ന്യൂദൽഹി- ഭരണഘടനയെ സംരക്ഷിക്കാനുള്ള പോരാട്ടമാണ് ഈ തെരഞ്ഞെടുപ്പിൽ നടത്തിയതെന്നും അതിൽ വിജയിച്ചുവെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനങ്ങൾക്കിടെ നടത്തിയ വാർത്താ സമ്മേളനത്തിലാണ് രാഹുൽ ഇക്കാര്യം പറഞ്ഞത്. ജനവിധി പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരാണെന്നും ബി.ജെ.പിക്ക് കേവലഭൂരിപക്ഷം ലഭിക്കാത്തത് പ്രധാനമന്ത്രി മോഡിയുടെ ധാർമിക പരാജയമാണെന്നും കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ പറഞ്ഞു.
ജുഡീഷ്യറി ഉൾപ്പെടെ രാജ്യത്തെ സ്ഥാപനങ്ങൾ പിടിച്ചെടുത്ത ബിജെപിക്കെതിരെയാണ് പ്രതിപക്ഷം പോരാടിയതെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ഭരണഘടനയെ രക്ഷിക്കാനുള്ള പോരാട്ടമായിരുന്നു. സഖ്യകക്ഷികൾക്ക് ഞാൻ നന്ദി പറയുന്നു. ഭരണഘടനയെ സംരക്ഷിക്കുന്നതിനുള്ള ആദ്യ ചുവടുവെപ്പ് ജനം സ്വീകരിച്ചുവെന്നും രാഹുൽ പറഞ്ഞു.
കേന്ദ്രത്തിൽ സർക്കാർ രൂപീകരിക്കാൻ ഇന്ത്യാ സഖ്യം ശ്രമിക്കുമോ എന്ന ചോദ്യത്തിന്, പ്രതിപക്ഷ സഖ്യ നേതാക്കളുടെ യോഗം ഉണ്ടെന്നും അതിന് ശേഷം തുടർനടപടികൾ തീരുമാനിക്കുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. റായ്ബറേലിയിലും വയനാട്ടിലും വിജയിച്ചതിന് ശേഷം ഏത് സീറ്റ് തിരഞ്ഞെടുക്കുമെന്ന ചോദ്യത്തിന് രണ്ട് മണ്ഡലങ്ങളിലെയും ജനങ്ങളുമായി ചർച്ച ചെയ്ത് ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഉത്തർപ്രദേശ് വോട്ടർമാരെ അദ്ദേഹം അഭിനന്ദിച്ചു. “ഉത്തർപ്രദേശ് കി ജനതാ നെ കമാൽ കർ കേ ദിഖാ ദിയ (യുപിയിലെ ജനങ്ങൾ അത്ഭുതങ്ങൾ ചെയ്തു)” എന്ന് കൂട്ടിച്ചേർത്തു.