റിയാദ്- കണ്ണീരുവറ്റാത്തൊരു ഉമ്മയുറവയുടെ മുന്നിലായിരുന്നു ഇന്നലെ രാത്രി. കാതങ്ങൾക്കപ്പുറത്ത് ജയിലിൽ ആ ഉമ്മയുടെ മകനുണ്ട്. ഏഴു കടലോളം വലിയ സങ്കടവുമായി എത്തിയ ഫാത്തിമയാണ് ഞങ്ങൾ മാധ്യമപ്രവർത്തകരുടെ മുന്നിലിരിക്കുന്നത്. രണ്ടു പതിറ്റാണ്ടോളമായി ചിരിക്കാൻ മറന്നുപോയൊരു മുഖവുമായി അവർ ഞങ്ങൾക്കരികിലിരുന്നു. വാക്കുകൾക്കിടയിലെല്ലാം സങ്കടത്തിന്റെ കണ്ണീർ നിലയ്ക്കാതെ ഒഴുകുന്നുണ്ടായിരുന്നു.
ജയിലിൽ കഴിയുന്ന തന്റെ മകന്റെ മോചനം മാത്രമാണ് ആഗ്രഹിക്കുന്നതെന്ന് പറയുമ്പോൾ വിതുമ്പലൊടുങ്ങാത്തൊരു മിടിപ്പുണ്ടായിരുന്നു അവരുടെ ചുണ്ടുകളിൽ. റിയാദിൽ ഇന്നലെ നടത്തിയ വാർത്താ സമ്മേളനത്തിലും തുടർന്ന് റഹീം സഹായ സമിതി സംഘടിപ്പിച്ച പരിപാടിയിലും പങ്കെടുക്കുമ്പോഴും അവർ വിതുമ്പിക്കൊണ്ടേയിരുന്നു. റഹീം നിയമസഹായ സമിതിയുമായി ബന്ധപ്പെട്ട് കുടുംബത്തിനുണ്ടായിരുന്ന തെറ്റിദ്ധാരണകളെല്ലാം മാറിയെന്നും ഫാത്തിമയും റഹീമിന്റെ സഹോദരനായ നസീറും ആവർത്തിച്ചു.
സൗദി അറേബ്യയിലെത്തിയിട്ട് പതിനഞ്ചു ദിവസമായെങ്കിലും റിയാദില്‍ റഹീമിന്റെ മോചനത്തിനായി പ്രവര്‍ത്തിക്കുന്ന റഹീം നിയമസഹായസമിതിയെ ഒരിക്കല്‍ മാത്രമാണ് ബന്ധപ്പെടാന്‍ ശ്രമിച്ചതെന്ന് നസീർ പറഞ്ഞു. റഹീം നിയമസഹായ സമിതിയുടെ ചെയര്‍മാന്‍ സി.പി മുസ്തഫയെ വിളിച്ചെങ്കിലും ലഭിച്ചില്ല. പിന്നീട് ബന്ധപ്പെടാന്‍ ശ്രമിച്ചില്ല.
കെ.എം.സി.സി നേതാവ് അശ്‌റഫ് വേങ്ങാട്ട് ആയിരുന്നു 17 വര്‍ഷത്തോളം കേസ് നടത്തിയത്. എല്ലാ രേഖകളും നല്‍കിയിരുന്നു. അവസാനമാണ് രേഖകള്‍ നല്‍കാതെ പോയത്. അതിന് കാരണമായി പറയുന്നത് ഞാന്‍ രേഖകള്‍ പുറത്തുവിട്ടെന്നാണ്. ഞാന്‍ അങ്ങനെ ചെയ്തിട്ടില്ലെന്നും നസീർ പറഞ്ഞു. സൗദിയില്‍ വന്ന് മരിച്ച സൗദി ബാലന്റെ കുടുംബത്തെ കാണാന്‍ നേരത്തെ അബഹയിലെ സാമൂഹിക പ്രവര്‍ത്തകന്‍ അശ്‌റഫ് കുറ്റിച്ചല്‍ വഴി ശ്രമം നടത്തിയെങ്കിലും എംബസി അനുമതി നല്‍കിയില്ല. ഏകദേശം രണ്ടുവര്‍ഷം മുമ്പാണ് കുടുംബത്തെ കാണാൻ ശ്രമിച്ചത്.
ഏറെക്കാലമായി റഹീമിനെ കാണണം എന്നാണ് ഉമ്മ പറഞ്ഞുകൊണ്ടിരുന്നത്. മോചനം ഉടനെയുണ്ടാകുമെന്ന് കരുതിയാണ് യാത്ര നീട്ടിവെച്ചത്. എന്നാൽ കേസ് അനന്തമായി നീണ്ടതോടെ വരാൻ തീരുമാനിക്കുകയായിരുന്നു. തുടക്കത്തിൽ റഹീം കാണാൻ വിസമ്മതിച്ചെങ്കിലും കഴിഞ്ഞ ദിവസം കണ്ടു. തന്റെ ജയിലിലെ അവസ്ഥ ഉമ്മ അറിയാതിരിക്കാനാണ് കാണണ്ട എന്നു റഹീം പറഞ്ഞത്. എങ്കിലും ജയിലിൽ മകനെ കണ്ടതിൽ സന്തോഷമുണ്ടെന്നും എത്രയും വേഗം പുറത്തിറങ്ങി നാട്ടിലെത്താൻ കഴിയട്ടെയെന്നും ഫാത്തിമ പറഞ്ഞു.