തിരുവനന്തപുരം- ബി.ജെ.പി കേരള സംസ്ഥാന അധ്യക്ഷനായി മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ ചുമതലയേൽക്കും. കെ. സുരേന്ദ്രന് പകരമാണ് രാജീവ് ചന്ദ്രശേഖറിനെ നിയമിക്കുന്നത്. തിരുവനന്തപുരത്ത് നടക്കുന്ന കോർ കമ്മിറ്റി യോഗത്തിലാണ് രാജീവ് ചന്ദ്രശേഖറിനെ അധ്യക്ഷനാക്കാൻ കേന്ദ്ര നേതൃത്വം നിർദ്ദേശിച്ചത്. ഏഷ്യാനെറ്റ് ചാനലിന്റെ ഉടമ കൂടിയാണ് രാജീവ് ചന്ദ്രശേഖർ. എം.ടി രമേശ്, ശോഭ സുരേന്ദ്രൻ, വി. മുരളീധരൻ, കെ.സുരേന്ദ്രൻ എന്നിവരുടെ പേരുകളാണ് ഫൈനൽ ലിസ്റ്റിലുണ്ടായിരുന്നത്. എന്നാൽ രാജീവ് ചന്ദ്രശേഖർ തന്നെ വരട്ടെ എന്ന നിലപാടാണ് കേന്ദ്ര നേതൃത്വം സ്വീകരിച്ചത്. വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പും നിയമസഭ തെരഞ്ഞെടുപ്പും ലക്ഷ്യമിട്ടാണ് ബി.ജെ.പി രാജീവ് ചന്ദ്രശേഖറിന് ചുമതല നൽകുന്നത്.
2021 മുതൽ 2024 വരെ രണ്ടാം നരേന്ദ്ര മോഡി മന്ത്രിസഭയിലെ സംസ്ഥാന ചുമതലയുള്ള കേന്ദ്ര സഹമന്ത്രിയായിരുന്ന കർണാടകയിൽ നിന്നുള്ള മുതിർന്ന ബി.ജെ.പി നേതാവാണ് രാജീവ് ചന്ദ്രശേഖർ. 2006 മുതൽ 2024 വരെ കർണാടകയിൽ നിന്നുള്ള രാജ്യസഭാംഗമായും പ്രവർത്തിച്ചു.
ഇന്ത്യൻ വ്യോമസേനയിൽ റിട്ട. എയർ കമ്മഡോറായിരുന്ന എം.കെ. ചന്ദ്രശേഖരൻ്റെയും ആനന്ദവല്ലിയുടേയും മകനായി 1964 മെയ് 31ന് ഗുജറാത്തിലെ അഹമ്മദാബാദിലാണ് രാജീവ് ചന്ദ്രശേഖർ ജനിച്ചത്. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം മണിപ്പാൽ ഇൻസ്റ്റിസ്റ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്ന് ഇലക്ട്രിക്കൽ എൻജിനീറിംഗിൽ ഡിപ്ലോമയും ചിക്കാഗോയിലെ ഇല്ലിനോയിസ് ഇൻസ്റ്റിസ്റ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്ന് കമ്പ്യൂട്ടർ സയൻസിൽ മാസ്റ്റർ ബിരുദവും നേടി. 1988 മുതൽ 1991 വരെ അമേരിക്കയിലെ ഇൻ്റൽ കമ്പ്യൂട്ടർ കമ്പനിയിൽ കമ്പ്യൂട്ടറിൻ്റെ ചിപ്പ് പ്രൊസസർ നിർമ്മിക്കുന്ന ഐ.ടി ഉദ്യോഗസ്ഥനായി ജോലി ചെയ്തു.
1991-ൽ ബിപിഎൽ ഗ്രൂപ്പ് ചെയർമാൻ ടിപിജി നമ്പ്യാരുടെ മകളെ വിവാഹം ചെയ്ത ശേഷം ഇന്ത്യയിലേക്ക് തിരിച്ചെത്തി. 1991-ൽ ബിപിഎൽ കമ്പനിയിൽ ചേർന്ന് 1994-ൽ ബിപിഎല്ലിൻ്റെ തന്നെ മൊബൈൽ ഫോൺ കമ്പനി രൂപീകരിച്ചു. 2005-ൽ അതിൻ്റെ 64 % ഓഹരികൾ എസ്സാർ ഗ്രൂപ്പിന് വിൽപ്പന നടത്തി കൈമാറി. രാജീവ് ചന്ദ്രശേഖർ സ്ഥാപിച്ച ബിപിഎൽ മൊബൈൽ കമ്പനി ലയന ശേഷം വോഡാഫോൺ എസ്സാർ കമ്പനിയായി. 2005-ൽ രാജീവ് ചന്ദ്രശേഖർ ജുപ്പീറ്റർ ഫിനാഷ്യൽ ഇൻവെസ്റ്റ്മെൻ്റ് കമ്പനി തുടങ്ങി. ഇപ്പോൾ അത് 800 മില്യൺ യു.എസ് ഡോളർ വിപണി മൂല്യമുള്ള ഒരു കമ്പനിയാണ്.
2006-ൽ ബിജെപിയിൽ ചേർന്നതോടെയാണ് രാഷ്ട്രീയ ജീവിതം തുടങ്ങുന്നത്. 2006-ൽ കർണാടകയിൽ നിന്ന് ബിജെപി സ്വതന്ത്രനായി രാജ്യസഭാംഗമായ അദ്ദേഹം പിന്നീട് രണ്ട് തവണ കൂടി രാജ്യസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 2006 മുതൽ 2024 വരെയുള്ള പതിനെട്ട് വർഷം ബിജെപി ടിക്കറ്റിൽ രാജ്യസഭാംഗമായിരുന്നു. 2021 മുതൽ 2024 വരെ രണ്ടാം നരേന്ദ്ര മോദി മന്ത്രിസഭയിലെ സംസ്ഥാന ചുമതലയുള്ള കേന്ദ്ര സഹ-മന്ത്രിയായും പ്രവർത്തിച്ചിട്ടുണ്ട്. 2020 മുതൽ ബിജെപിയുടെ ദേശീയ വക്താവാണ്.
2024-ലെ ലോക്‌സഭ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം മണ്ഡലത്തിൽ നിന്ന് ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ചെങ്കിലും സിറ്റിംഗ് എം.പിയായ ശശി തരൂരിനോട് പരാജയപ്പെട്ടു. തൃശൂർ ജില്ലയിലെ ദേശമംഗലം പഞ്ചായത്തിലെ കൊണ്ടയൂരാണ് രാജീവ് ചന്ദ്രശേഖറിൻ്റെ കേരളത്തിലെ തറവാട് വീട്. നിലവിൽ ബാംഗ്ലൂരിലാണ് താമസിക്കുന്നത്.