- വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്ത് സൗദ് ബിന്‍ മിശ്അല്‍ രാജകുമാരന്‍
ജിദ്ദ – ഇസ്‌ലാമികകാര്യ മന്ത്രാലയം വിശുദ്ധ ഹറമില്‍ സംഘടിപ്പിച്ച നാല്‍പത്തിനാലാമത് കിംഗ് അബ്ദുല്‍ അസീസ് ഇന്റര്‍നാഷണല്‍ ഖുര്‍ആന്‍ മത്സരത്തിന് സമാപനം. പതിമൂന്നു ദിവസം മുമ്പാണ് മത്സരങ്ങള്‍ക്ക് തുടക്കമായത്. ഹറമില്‍ സംഘടിപ്പിച്ച പ്രത്യേക ചടങ്ങില്‍ വെച്ച് വിജയികള്‍ക്ക് മക്ക പ്രവിശ്യ ഡെപ്യൂട്ടി ഗവര്‍ണര്‍ സൗദ് ബിന്‍ മിശ്അല്‍ രാജകുമാരന്‍ ഷീല്‍ഡുകളും ക്യാഷ് പ്രൈസുകളും സമ്മാനിച്ചു. സൗദി ഇസ്‌ലാമിക, ഔഖാഫ്കാര്യ മന്ത്രി ശൈഖ് ഡോ. അബ്ദുല്ലത്തീഫ് ആലുശൈഖ് ചടങ്ങില്‍ സംബന്ധിച്ച. 123 രാജ്യങ്ങളില്‍ നിന്നുള്ള 174 മത്സരാര്‍ഥികളാണ് അഞ്ചു വിഭാഗങ്ങളില്‍ മത്സരിച്ചത്.
പരമ്പരാഗതമായി സ്ഥിരീകരിക്കപ്പെട്ട ഏഴു ശൈലികളില്‍ പാരായണം ചെയ്യാനുള്ള കഴിവോടെ ഖുര്‍ആന്‍ മുഴുവന്‍ മനഃപാഠമാക്കല്‍, ആശയം വ്യാഖ്യാനിക്കാനുള്ള കഴിവോടെ ഖുര്‍ആന്‍ മുഴുവന്‍ മനഃപാഠമാക്കല്‍, തജ്‌വീദ് നിയമങ്ങള്‍ പാലിച്ച് നന്നായി പാരാണം ചെയ്യാനുള്ള കഴിവോടെ ഖുര്‍ആന്‍ മുഴുവന്‍ മനഃപാഠമാക്കല്‍, തുടര്‍ച്ചയായ 15 ജുസ്ഉകള്‍ (ഭാഗങ്ങള്‍) മനഃപാഠമാക്കല്‍, തുടര്‍ച്ചയായ അഞ്ചു ജുസ്ഉകള്‍ മനഃപാഠമാക്കല്‍ എന്നീ അഞ്ചു വിഭാഗങ്ങളിലാണ് മത്സരം നടന്നത്.
ആദ്യ വിഭാഗത്തില്‍ സൗദിയില്‍ നിന്നുള്ള സഅദ് ബിന്‍ ഇബ്രാഹിം ബിന്‍ ഹമദ് അല്‍റുവൈതഅ് ഒന്നാം സ്ഥാനത്തും നൈജീരിയയില്‍ നിന്നുള്ള നാസിര്‍ ഇബ്രാഹിം മുഹമ്മദ് രണ്ടാം സ്ഥാനത്തും ജോര്‍ദാനില്‍ നിന്നുള്ള ദിയാ ത്വലാല്‍ ഫത്ഹി മൂന്നാം സ്ഥാനത്തുമെത്തി. ഇവര്‍ക്ക് യഥാക്രമം അഞ്ചു ലക്ഷം റിയാല്‍, നാലര ലക്ഷം റിയാല്‍, നാലു ലക്ഷം റിയാല്‍ എന്നിങ്ങിനെ ക്യാഷ് പ്രൈസുകള്‍ ലഭിച്ചു. രണ്ടാം വിഭാഗത്തില്‍ സൗദിയില്‍ നിന്നുള്ള ജാബിര്‍ ഹുസൈന്‍ അല്‍മാലികി, നൈജീരിയയില്‍ നിന്നുള്ള അബ്ദുല്ല സാലിസ് സ്വാലിഹ് ഇബ, അള്‍ജീരിയയില്‍ നിന്നുള്ള ബറാഹീമി രിദ്‌വാന്‍ എന്നിവര്‍ ഒന്നു മുതല്‍ മൂന്നു വരെ സ്ഥാനങ്ങളിലെത്തി മൂന്നു ലക്ഷം റിയാല്‍, രണ്ടേമുക്കാല്‍ ലക്ഷം റിയാല്‍, രണ്ടര ലക്ഷം റിയാല്‍ എന്നിങ്ങിനെ ക്യാഷ് പ്രൈസുകള്‍ നേടി.
