ന്യൂദൽഹി- ഇന്ത്യാ മുന്നണിയുടെ അതിഗംഭീര പ്രകടനത്തെ സഹായിച്ചത് രാഹുൽ ഗാന്ധിയുടെ ഒറ്റയാൾ പോരാട്ടം. കന്യാകുമാരി മുതൽ കശ്മീർ വരെ നടന്ന് ഇന്ത്യയുടെ ഹൃദയം കീഴടക്കിയാണ് രാഹുൽ ഗാന്ധി ഈ ലോക്സഭ തെരഞ്ഞെടുപ്പിൽ ജനങ്ങളിലേക്ക് ഇറങ്ങിയത്. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിൽനിന്ന് പതുക്കെ പതുക്കെ രാഹുൽ ഗാന്ധിയും കോൺഗ്രസും കരകയറുകയായിരുന്നു.
കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിന് ശേഷം വൻ മാറ്റങ്ങളാണ് ദേശീയ സംസ്ഥാന തലങ്ങളിൽ സംഭവിച്ചത്. കോൺഗ്രസിന്റെ നിരവധി ദേശീയ നേതാക്കൾ പാർട്ടിവിട്ടു. തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തിയ പല സംസ്ഥാനങ്ങളിലും സർക്കാറിനെ കേന്ദ്ര സർക്കാർ അട്ടിമറിച്ചു. അതിന് പുറമെ നേതാക്കൾക്കെതിരെ കേസുകൾ ചുമത്തി. രാഹുൽ ഗാന്ധിയുടെ തന്നെ തെരഞ്ഞെടുപ്പു ഫലം ഒരു ഘട്ടത്തിൽ അസാധുവാക്കി. ഇത്തരത്തിൽ നിരവധി പ്രതിസന്ധികളാണ് കോൺഗ്രസിന് നേരിടേണ്ടി വന്നത്.
ബാങ്ക് എക്കൗണ്ട് മരവിപ്പിച്ച് കോൺഗ്രസിനെ ഒതുക്കാൻ ശ്രമം നടന്നു. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കായി ചെലവിടാനുള്ള തുക പോലും കോൺഗ്രസിന് കണ്ടെത്താനായില്ല. ചില സ്ഥാനാർത്ഥികൾ പണം ലഭിക്കാതെ മത്സരത്തിൽനിന്ന് പിൻമാറി. ഗുജറാത്തിൽ അടക്കം കോൺഗ്രസ് പ്രഖ്യാപിച്ച സ്ഥാനാർത്ഥി അവസാന നിമിഷം പിൻമാറിയത് സൃഷ്ടിച്ച തലവേദന ചെറുതല്ല.
ഇത്തരം പ്രതിസന്ധികൾക്കിടയിൽനിന്നാണ് രാഹുൽ ഗാന്ധി ഒറ്റയാൾ പോരാട്ടം നടത്തി കോൺഗ്രസിനെ തിരികെ എത്തിച്ചത്. ഒന്നാം ഘട്ട തെരഞ്ഞെടുപ്പ് തീരുന്നത് വരെ നിരാശ ബാധിച്ച ഇന്ത്യാ മുന്നണിക്ക് പക്ഷെ പിന്നീട് ലഭിച്ചത് വലിയ ഉണർവ്വായിരുന്നു. യു.പിയിൽ അഖിലേഷ് യാദവുമായുള്ള സഖ്യം പൂർണ്ണമായതോടെ വൻ മുന്നേറ്റം ലഭിച്ചു. രാജ്യത്തുടനീളം വൻ സ്വീകാര്യതയാണ് ഈ തെരഞ്ഞെടുപ്പിൽ രാഹുലിന് ലഭിച്ചത്.
നിരാശയുടെ ഒരു കണിക പോലുമില്ലാതെയാണ് രാഹുൽ ഇന്ത്യാ മുന്നണിക്ക് വേണ്ടി പ്രവർത്തിച്ചത്. എക്സിറ്റ് പോൾ ഫലങ്ങളെല്ലാം എതിരായിട്ടും രാഹുൽ ഇന്ത്യാ മുന്നണിക്ക് 295 സീറ്റുകൾ ലഭിക്കുമെന്ന് ആവർത്തിച്ചു. തെരഞ്ഞെടുപ്പിന്റെ ഫലം പൂർണമായും പുറത്തുവന്നിട്ടില്ലെങ്കിലും ഇന്ത്യാ മുന്നണിയുടെയും കോൺഗ്രസിന്റെയും വിജയഗാഥക്ക് പിന്നിൽ രാഹുൽ ഗാന്ധി എന്ന ഒറ്റയാളുടെ പോരാട്ടവീര്യത്തിന്റെ വിയർപ്പുണ്ട്.