ന്യൂഡൽഹി: ലോക്സഭ പ്രതിപക്ഷ നേതാവായി രാഹുൽ ഗാന്ധിയെ നിയമിക്കണമെന്ന പ്രമേയം കോൺഗ്രസ് പ്രവർത്തക സമിതി പാസാക്കി. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിലെ റായ്ബറേലിയിലും കേരളത്തിലെ വയനാട്ടിലും രാഹുൽ ഗാന്ധി വിജയിച്ചിരുന്നു. രാഹുൽ ഗാന്ധിയെ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുക്കണമെന്നത് കോൺഗ്രസ് പ്രവർത്തക സമിതിയുടെ ആഗ്രഹമായിരുന്നുവെന്ന് വർക്കിംഗ് കമ്മിറ്റി യോഗത്തിന് ശേഷം കോൺഗ്രസ് എം.പി കുമാരി സെൽജ പറഞ്ഞു. ലോകസഭയിലെ പ്രതിപക്ഷ നേതാവിൻ്റെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ സിഡബ്ല്യുസി രാഹുൽ ഗാന്ധിയോട് ഏകകണ്ഠമായി അഭ്യർത്ഥിച്ചുവെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ പറഞ്ഞു.
തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ രാഹുൽ ഗാന്ധി നടത്തിയ ശ്രമങ്ങളെ പ്രമേയം പ്രശംസിച്ചു. “രാഹുൽ ഗാന്ധിയെ പ്രധാനമായും വേറിട്ടുനിർത്തേണ്ടത് അദ്ദേഹം രൂപകല്പന ചെയ്യുകയും നയിക്കുകയും ചെയ്ത ഭാരത് ജോഡോ യാത്രയും ഭാരത് ജോഡോ ന്യായ് യാത്രയും കാരണമാണ്. അദ്ദേഹത്തിൻ്റെ ചിന്തയും വ്യക്തിത്വവും പ്രതിഫലിപ്പിച്ച ഈ രണ്ട് യാത്രകളും നമ്മുടെ രാജ്യത്തിൻ്റെ രാഷ്ട്രീയത്തിലെ ചരിത്രപരമായ വഴിത്തിരിവുകളായിരുന്നു. ലക്ഷക്കണക്കിന് പ്രവർത്തകരിലും കോടിക്കണക്കിന് വോട്ടർമാരിലും രാഹുൽ ഗാന്ധിയുടെ യാത്ര ആത്മവിശ്വാസം മുളപ്പിച്ചു. അദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം ഏകമനസ്സുള്ളതും മൂർച്ചയുള്ളതുമായിരുന്നു. നമ്മുടെ റിപ്പബ്ലിക്കിൻ്റെ ഭരണഘടനയുടെ സംരക്ഷണത്തെ കേന്ദ്ര വിഷയമാക്കിയാണ് രാഹുൽ സംസാരിച്ചത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ വളരെ ശക്തമായി പ്രതിധ്വനിച്ച പാഞ്ച്ന്യായ്-പച്ചീസ് ഗ്യാരണ്ടി പരിപാടി യുവാക്കൾ, സ്ത്രീകൾ, കർഷകർ, തൊഴിലാളികൾ, ദളിതർ, ആദിവാസികൾ, ഒബിസികൾ എന്നിവരെ ആകർഷിച്ചുവെന്നും രാഹുൽ പറഞ്ഞു.
കോൺഗ്രസ് പാർലമെൻ്ററി പാർട്ടിയോഗത്തിൽ മുൻ അധ്യക്ഷ സോണിയ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, മനീഷ് തിവാരി, ഡികെ ശിവകുമാർ, രേവന്ത് റെഡ്ഡി തുടങ്ങിയവർ പങ്കെടുത്തു.
രാഹുൽ ഗാന്ധി പ്രധാന റോൾ ഏറ്റെടുക്കണമെന്ന് കഴിഞ്ഞ ദിവസം നിരവധി പാർട്ടി നേതാക്കൾ ആവശ്യപ്പെട്ടിരുന്നു.
രാഹുൽ ഗാന്ധി പ്രതിപക്ഷ നേതാവാകണം എന്നത് 140 കോടി ഇന്ത്യക്കാരുടെ ആവശ്യമാണെന്ന് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി പറഞ്ഞു. നിലവിൽ നൂറു പേരുടെ പിന്തുണയാണ് ലോക്സഭയിൽ കോൺഗ്രസിനുള്ളത്.