ബംഗ്ലാദേശില്‍ നിന്നുള്ള അനസ് ബിന്‍ അതീഖ്, ഫിലിപ്പൈന്‍സില്‍ നിന്നുള്ള മസാഹിര്‍ ശുഐബ് ബൈതു, ലിബിയയില്‍ നിന്നുള്ള അനസ് ബിന്‍ ഇബ്രാഹിം മിസ്ബാഹ്, യെമനില്‍ നിന്നുള്ള ഹിശാം സഈദ് ബകൂറ, മാലിയില്‍ നിന്നുള്ള സുലൈമാന്‍ സേല എന്നിവര്‍ മൂന്നാം വിഭാഗത്തില്‍ ഒന്നു മുതല്‍ അഞ്ചു വരെ സ്ഥാനങ്ങള്‍ നേടി. ഇവര്‍ക്ക് 2,00,000 റിയാല്‍, 1,90,000 റിയാല്‍, 1,80,000 റിയാല്‍, 1,70,000 റിയാല്‍, 1,60,000 റിയാല്‍ എന്നിങ്ങിനെ ക്യാഷ് പ്രൈസുകള്‍ ലഭിച്ചു.
നാലാം വിഭാഗത്തില്‍ ബംഗ്ലാദേശില്‍ നിന്നുള്ള മുആദ് മഹ്മൂദ് ആണ് ഒന്നാം സ്ഥാനത്തെത്തിയത്. രണ്ടാം സ്ഥാനത്ത് ഫലസ്തീനില്‍ നിന്നുള്ള അബാദ നൂറുദ്ദീന്‍ സുല്‍ത്താനും മൂന്നാം സ്ഥാനത്ത് ഇന്തോനേഷ്യയില്‍ നിന്നുള്ള അഹ്മദ് ഫര്‍ഹാനും നാലാം സ്ഥാനത്ത് മാലിയില്‍ നിന്നുള്ള മുഹമ്മദ് തൗരിയും അഞ്ചാം സ്ഥാനത്ത് അമേരിക്കയില്‍ നിന്നുള്ള അഹ്മദ് ഫാരിഹും ആണ് എത്തിയത്. ഇവര്‍ക്ക് യഥാക്രമം 1,50,000 റിയാല്‍, 1,40,000 റിയാല്‍, 1,30,000 റിയാല്‍, 1,20,000 റിയാല്‍, 1,10,000 റിയാല്‍ എന്നിങ്ങിനെ ക്യാഷ് പ്രൈസുകള്‍ ലഭിച്ചു. അഞ്ചാം വിഭാഗത്തില്‍ റീയൂനിയന്‍ ദ്വീപില്‍ നിന്നുള്ള ബിലാല്‍ അഹ്മദ് സുലൈമാന്‍ (ക്യാഷ് പ്രൈസ് 65,000 റിയാല്‍), ജര്‍മനിയില്‍ നിന്നുള്ള ഫിനിപ് സാദിഖ് (60,000 റിയാല്‍), ഓസ്‌ട്രേലിയയില്‍ നിന്നുള്ള അലി ഇംറാന്‍ അബ്ദുല്ല (55,000 റിയാല്‍), മ്യാന്മറില്‍ നിന്നുള്ള തോത്ത് മയാത്ത് (50,000 റിയാല്‍) ബോസ്‌നിയയില്‍ നിന്നുള്ള മുഹമ്മദ് മസ്തഫ (45,000 റിയാല്‍) എന്നിവര്‍ യഥാക്രമം ഒന്നു മുതല്‍ അഞ്ചു വരെ സ്ഥാനങ്ങളിലെത്തി. മത്സരത്തില്‍ പങ്കെടുത്തവര്‍ക്കെല്ലാം 5,000 റിയാല്‍ തോതില്‍ ക്യാഷ് പ്രൈസ് വിതരണം ചെയ്തു.
