തിരുവനന്തപുരം: വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാനുള്ള ക്യൂ.ആർ കോഡ് സംവിധാനം പിൻവലിച്ച് പകരം യു.പി.ഐ ഐഡി ഏർപ്പെടുത്തുന്നു. ഇത് കൈകാര്യം ചെയ്യാൻ ധനസെക്രട്ടറിയുടെ നേതൃത്വത്തിൽ പ്രത്യേക സംവിധാനം ഏർപ്പെടുത്തുമെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു. ദുരുപയോഗ സാധ്യതകൾ ഇല്ലാതാക്കാനാണ് പുതിയ മാറ്റമെന്നും ദുരിതാശ്വാസനിധിയുടെ ഫലപ്രദമായ വിനിയോഗം ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സംഭാവന നൽകുന്നതിനുള്ള ക്യു ആർ കോഡ് പിൻവലിച്ച് പകരം സി.എം.ഡി.ആർ.എഫിന്റെ Donation.cmdrf.kerala.gov.in എന്ന പോർട്ടലിലെ ബാങ്ക് അക്കൗണ്ടുകൾ, യു പി ഐ, ഓൺലൈൻ ബാങ്കിങ്, ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ് എന്നിവ വഴിയോ നേരിട്ടോ പണം സംഭാവന നൽകാം. സംഭാവന നൽകിയതിന്റെ രസീത് പോർട്ടലിൽനിന്ന് ഉടനടി ഡൗൺലോഡ് ചെയ്യാമെന്നും മുഖ്യമന്ത്രി അറിയിച്ചു.
സാഹോദര്യത്തിന്റെയും മാനവികതയുടേയും പതറാത്ത ബോധ്യമാണ് വയനാട്ടിൽ കാണുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിലവിൽ തിരിച്ചറിയാൻ കഴിയാത്ത 67 മൃതദേഹമുണ്ട്. ഈ മൃതദേഹങ്ങൾ പഞ്ചായത്തുകൾ സർവ്വമത പ്രാർത്ഥന നടത്തി സംസ്കരിക്കും. വയനാടിന് വേണ്ടി വലിയ അധ്വാനവും മികച്ച ആസൂത്രണവുമുള്ള പുനരധിവാസം ഒരുക്കും. സുരക്ഷിതമായ മറ്റൊരു പ്രദേശം കണ്ടെത്തി ഒരു ടൗൺഷിപ്പ് നിർമ്മിച്ച് പുനരധിവാസം നടത്തും. വെള്ളാർമല സ്കൂൾ പൂർണ്ണമായും നശിച്ചതിനാൽ ബദൽ സംവിധാനം ഒരുക്കുമെന്നും പറഞ്ഞു.
പ്രകൃതി ദുരന്തങ്ങളുടെ ആവർത്തനം സമീപകാലത്ത് ഉണ്ടാകുന്നുണ്ട്. കാലാവസ്ഥ വ്യതിയാനമാണ് ദുരന്തങ്ങൾക്ക് കാരണം. അതിതീവ്ര മഴ പ്രധാന കാരണമാകുന്നു. അതി തീവ്ര മഴ പലപ്പോഴും മുൻകൂട്ടി പ്രവചിക്കപ്പെടുന്നില്ല. മുന്നറിയിപ്പ് രീതിയിൽ കാലഘട്ടങ്ങൾ അനുസരിച്ച് മാറ്റങ്ങൾ വരുത്തേണ്ടതുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group