണ്. ബാങ്ക് ലാഭം 27 ശതമാനം തോതില്‍ വര്‍ധിച്ചു.
സൗദി ഫ്രാന്‍സി ബാങ്ക് ഒഴികെയുള്ള ബാങ്കുകളെല്ലാം മൂന്നാം പാദത്തില്‍ ലാഭത്തില്‍ വളര്‍ച്ച രേഖപ്പെടുത്തി. സൗദി ഫ്രാന്‍സ് ബാങ്ക് ലാഭം 7.79 ശതമാനം തോതില്‍ കുറഞ്ഞ് 115 കോടി റിയാലായി. ഈ വര്‍ഷം രണ്ടാം പാദത്തെ അപേക്ഷിച്ച് മൂന്നാം പാദത്തില്‍ ബാങ്കുകളുടെ ലാഭം അഞ്ചു ശതമാനം തോതില്‍ ഉയര്‍ന്നു. രണ്ടാം പാദത്തില്‍ 1,954 കോടി റിയാലായിരുന്നു ബാങ്കുകളുടെ ലാഭം.