ആധുനിക സൗദി അറേബ്യയുടെ ശില്‍പി അബ്ദുല്‍ അസീസ് രാജാവിന്റെ നാമധേയത്തിലുള്ള അന്താരാഷ്ട്ര ഖുര്‍ആന്‍ മത്സരത്തിന് 47 വര്‍ഷം മുമ്പ് ഹിജ്‌റ 1399 ല്‍ ആണ് തുടക്കമായത്. ഹിജ്‌റ 1397 ല്‍ തുനീഷ്യയില്‍ നടന്ന യോഗത്തിലാണ് അന്താരാഷ്ട്ര ഖുര്‍ആന്‍ മത്സരം സംഘടിപ്പിക്കുകയെന്ന ആശയം ഉയര്‍ന്നുവന്നത്. സൗദി ഹജ്, ഔഖാഫ് മന്ത്രാലയം ഇത് ഏറ്റെടുക്കുകയും മക്കയില്‍ പ്രതിവര്‍ഷം മത്സരം സംഘടിപ്പിക്കാന്‍ രാജാവ് അനുമതി നല്‍കുകയുമായിരുന്നു. ഹിജ്‌റ 1414 ല്‍ ഇസ്‌ലാമിക, ഔഖാഫ് മന്ത്രാലയം സ്ഥാപിച്ചതോടെ മത്സരത്തിന്റെ സംഘാടന ചുമതല ഇസ്‌ലാമിക മന്ത്രാലയത്തിലേക്ക് മാറുകയായിരുന്നു.
വിശുദ്ധ ഖുര്‍ആന്‍ മനഃപാഠമാക്കാനും മനസ്സിലാക്കാനും പാരായണം ചെയ്യാനും പ്രോത്സാഹിപ്പിക്കാനും ലോകത്ത് ഖുര്‍ആന്‍ മനഃപാഠമാക്കിയ ഹാഫിസുമാര്‍ക്കിടയില്‍ മാന്യമായ മത്സരം പ്രോത്സാഹിപ്പിക്കാനും വളര്‍ന്നുവരുന്ന തലമുറയെ വിശുദ്ധ ഖുര്‍ആനുമായി ബന്ധിപ്പിക്കാനും മറ്റുമാണ് കിംഗ് അബ്ദുല്‍ അസീസ് ഇന്റര്‍നാഷണല്‍ ഖുര്‍ആന്‍ മത്സരത്തിലൂടെ ലക്ഷ്യമിടുന്നത്.
ക്യാപ്.
നാല്‍പത്തിനാലാമത് കിംഗ് അബ്ദുല്‍ അസീസ് ഇന്റര്‍നാഷണല്‍ ഖുര്‍ആന്‍ മത്സരത്തിലെ വിജയികള്‍ക്ക് മക്ക പ്രവിശ്യ ഡെപ്യൂട്ടി ഗവര്‍ണര്‍ സൗദ് ബിന്‍ മിശ്അല്‍ രാജകുമാരന്‍ സമ്മാനങ്ങള്‍ വിതരണം ചെയ്യുന്നു. വലത്ത്: വിജയികള്‍ സൗദ് ബിന്‍ മിശ്അല്‍ രാജകുമാരനും സൗദി ഇസ്‌ലാമിക, ഔഖാഫ്കാര്യ മന്ത്രി ശൈഖ് ഡോ. അബ്ദുല്ലത്തീഫ് ആലുശൈഖിനുമൊപ്പം.