ന്യൂദൽഹി- പ്രമുഖ മാധ്യമ പ്രവർത്തകൻ ആർ. രാജഗോപാൽ ദി ടെലഗ്രാഫ് പത്രത്തിന്റെ എഡിറ്റർ അറ്റ് ലാർജ് സ്ഥാനം രാജിവെച്ചു. 1996-ൽ കൊൽക്കത്തയിൽ പത്രത്തിന്റെ ജോയിന്റ് ന്യൂസ് എഡിറ്ററായാണ് രാജഗോപാൽ ജോലിയിൽ പ്രവേശിച്ചത്. എഡിറ്റർ പദവിയിൽ ഏതാനും വർഷം മുമ്പ് ദൽഹിയിലെ മാധ്യമപ്രവർത്തകനായ സംഘർഷൻ ഠാക്കൂറിനെ മാനേജ്മെന്റ് നിയമിച്ചിരുന്നു.
അതിന് ശേഷം പത്രത്തിൽ മാസാന്ത കോളമാണ് രാജഗോപാൽ ചെയ്തിരുന്നത്. വായനക്കാരെ ആകർഷിക്കുന്ന തലക്കെട്ടുകൾ കൊണ്ട് ടെലഗ്രാഫ് പത്രത്തെ ശ്രദ്ധേയനാക്കിയത് രാജഗോപാൽ ആയിരുന്നു. ആര്‍ രാജഗോപാല്‍ പത്രാധിപരായതിന് ശേഷം പത്രത്തിന്റെ തലക്കെട്ടുകള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മണിപ്പൂരില്‍ സംഘര്‍ഷം വ്യാപിപ്പിച്ചപ്പോള്‍ പ്രതികരിക്കാതിരുന്ന പ്രധാനമന്ത്രി ഒടുവില്‍ 79 ദിവസത്തിന് ശേഷം മണിപ്പൂരിനെക്കുറിച്ച് സംസാരിച്ചപ്പോള്‍ മുതലക്കണ്ണീര്‍ എന്ന സൂചന തലക്കെട്ട് നൽകിയാണ് രാജഗോപാൽ പ്രതികരിച്ചത്. പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങിലെ സ്വാമിമാരുടെ സാന്നിധ്യത്തെ വിമര്‍ശിച്ച് 2023 ബിസി എന്ന തലക്കെട്ടിട്ടതും ഏറെ ശ്രദ്ധേയമായി.
തിരുവനന്തപുരം സ്വദേശിയായ ആര്‍ രാജഗോപാല്‍ ആറു വര്‍ഷത്തോളം ടെലഗ്രാഫിന്റെ പത്രാധിപരായി പ്രവർത്തിച്ചു. ആനന്ദബസാര്‍ ഗ്രൂപ്പിന്റെതാണ് പത്രം.