ജിദ്ദ – വിശുദ്ധ റമദാനിലെ ആദ്യ ദിവസങ്ങളില്‍ സൗദിയിലെ വിവിധ നഗരങ്ങളില്‍ ശരാശരി ഉപവാസ സമയം 13 മണിക്കൂർ. ഓരോ രാജ്യത്തിന്റെയും നഗരത്തിന്റെയും ഭൂമിശാസ്ത്രപരമായ സ്ഥാനം, രേഖാംശവും അക്ഷാംശവും, ഭൂമധ്യരേഖയില്‍ നിന്നുള്ള ദൂരം എന്നിവയുമായി ബന്ധപ്പെട്ട നിരവധി ഘടകങ്ങള്‍ അനുസരിച്ച് വ്രതാനുഷ്ഠാന സമയത്തില്‍ മാറ്റമുണ്ടാകും.
ഭൂമധ്യരേഖയില്‍ നിന്ന് വടക്കോ തെക്കോ അകലത്തിലാകുന്ന രാജ്യങ്ങളില്‍ ഉപവാസ സമയത്തിന് ദൈര്‍ഘ്യം കൂടും. ഒരു രാജ്യത്തു തന്നെ റമദാന്‍ മാസത്തിലെ ദിവസങ്ങള്‍ കഴിയുന്തോറും ഉപവാസ സമയത്തിന്റെ ദൈര്‍ഘ്യം വര്‍ധിക്കും. പകല്‍ സമയത്തിന്റെ ദൈര്‍ഘ്യം കൂടുന്നതിനനുസരിച്ച് ഉപവാസ സമയത്തിലെ വ്യത്യാസം ഏകദേശം ഒരു മണിക്കൂര്‍ വരെയുണ്ടാകാവുന്നതാണ്.
അറബ് രാജ്യങ്ങളില്‍ കോമറോസിലാണ് ഉപവാസ സമയത്തിന് ഏറ്റവും ദൈര്‍ഘ്യം കൂടുതല്‍. ഇവിടെ റമദാന്‍ ആദ്യത്തില്‍ ഉപവാസ സമയം 13 മണിക്കൂര്‍ 28 മിനിറ്റ് ആണ്. ഏറ്റവും കുറഞ്ഞ സമയം തുനീഷ്യയിലാണ്. ഇവിടെ ഉപവാസ സമയം 12 മണിക്കൂര്‍ 53 മിനിറ്റ് ആണ്.
ഖത്തറില്‍ 13 മണിക്കൂറും യു.എ.ഇയില്‍ 12 മണിക്കൂര്‍ 59 മിനിറ്റും ഒമാനില്‍ 12 മണിക്കൂര്‍ 59 മിനിറ്റും സിറിയയില്‍ 12 മണിക്കൂര്‍ 54 മിനിറ്റും കുവൈത്തില്‍ 12 മണിക്കൂര്‍ 56 മിനിറ്റും ജോര്‍ദാനില്‍ 12 മണിക്കൂര്‍ 55 മിനിറ്റും ഇറാഖില്‍ 12 മണിക്കൂര്‍ 54 മിനിറ്റും യെമനില്‍ 13 മണിക്കൂര്‍ ഒരു മിനിറ്റും ലെബനോനില്‍ 12 മണിക്കൂര്‍ 56 മിനിറ്റും ഫലസ്തീനില്‍ 12 മണിക്കൂര്‍ 56 മിനിറ്റും ഈജിപ്തില്‍ 12 മണിക്കൂര്‍ 56 മിനിറ്റും ലിബിയയില്‍ 12 മണിക്കൂര്‍ 55 മിനിറ്റും സുഡാനില്‍ 13 മണിക്കൂര്‍ ആറു മിനിറ്റും ജിബൂത്തിയില്‍ 13 മണിക്കൂര്‍ 14 മിനിറ്റും അള്‍ജീരിയയില്‍ 12 മണിക്കൂര്‍ 56 മിനിറ്റും മൊറോക്കൊയില്‍ 12 മണിക്കൂര്‍ 55 മിനിറ്റും മൗറിത്താനിയയില്‍ 13 മണിക്കൂറും സോമാലിയയില്‍ 13 മണിക്കൂര്‍ 14 മിനിറ്റുമാണ് റമദാന്‍ ആദ്യത്തില്‍ ശരാശരി ഉപവാസ സമയം.
ഉത്തര യൂറോപ്യന്‍ രാജ്യങ്ങളിലെ മുസ്‌ലിംകളുടെ വ്രതാനുഷ്ഠാനത്തിനാണ് ഏറ്റവും ദൈര്‍ഘ്യമുള്ളത്. സ്വീഡനിലും ഫിന്‍ലാന്റിലും നോര്‍വെയിലും ഉപവാസ സമയം ഇരുപതര മണിക്കൂറാണ്. ചില പ്രദേശങ്ങളില്‍ ഇത് 21 മണിക്കൂര്‍ കവിയും.