തിരുവനന്തപുരം: രാജ്യസഭാ സ്ഥാനാർത്ഥി സീറ്റ് നിർണയത്തിൽ ഇടതു മുന്നണിയിൽ നിലപാട് കടുപ്പിച്ച് ഘടകകക്ഷികൾ. മുന്നണിക്ക് വിജയസാധ്യതയുള്ള ആകെയുള്ള രണ്ടു സീറ്റിൽ വിട്ടുവീഴ്ചയ്ക്കില്ലെന്ന കടുത്ത നിലപാടിലാണ് നാലു പാർട്ടികൾ. സി.പി.ഐയ്ക്കും സി.പി.എമ്മിനും പുറമെ, കേരള കോൺഗ്രസ് (എം), ആർ.ജെ.ഡി പാർട്ടികളാണ് സീറ്റിനായി രംഗത്തുള്ളത്.
സി.പി.എമ്മിനൊപ്പം കേരള കോൺഗ്രസിനെ കൂടി പരിഗണിച്ച് സീറ്റ് ചർച്ചയിൽ സമവായമുണ്ടാക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയന് താൽപര്യമെങ്കിലും സി.പി.ഐയും ആർ.ജെ.ഡിയും അതിന് വഴങ്ങില്ലെന്ന കൃത്യമായ സന്ദേശമാണ് ഇടതു മുന്നണി നേതൃത്വത്തിനും സി.പി.എമ്മിനും നൽകിയിട്ടുള്ളത്.
ചില കാര്യങ്ങളിൽ വിട്ടുവീഴ്ച പാടില്ലെന്നും ഒഴിവുവരുന്ന ഒരു സീറ്റ് പാർട്ടിക്ക് കിട്ടിയേ തീരൂവെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പ്രതികരിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം സെക്രട്ടറി എം.വി ഗോവിന്ദനുമായുള്ള ചർച്ചയ്ക്കു ശേഷമായിരുന്നു ബിനോയ് വിശ്വത്തിന്റെ പ്രതികരണം.
ചർച്ചയിൽ മുന്നണിയുടെ കെട്ടുറപ്പിനായി സീറ്റ് കേരള കോൺഗ്രസ്(എം)-നായി നൽകണമെന്നമെന്ന നിർദേശം സി.പി.എം മുന്നോട്ടുവെച്ചപ്പോൾ ബിനോയ് വിശ്വം അത് തള്ളുകയായിരുന്നു. സീറ്റ് നൽകിയില്ലെങ്കിൽ കേരള കോൺഗ്രസ് എം മുന്നണി വിട്ടേക്കുമെന്നും അവരെ കൊത്തിപ്പറക്കാൻ സംഘപരിവാർ കാത്തിരിക്കുകയാണെന്നടക്കമുള്ള ചില സൂചനകൾ സി.പി.എം നേതൃത്വം ചൂണ്ടിക്കാണിച്ചെങ്കിലും തങ്ങൾക്കു ലഭിക്കേണ്ട സീറ്റിൽ വിട്ടുവീഴ്ചയില്ലെന്നായിരുന്നു ഉഭയകക്ഷി ചർച്ചയിൽ സി.പി.ഐയുടെ നിലപാട്.
അതിനിടെ, രാജ്യസഭാ സീറ്റും കേന്ദ്ര മന്ത്രിസഭാ സ്ഥാനവും ജോസ് കെ മാണിയ്ക്കു ബി.ജെ.പി വാഗ്ദാനം ചെയ്തുവെന്ന അഭ്യൂഹങ്ങൾ പാർട്ടി തള്ളിയെങ്കിലും അത്തരമൊരു സാധ്യത ഏത് നിമിഷവും പ്രതീക്ഷിക്കണം. ഇത് കേരള കോൺഗ്രസിനെ ഒന്നടങ്കം എൻ.ഡി.എയിൽ എത്തിക്കുമെന്നും വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും ഇത് വലിയ അപകടം ചെയ്യുമെന്നും സി.പി.എം കണക്കുകൂട്ടുന്നു. പാർട്ടി എം.പിയായിരുന്ന തോമസ് ചാഴിക്കാടൻ കോട്ടയം ലോക്‌സഭാ സീറ്റിൽ തോറ്റ സാഹചര്യത്തിൽ ജോസ് കെ മാണിയുടെ രാജ്യസഭാംഗത്വം കൂടി ഇല്ലാതാകുന്നത് പാർട്ടിയ്ക്ക് വലിയ ക്ഷീണമാകുമെന്നും കേരളാ കോൺഗ്രസ് വാദിക്കുന്നു. ഇക്കാര്യങ്ങളെല്ലാം സി.പി.എം നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും അതിന് അനുകൂലമായ ചിത്രം തെളിയുമെന്നുമാണ് ജോസ് കെ മാണിയുടെയും സംഘത്തിന്റെയും പ്രതീക്ഷ.
എന്നാൽ, രണ്ടാം പിണറായി മന്ത്രിസഭയിൽ പ്രാതിനിത്യമില്ലാത്ത സ്ഥിതിയ്ക്ക് രാജ്യസഭാ എം.പി സ്ഥാനത്തേക്ക് കൂടി പരിഗണിക്കാതെ ഇനി മുന്നോട്ടുപോകാനാകില്ലെന്ന കടുപ്പിച്ച നിലപാടിലാണ് ആർ.ജെ.ഡി നേതൃത്വം. അതിനാൽ പാർട്ടിക്ക് അർഹിച്ച സീറ്റും പരിഗണനയും കിട്ടിയേ തീരുവെന്നാണ് ആർ.ജെ.ഡി ജനറൽ സെക്രട്ടറി വർഗ്ഗീസ് ജോർജ്ജ് വ്യക്തമാക്കിയത്.
എന്തൊക്കെ അവകാശവാദങ്ങളുണ്ടായാലും സീറ്റ് നിർണയ പ്രശ്‌നങ്ങളിൽ തീർപ്പ് കൽപ്പിക്കാൻ ഇടതു മുന്നണിക്ക് പൊതുവെ പെട്ടെന്ന് കഴിയാറുണ്ട്. എന്നാൽ, ലോകസഭാ തെരഞ്ഞെടുപ്പിലുണ്ടായ കടുത്ത തിരിച്ചടിയും ഭരണവിരുദ്ധ വികാരവും ആരിലും ഒന്നും അടിച്ചേൽപ്പിക്കാനാവാത്ത ഒരു സാഹചര്യവും നേതൃത്വത്തിനുണ്ടാക്കിയിട്ടുണ്ട്. അപ്പോഴും ഉഭയകക്ഷി ചർച്ചകളിലൂടെ പരമാവധി വിട്ടുവീഴ്ചയിലൂടെ രണ്ടു സീറ്റിലെയും യഥാർത്ഥ അവകാശികളെ ഉടനെ പ്രഖ്യാപിക്കാനാകുമെന്ന പ്രതീക്ഷയിൽ തന്നെയാണ് നേതൃത്വം. ഇതുണ്ടാക്കുന്ന പൊട്ടിത്തെറികളും പരുക്കുകളും എങ്ങനെയാവുമെന്നതും കാത്തിരുന്ന് കാണണം. എന്തായാലും തിങ്കാളാഴ്ച ചേരുന്ന ഇടതു മുന്നണി യോഗത്തിന് മുമ്പേ സീറ്റ് പ്രശ്‌നത്തിൽ അന്തിമ ധാരണയുണ്ടാക്കാനാകുമെന്നാണ് സി.പി.എം നേതൃത്വത്തിന്റെ പ്രതീക്ഷ.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group