തിരുവനന്തപുരം– സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം കേന്ദ്രമാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ആരോപണത്തിന് കണക്കുകൾ നിരത്തി മറുപടിയുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. കഴിഞ്ഞ പത്തു വർഷത്തെ എൽഡിഎഫ് ഭരണം കേരളത്തെ നശിപ്പിക്കുകയായിരുന്നുവെന്നും പിണറായി വിജയൻ മുഖ്യമന്ത്രിയാകുമ്പോൾ 1.4 ലക്ഷം കോടി രൂപയായിരുന്ന കടം ഇപ്പോൾ 5 ലക്ഷം കോടി രൂപയായി ഉയർന്നെന്നും അദ്ദേഹം കുറ്റപ്പെടുത്തി. യുപിഎ ഭരണകാലത്ത് വെറും 72,000 കോടി രൂപ മാത്രം ലഭിച്ചിടത്ത്, 2014 മുതൽ 2024 വരെയുള്ള മോദി സർക്കാരിന്റെ കാലയളവിൽ 3.20 ലക്ഷം കോടി രൂപ കേരളത്തിന് കൈമാറിയതായി അദ്ദേഹം വ്യക്തമാക്കി. 12,000 കോടി രൂപ ലഭിച്ചില്ലെന്ന പരാതിക്ക് കാരണം കൃത്യമായ യൂട്ടിലൈസേഷൻ സർട്ടിഫിക്കറ്റ് നൽകാത്തതാണെന്നും, കേന്ദ്ര ധനമന്ത്രാലയം സഖാക്കൾക്ക് തോന്നിയപോലെ പണം ചിലവാക്കാനുള്ള സഹകരണ ബാങ്കല്ലെന്നും അദ്ദേഹം പരിഹസിച്ചു. കിഫ്ബി, പെൻഷൻ കമ്പനി എന്നിവയുടെ ബാധ്യതകളാണ് കേരളത്തിന്റെ കടമെടുപ്പ് പരിധി കുറയാൻ കാരണമെന്നും ഇത് കേന്ദ്രത്തിന്റെ തെറ്റല്ലെന്നും ബിജെപി ചൂണ്ടിക്കാട്ടി. 16,000 കോടിയുടെ കേന്ദ്രപദ്ധതികൾ നടപ്പിലാക്കാതെ തടഞ്ഞുവെച്ചിരിക്കുകയാണെന്നും, 54,000 വീടുകളിൽ കുടിവെള്ളമില്ലാത്തതും കരാറുകാർക്ക് നൽകാനുള്ള 6,000 കോടി കുടിശ്ശികയായതും ഭരണപരാജയമാണെന്നും അദ്ദേഹം ആരോപിച്ചു. വികസനം, സുരക്ഷ, വിശ്വാസ സംരക്ഷണം എന്നീ വിഷയങ്ങളിൽ മുഖ്യമന്ത്രിയെ ബിജെപി തുറന്ന സംവാദത്തിന് വെല്ലുവിളിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



