ദുബൈ– യുഎഇയിൽ വരും ദിവസങ്ങളിൽ കാലാവസ്ഥ മാറ്റങ്ങൾ തുടരുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കഴിഞ്ഞ ഒരു മാസമായി യുഎഇയിൽ കാലാവസ്ഥ മാറ്റങ്ങൾ സജീവമാണ്. തണുപ്പും മഴയും മഞ്ഞും പൊടിക്കാറ്റും നേരിയ താപനിലയും ചേർന്ന കാലാവസ്ഥയാണ് കഴിഞ്ഞ കുറച്ച് മാസങ്ങളായി കണ്ടു വരുന്നത്. കൂടാതെ വരും ദിവസങ്ങളിലും പൊടിപടലങ്ങൾ നിറഞ്ഞ കാറ്റിനും, ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് പുതിയ റിപ്പോർട്ടുകൾ വ്യക്തമാകുന്നത്. ഏപ്രിൽ 8 ഇന്ന് മുതൽ കാലാവസ്ഥയിൽ കാര്യമായ മാറ്റങ്ങൾ ഉണ്ടാകുമെന്നും വെള്ളിയാഴ്ചയോടെ മേഘാവൃതമായിരിക്കുമെന്നും അധികൃതർ അറിയിച്ചു.
ചില സ്ഥലങ്ങളിൽ ഇന്ന് രാത്രിയോടെ മഴ പെയ്യാൻ സാധ്യതയുണ്ട്. അതിനാൽ പ്രവാസികൾ ശ്രദ്ധിക്കണമെന്ന് അറിയിച്ചു, കൂടാതെ പകൽ സമയത്ത് ശക്തമായ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ അന്തരീക്ഷത്തിൽ പൊടിപടലങ്ങൾ ഉയരുകയും കാഴ്ചാപരിധി കുറയുകയും ചെയ്യും.
തുറസ്സായ സ്ഥലങ്ങളിൽ ജോലി ചെയ്യുന്നവരും യാത്ര ചെയ്യുന്നവരും ഈ സാഹചര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ് എന്നും അധികൃതർ വ്യക്തമാക്കി. അതേസമയം തീരദേശ മേഖലകളിലും ഉൾപ്രദേശങ്ങളിലും താപനില 29°C മുതൽ 33°C വരെയായിരിക്കാനാണ് സാധ്യത. എന്നാൽ പർവതപ്രദേശങ്ങളിൽ ഈ ദിവസങ്ങളിൽ തണുപ്പ് കൂടുതലായിരിക്കും.
മഴ സമയങ്ങളിൽ ദൃശ്യപരത കുറയാൻ സാധ്യതയുള്ളതിനാൽ വാഹനമോടിക്കുന്നവർ അതീവ ജാഗ്രത പാലിക്കണം. കൂടാതെ മുൻപിലുള്ള വാഹനവുമായി കൃത്യമായ അകലം പാലിക്കുകയും അമിത വേഗത ഒഴിവാക്കുകയും വേണം. ഈ ദിവസങ്ങളിൽ അറേബ്യൻ ഗൾഫിലും ഒമാൻ കടലിലും കടൽ പ്രക്ഷുബ്ധമാകാനും സാധ്യതയുണ്ട്. അതിനാൽ വിനോദസഞ്ചാര ബോട്ടുകളിൽ യാത്ര ചെയ്യുന്നത് ഒഴിവാക്കണമെന്നും മത്സ്യ തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും അറിയിച്ചു.



