ന്യൂഡൽഹി: ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ ഇന്ത്യൻ പൗരത്വം റദ്ദാക്കണമെന്ന തന്റെ ആവശ്യത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തീരുമാനമെടുക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി മുൻ കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ എസ് സുബ്രഹ്മണ്യൻ സ്വാമി കോടതിയിൽ. 2019-ൽ കേന്ദ്ര സർക്കാറിന് നിവേദനം നൽകിയിട്ടും നടപടിയുണ്ടായില്ലെന്നാണ് അദ്ദേഹം ഡൽഹി ഹൈക്കോടതിയിൽ നൽകിയ പരാതിയിലുള്ളത്.
2003-ൽ യു.കെയിൽ രജിസ്റ്റർ ചെയ്ത ബാക്ഓപ്‌സ് ലിമിറ്റഡ് എന്ന കമ്പനിയുടെ ഡയറക്ടറിൽ ഒരാളാണ് രാഹുൽ. കമ്പനിയുടെ വാർഷിക റിട്ടേൺസിൽ രാഹുൽ ബ്രിട്ടീഷ് പൗരനാണെന്ന് പറയുന്നുണ്ടെന്നും ഹർജിയിൽ ആരോപിച്ചു. ഇതിന്റെ വസ്തുത ആവശ്യപ്പെട്ട് കേന്ദ്ര അഭ്യന്തര മന്ത്രാലയത്തിന് കത്ത് നൽകിയെങ്കിലും വ്യക്തത വരുത്തിയിട്ടില്ല.
2005 ഒക്ടോബർ പത്തിനും 2006 ഒക്ടോബർ 31നും സമർപ്പിച്ച വാർഷിക റിട്ടേണുകളിലും 2009 ഫെബ്രുവരി 17ന് ബാക്ഓപ്‌സ് ലിമിറ്റഡിന്റെ പിരിച്ചുവിടൽ അപേക്ഷയിലും രാഹുൽ ബ്രീട്ടിഷ് പൗരനാണെന്ന് പറയുന്നുണ്ടെന്ന് സുബ്രഹ്മണ്യൻ സ്വാമി ആരോപിച്ചു. ഇത് ഇന്ത്യൻ ഭരണഘടനയുടെ ഒമ്പതാം അനുച്ഛേദത്തിന്റെയും 1995-ലെ ഇന്ത്യൻ പൗരത്വ നിയമത്തിന്റെയും ലംഘനമാണെന്നും ഹരജിക്കാരൻ ചൂണ്ടിക്കാട്ടുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് 2019 ഏപ്രിൽ 29ന് അഭ്യന്തര മന്ത്രാലയം രാഹുൽ ഗാന്ധിക്ക് കത്തെഴുതുകയും ഇക്കാര്യത്തിൽ രണ്ടാഴ്ചയ്ക്കുള്ളിൽ മറുപടി നൽകാനും ആവശ്യപ്പെട്ടത്. എന്നാൽ, കേന്ദ്രം കത്ത് നൽകി അഞ്ചുവർഷം കഴിഞ്ഞിട്ടും രാഹുൽ ഗാന്ധിയുടെ കാര്യത്തിൽ അഭ്യന്തര മന്ത്രാലയത്തിന് വ്യക്തതയില്ല. അതിനാൽ രാഹുലിന്റെ പൗരത്വം റദ്ദാക്കാൻ അഭ്യന്തര മന്ത്രാലയത്തിന് നിർദേശം നൽകണമെന്ന് സുബ്രഹ്മണ്യൻ സ്വാമി കോടതിയോട് അഭ്യർത്ഥിച്ചു.